ഗാസ പുനർനിർമ്മിക്കാന്‍ ഞങ്ങള്‍ തയ്യാറെന്ന് യുഎഇ കോടീശ്വരന്‍: ആരാണ് ഖലഫ് അഹമ്മദ് അൽ ഹബ്തൂർ
ഗാസ പുനർനിർമ്മാണ പദ്ധതിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തുറന്ന കത്തെഴുതി യു എ ഇയിലെ കോടീശ്വരനും അൽ ഹബ്തൂർ ഗ്രൂപ്പിന്റെ ചെയർമാനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂർ. ഇസ്രായേലിന്റെ രണ്ട് വർഷത്തെ ആക്രമണം ഗാസയെ തിരിച്ചറിയാൻ കഴിയാത്തതാക്കി മാറ്റി, സമാധാനകാലത്ത് മുഴുവൻ നഗരങ്ങളും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ഗാസ സമാധാന കരാറിനായി ട്രംപ് ഈജിപ്തിൽ എത്തിയപ്പോൾ പുറത്തുവിട്ട കത്തിൽ ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന് ട്രംപ് കാണിച്ച താല്‍പര്യത്തെ അഭിനന്ദിച്ച അൽ ഹബ്തൂർ, "സമാധാനം ഒരു തന്ത്രപരമായ തിരഞ്ഞെടുപ്പാണെന്ന" ട്രംപിന്റെ നിലപാടിനെ പ്രസംസിക്കുകയും ചെയ്തു. "ഗാസയ്ക്ക് ഇന്ന് ആവശ്യം മുദ്രാവാക്യങ്ങളല്ല, ഒരു ജീവിത പദ്ധതിയാണ്. പ്രസംഗങ്ങളല്ല, പ്രവർത്തനമാണ് വേണ്ടത്," അദ്ദേഹം പറഞ്ഞു.

യു എ ഇയിലെ ബിസിനസ് ഗ്രൂപ്പുകൾക്ക് ഗാസയുടെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകാൻ ആകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 1970-ൽ യുഎഇയിൽ സ്ഥാപിതമായ അൽ ഹബ്തൂർ ഗ്രൂപ്പ്, യുഎസ്, യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വമ്പന്‍ കമ്പനിയാണ്. പാം ജുമൈറയിലെ വാൾഡോർഫ് അസ്റ്റോറിയ, വി ഹോട്ടൽ, മിത്സുബിഷി, ബെന്റ്ലി, ബുഗാട്ടി തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥത ഉൾപ്പെടെ, സങ്കീർണമായ പ്രോജക്ടുകൾ കാര്യക്ഷമമായി പൂർത്തീകരിച്ച മികച്ച ചരിത്രവും കമ്പനിക്കുണ്ട്.
അൽ ഹബ്തൂർ ഗ്രൂപ്പിന്റെ എൻജിനീയറിംഗ് വിഭാഗവും ഗവേഷണ കേന്ദ്രവും ചേർന്ന് തയ്യാറാക്കിയ പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കത്തില്‍ സൂചിപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ..
പാർപ്പിട നിർമ്മാണം
ആദ്യ ഘട്ടത്തിൽ, ഗാസയിലെ തകർന്ന പ്രദേശങ്ങളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുതിയ നിർമ്മാണത്തിന് വഴിയൊരുക്കും. താത്കാലിക പാർപ്പിടം, വൈദ്യുതി, വെള്ളം, ശുചിത്വം, താത്കാലിക മെഡിക്കൽ സേവനങ്ങൾ എന്നിവ ഈ ഘട്ടത്തിൽ ഒരുക്കും. തുടർന്ന് റോഡുകളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കും.
- ഘട്ടം 1 (0-15 മാസം): 5,000 കെട്ടിടങ്ങളിൽ 50,000 പാർപ്പിട യൂണിറ്റുകൾ.
- ഘട്ടം 2 (6 മാസം ഓവർലാപ്പിംഗ്): 50,000 യൂണിറ്റുകൾ കൂടി.
- ഘട്ടം 3: മറ്റൊരു 50,000 യൂണിറ്റുകൾ. മൂന്ന് വർഷത്തിനുള്ളിൽ 1,50,000 പാർപ്പിട യൂണിറ്റുകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
തൊഴിൽ അവസരങ്ങൾ
രണ്ടാം ഘട്ടം സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകുന്നു. വ്യവസായ മേഖലകളും വാണിജ്യ കേന്ദ്രങ്ങളും സ്ഥാപിച്ച് ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.
നീതിയുക്തമായ ഭരണം
മൂന്നാം ഘട്ടം, ഗാസയിലെ ജനങ്ങൾക്ക് രാഷ്ട്രീയ ഇടപെടലുകളോ അഴിമതിയോ ഇല്ലാതെ വിഭവങ്ങൾ ലഭ്യമാകുന്ന ഒരു ഭരണ ചട്ടക്കൂട് ഉറപ്പാക്കും. പുനർനിർമ്മാണം ജനങ്ങൾക്ക് വേണ്ടിയാകണമെന്നും വിഭാഗീയ അജണ്ടകൾക്ക് വേണ്ടിയല്ലെന്നും അൽ ഹബ്തൂർ ഊന്നിപ്പറഞ്ഞു.
"അൽ ഹബ്തൂർ ഗ്രൂപ്പ് ഈ ദൗത്യത്തിന് തയ്യാറാണ്. ഞങ്ങളുടെ മികവിന്റെ ചരിത്രം, കാര്യക്ഷമത, ദീർഘവീക്ഷണം എന്നിവ ഉപയോഗിച്ച് ഗാസയെ വേഗത്തിൽ, അന്തസ്സോടെ, ദർശനപരമായി പുനർനിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയും. പുനർനിർമ്മിച്ച ഗാസ, തലമുറകളോളം സ്ഥിരതയുടെയും സമൃദ്ധിയുടെയും മാതൃകയാകും," അൽ ഹബ്തൂർ കത്തിൽ വ്യക്തമാക്കി. പദ്ധതിയുടെ പുതുക്കിയ പതിപ്പ് ഉടൻ പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു. അറബ്-അന്താരാഷ്ട്ര സഹകരണത്തോടെ ഗാസയുടെ പുനർനിർമ്മാണം ദശകങ്ങൾ എടുക്കേണ്ട ഒന്നല്ലെന്നും, ചുരുങ്ങിയ സമയത്തിനുള്ളിൽ സാധ്യമാകുമെന്നും അൽ ഹബ്തൂർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications