ഇതാണ് ഭാഗ്യവാന്‍!! ഒരു ദിവസം രണ്ട് ലോട്ടറി, ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണം, അജിമോന്‍ സൂപ്പര്‍
ദുബായ്: ഒരു ദിവസം രണ്ട് ക്യാഷ് പ്രൈസ് ലഭിക്കുക, ദിവസങ്ങള്‍ക്ക് മുമ്പ് സ്വര്‍ണ സമ്മാനം കിട്ടിയ വ്യക്തിക്ക് തന്നെ വീണ്ടും സമ്മാനം കിട്ടുക എന്നൊക്കെ പറഞ്ഞാല്‍ ആ വ്യക്തി വെറും ഭാഗ്യവാനല്ല, മഹാ ഭാഗ്യവാനായിരിക്കണം. അങ്ങനെ ഒരു വ്യക്തിയെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന മലയാളിയായ അജിമോന്‍ കൊച്ചുമാന്‍ ആണ് ഈ ഭാഗ്യവാന്‍.
ഈ ആഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റില്‍ ഒരു ദിവസം രണ്ട് ക്യാഷ് പ്രൈസ് ആണ് അജിമോന് കിട്ടിയത്. ബിഗ് ടിക്കറ്റില്‍ നിന്നുതന്നെ ജൂണ്‍ മൂന്നിന് സ്വര്‍ണ സമ്മാനവും ലഭിച്ചിരുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അജിമോന്‍ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇത്തവണ ആറാം സമ്മാനം ലഭിക്കുകയും ചെയ്തു. ഇതുവഴി 40000 ദിര്‍ഹമാണ് അദ്ദേഹത്തിന് കിട്ടിയത്.

ഷോ തുടങ്ങുന്നതിന് മുമ്പ് ഓഡിയന്‍സ് അംഗങ്ങളായി പങ്കെടുക്കുന്നവര്‍ക്ക് ഒരു നമ്പര്‍ രേഖപ്പെടുത്തിയുള്ള റിസ്റ്റ്ബാന്‍ഡ് നല്‍കും. ഷോ കഴിഞ്ഞാലാണ് ഭാഗ്യ പരീക്ഷണം. വിജയിക്കുന്ന വ്യക്തിക്ക് 10000 ദിര്‍ഹം ലഭിക്കും. 'വലിയ സന്തോഷത്തിലാണ് ഞാന്‍, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഒരുപാട് ആളുകളുടെ മുന്നിലാണ് എന്റെ പേര് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ വഴി ആയിരങ്ങളാണ് ഇത് കാണുന്നത്'- കൊല്ലം സ്വദേശിയായ 39കാരന്‍ അജിമോന്‍ പറയുന്നു.
ഞാനും സുഹൃത്തുക്കളും ഒരുമിച്ചാണ് ഷോയില്‍ പങ്കെടുത്തത്. ആറാമത്തെ വിജയിയായി എന്റെ പേര് വിളിച്ച ഘട്ടത്തില്‍ ഞാന്‍ അവിടെയുണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടു. പക്ഷേ, ഫോണ്‍ സൈലന്റിലായിരുന്നു. തിരിച്ചുവിളിച്ചപ്പോഴാണ് 30000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം കിട്ടിയെന്ന് അറിഞ്ഞതെന്നും അജിമോന്‍ പറഞ്ഞു. ആറാം സമ്മാനവും ഓഡിയന്‍സ് വിന്നറുമായ സന്തോഷത്തിലാണ് മൂന്ന് മക്കളുടെ അച്ഛനായ അജിമോന്‍.
കഴിഞ്ഞ മൂന്ന് മാസമായി അജിമോന്‍ അബുദാബി വിമാനത്താവളത്തിലെ ഷോയില്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ മാസമാണ് 500 ദിര്‍ഹത്തിന്റെ സ്വര്‍ണം സമ്മാനമായി കിട്ടിയത്. ബിഗ് ടിക്കറ്റിന് പുറമെ ചെറിയ ഒരുപിടി സമ്മാനങ്ങളുമുണ്ട്. ഫോണ്‍, സമ്മാനക്കൂപ്പണ്‍ തുടങ്ങി ഒട്ടേറെ സമ്മാനങ്ങള്‍ ലഭിക്കുന്നവരും നിരവധിയാണ്. സമ്മാനത്തുക എന്തു ചെയ്യുമെന്ന് അജിമോന്‍ ഖലീജ് ടൈംസിനോട് വിശദീകരിച്ചു.
ടിക്കറ്റുകള്‍ എടുക്കുന്നതിന് സുഹൃത്തുക്കളും പണം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഒറ്റയ്ക്കാണ് ടിക്കറ്റെടുത്തത്. വിജയിക്കുകയും ചെയ്തു. വരും മാസങ്ങളിലും ടിക്കറ്റെടുക്കും. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കാറ്ററിങ് ബിസിനസ് വിപുലീകരിക്കാനാണ് അജിമോന്റെ ആഗ്രഹം. വൈകാതെ ഒന്നാം സമ്മാനം കിട്ടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.












Click it and Unblock the Notifications