ഇത് തകർക്കും; പുതുവത്സരത്തെ വരവേല്‍ക്കാന്‍ 53 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർഡ് വെടിക്കെട്ടുമായി യുഎഇ
ദുബായ്: പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി യു എ ഇ. രാജ്യം 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ പുതുവത്സരം കടന്നുവരുന്നത് എന്നതിനാല്‍ 53 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് ഒരുക്കിയാണ് ആഘോഷത്തിന്റെ പൊലിമയേറ്റുന്നത്. അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ലോക റെക്കോർഡ് ലക്ഷ്യമിട്ടുള്ള യു എ ഇയിലെ ഏറ്റവും ദൈർഘ്യമേറിയ വെടിക്കെട്ട്.
ഏകദേശം ഒരുമണിക്കൂർ നീളമുള്ള കരിമരുന്ന് പ്രയോഗം മാത്രമല്ല, ആറായിരം ഡ്രോണുകള്‍ അണിനിരക്കുന്ന ഷോയും അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ ഒരു ലക്ഷം ബലൂണുകളും ആകാശത്തേക്ക് പറത്തി വിടും. ഇതും പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചേക്കും. 50 ദിർഹത്തിന്റെ ടിക്കറ്റ് എടുക്കുന്നവർക്കായിരിക്കും പ്രവേശനം.

വൈകുന്നേരം ആറ് മണിക്ക് തന്നെ വെടിക്കെട്ട് ആരംഭിക്കും. ഓരോ മണിക്കൂർ ഇടവേളകളില്‍ നടക്കുന്ന വെടിക്കെട്ട് 12 മണിയാകുന്നതോടെ ഇടതടവില്ലാതെ 53 മിനിറ്റ് അഗ്നിപുഷ്പങ്ങൾ വിരിയിച്ച് പുതുവത്സരത്തെ വരവേൽക്കും. ഇതോടൊപ്പം തന്നെ കലാവിരുന്നുകള്‍ 12 മണിക്കൂറോളം നീണ്ട് നില്‍ക്കും. തിരക്ക് ഉണ്ടാവുന്നതിനാല്‍ വളരെ നേരത്തെ തന്നെ ആളുകളോട് എത്തിച്ചേരാന്‍ ഫെസ്റ്റിവല്‍ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
3000 ഡ്രോണുകൾ അണിനിരന്ന് ആകാശത്ത് "Happy New Year" എന്ന് എഴുതും. പുതുവത്സര രാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്കുള്ള ഗേറ്റുകൾ ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും, അതേസമയം വേദി പൂർണ്ണ ശേഷിയിൽ എത്തിയാല്‍ എൻട്രികളൊന്നും അനുവദിക്കില്ലെന്നും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും കമ്മറ്റി സന്ദർശകരോട് അഭ്യർത്ഥിച്ചു.
ഫെസ്റ്റിവൽ ഗ്രൗണ്ടിന് പുറത്തുള്ള വലിയ സ്ക്രീനുകളിലും പുതുവത്സര ആഘോഷങ്ങൾ പ്രക്ഷേപണം ചെയ്യും. സമ്പന്നവും വിനോദപ്രദവുമായ അനുഭവം പ്രദാനം ചെയ്യുന്നതോടൊപ്പം രാഷ്ട്രങ്ങൾക്കിടയിൽ സാംസ്കാരികവും കലാപരവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുകയെന്ന കാഴ്ചപ്പാടാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും ഫെസ്റ്റിവല്‍ കമ്മിറ്റി വ്യക്തമാക്കി.
ദുബായ് ഗ്ലോബൽ വില്ലേജും വിപുലമായ രീതിയില്‍ പുതുവത്സരം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടൊപ്പം തന്നെ വെടിക്കെട്ടും ഉണ്ടാകും. ഏഴ് ഡ്രോണ്‍ ഷോകളുടെ പ്രദർശനം രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ചെ 1 മണിക്ക് അവസാനിക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളില്‍ : ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ പ്രത്യേക പ്രകടനത്തോടൊപ്പമായിരിക്കും വെടിക്കെട്ട്. അതേസമയം, ദുബായ് മെട്രോയുടെ പ്രവർത്തന സമയം ഡിസംബർ 31 ന് രാവിലെ 5 മുതൽ ജനുവരി 1 അവസാനം വരെ ആയിരിക്കും.












Click it and Unblock the Notifications