ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിത്തിളക്കം; ഒരു മില്യണ്‍ ദിര്‍ഹം പ്രവാസി മലയാളിക്ക്
അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടിയെ ഭാഗ്യദേവതയുടെ കടാക്ഷം. ബിഗ് ടിക്കറ്റിന്റെ ജനുവരിയിലെ അവസാനത്തെ മില്യണയര്‍ പ്രതിവാര ഇ-ഡ്രോയില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസിക്കാണ് സമ്മാനം ലഭിച്ചത്. ഒരു മില്യണ്‍ ദിര്‍ഹം ഖത്തറില്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മലയാളി കൂടിയായ അജിത് കുമാറിനാണ് ലഭിച്ചത്.
അജിത് കുമാര്‍ കഴിഞ്ഞ 20 വര്‍ഷമായി ഖത്തറിലാണ് താമസം. 53 കാരനായ അജിത് കുമാര്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. പരസ്യങ്ങളിലൂടെയാണ് അജിത് കുമാര്‍ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയിരുന്നത്.

എന്നാല്‍ ഇത്തവണ ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റിനാണ് സമ്മാനം തേടിയെത്തിയിരിക്കുന്നത്. 2.2 കോടിയോളം രൂപയാണ് അജിത് കുമാറിന്റെ കൈയിലെത്തുന്നത്. ''ഞാന്‍ വിജയിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് വളരെ അതിശയകരമായി തോന്നുന്നു,' അജിത് കുമാര്‍ പറഞ്ഞു. സമ്മാനം നേടിയത് അറിയിച്ചുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ തട്ടിപ്പാണെന്നാണ് ആദ്യം കരുതിയത് എന്നും അദ്ദേഹം പറഞ്ഞു.
വിജയം ഉറപ്പിക്കാന്‍ താന്‍ ഉടന്‍ തന്നെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു എന്നും സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ അക്കാര്യം മറ്റുള്ളവരോട് പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കാനും മാതാപിതാക്കളെ സഹായിക്കാനുമാണ് ഉപയോഗിക്കുക എന്നും ഇനിയും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും ഭാഗ്യം പരീക്ഷിക്കുന്നത് തുടരണം എന്നും നല്ല സമയം എപ്പോള്‍ വരുമെന്ന് പറയാനാകില്ല എന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ ഒരു ഭാഗ്യശാലിക്ക് 20 ദശലക്ഷം ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് നേടാനുള്ള അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്. ഇതിന് പുറമേ പ്രതിവാര ഇ-ഡ്രോയില്‍ 250,000 ദിര്‍ഹം നേടാനുള്ള അവസരമുണ്ട്. എല്ലാ ആഴ്ചയും രണ്ട് ഭാഗ്യശാലികളെ തിരഞ്ഞെടുക്കും.
പ്രഖ്യാപനം രാവിലെ 11 മണിക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ടിക് ടോക് അക്കൗണ്ടില്‍ തത്സമയം അവതരിപ്പിക്കും. ബിഗ് ടിക്കറ്റിന്റെ യൂട്യൂബ് ചാനലിലും സമ്മാനഫലം പോസ്റ്റ് ചെയ്യും. ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാണ്.












Click it and Unblock the Notifications