ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ഗ്രാന്‍ഡ് പ്രൈസ്; ലഭിച്ചത് ഒന്നും രണ്ടുമല്ല, 57 കോടി രൂപ!
അബുദാബി: യു എ ഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇന്ത്യന്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം എന്നും ഭാഗ്യങ്ങള്‍ സമ്മാനിച്ചിട്ടുള്ള ഒന്നാണ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ചിട്ടുള്ളതും ഇന്ത്യക്കാരാണ്. അതില്‍ തന്നെ മലയാളികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തവണ ഭാഗ്യം കടാക്ഷിച്ചിട്ടുള്ളതും. ഇത്തവണ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ്ടിക്കറ്റില്‍ മലയാളിയെ തേടി എത്തിയിരിക്കുന്നത്.
ബിഗ് ടിക്കറ്റ് സീരീസ് 274 നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് ആണ് തിരുവനന്തപുരം സ്വദേശിയായ താജുദീന്‍ കുഞ്ഞിന് ലഭിച്ചിരിക്കുന്നത്, അതായത് 57.53 കോടി ഇന്ത്യന്‍ രൂപ! താജുദീന്‍ ഏപ്രില്‍ 18 നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിക്കുന്നത്. 306638 എന്ന നമ്പറിലുള്ള ടിക്കറ്റ് ആണ് താജുദീന് ഭാഗ്യം സമ്മാനിക്കുന്നത്. വെള്ളിയാഴ്ച അബുദാബിയില്‍ നടന്ന തത്സമയ നറുക്കെടുപ്പിലാണ് താജുദ്ദീന് സമ്മാനത്തിന് അര്‍ഹനാകുന്നത്.

ലോകമെമ്പാടുമുള്ള ആളുകളുടെ സ്വപ്നങ്ങള്‍ ബിഗ് ടിക്കറ്റ് എങ്ങനെ സാക്ഷാത്കരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് താജുദ്ദീന്റെ വിജയം. അതേസമയം വിജയിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല എന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ രണ്ട് ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ പോലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് അവതാരകരായ റിച്ചാര്‍ഡും ബൗച്രയും പറഞ്ഞു.
ഒടുവില്‍ ഒരു കോള്‍ കണക്റ്റായപ്പോള്‍, നിമിഷങ്ങള്‍ക്കുള്ളില്‍ അത് വിച്ഛേദിക്കപ്പെട്ടു. ഷോയ്ക്ക് ശേഷവും സന്തോഷവാര്‍ത്ത പങ്കിടാന്‍ കുഞ്ഞുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമെന്ന് അവതാരകര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം 15 മില്യണ്‍ ദിര്‍ഹം നേടിയ ഗ്രാന്‍ഡ് പ്രൈസ് ജേതാവായ രാജേഷ് മുള്ളങ്കില്‍ ആയിരുന്നു ഇത്തവണ നറുക്കെടുപ്പ് നിര്‍വഹിച്ചത്. രാജേഷ് മുള്ളങ്കിലും മലയാളിയാണ്.
ജാക്ക്പോട്ടിനൊപ്പം, മറ്റ് നാല് ഭാഗ്യശാലികളായ അബ്ദുള്‍ മന്നന്‍, അക്ലൈന്‍ വെരിറ്റ, മീന കോശി, സൈഫുദ്ദീന്‍ കൂനാരി എന്നിവരെ ബിഗ് വിന്‍ മത്സരത്തിലൂടെ തിരഞ്ഞെടുക്കുകയും തത്സമയ നറുക്കെടുപ്പിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തരും ക്യാഷ് പ്രൈസുകള്‍ നേടി. അതേസമയം ബിഗ് ടിക്കറ്റ് വിജയം ജീവിതം മാറ്റിമറിച്ചു എന്ന് രാജേഷ് നറുക്കെടുപ്പിന് ശേഷം പറഞ്ഞു.
33 വര്‍ഷമായി ഒമാനില്‍ താമസിക്കുന്ന 45 കാരനായ രാജേഷ് ടെക്‌നീഷ്യന്‍ ആണ്. ശനിയാഴ്ച നടന്ന മെയ് മാസത്തെ നറുക്കെടുപ്പിനായി ബിഗ് ടിക്കറ്റ് ഷോയില്‍ എത്തിയപ്പോള്‍ വളരെ ആഹ്ലാദഭരിതനായിരുന്നു രാജേഷ്. ഷോ അവതാരകരായ റിച്ചാര്‍ഡും ബൗച്രയും അദ്ദേഹത്തോട് കഴിഞ്ഞ മാസം എന്തുകൊണ്ടാണ് അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാത്തതെന്ന് ചോദിച്ചു.
അത് എന്താണ് എന്ന് അറിയില്ല എന്നും നെറ്റ്വര്‍ക്ക് പ്രശ്നമായിരിക്കാം എന്നുമാണ് രാജേഷ് പറഞ്ഞത്. 21 പേര്‍ക്കൊപ്പമായിരുന്നു രാജേഷ് അന്ന് ടിക്കറ്റ് എടുത്തത്. ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് ഇതുവരെ ഒരു പദ്ധതിയുമില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എന്നാലും, ജാക്ക്‌പോട്ട് നിരവധി ജീവിതങ്ങളെ മാറ്റിമറിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'നമ്മളെല്ലാവരും താഴ്ന്ന, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍, നമ്മുടെ കുടുംബങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചില ചാരിറ്റി പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റില്‍ എല്ലാവരും ഭാഗ്യം പരീക്ഷിക്കണം എന്നും ഭാഗ്യവാന്‍മാര്‍ ഒരു ദിവസം വിജയിക്കും എന്നും രാജേഷ് വെള്ളിലപുള്ളിത്തൊടി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 3 ന് നടക്കാനിരിക്കുന്ന റാഫിള്‍ നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹത്തിന്റെ വമ്പന്‍ സമ്മാനത്തുക ആരായിരിക്കും എന്ന് അറിയാനായിരിക്കും ഇനി എല്ലാവരുടേയും കാത്തിരിപ്പ്. അതേസമയം ഏപ്രില്‍ മുഴുവന്‍ ആഴ്ച തോറുമുള്ള ഇ-നറുക്കെടുപ്പുകള്‍ ബിഗ് ടിക്കറ്റ് നടത്തി,യിരുന്നു. തുടര്‍ച്ചയായ പ്രമോഷനുകളുടെ ഭാഗമായി ഇതിലെ അഞ്ച് വിജയികള്‍ക്ക് 150,000 ദിര്‍ഹം വീതം നല്‍കുതയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications