സ്വർണത്തില്‍ ഇന്ത്യക്ക് പഠിക്കുന്ന യുഎഇ: വന്‍തോതില്‍ വാങ്ങിക്കൂട്ടി യുഎഇ സെന്‍ട്രല്‍ ബാങ്ക്
സ്വർണ ശേഖരത്തില്‍ യു എ ഇയും ഇന്ത്യയുടെ പാതയില്‍. യു എ ഇ സെന്‍ട്രല്‍ ബാങ്ക് 2025-ന്റെ ആദ്യ പാദത്തിൽ സ്വർണ ശേഖരം 19.3% വർധിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്ക്. ഇതോടെ ആകെ സ്വർണ ശേഖരത്തിന്റെ മൂല്യം 27.425 ബില്യൺ ദിർഹം (7.46 ബില്യൺ ഡോളർ) ആയി ഉയർന്നു. 2024 ഡിസംബറിൽ 22.981 ബില്യൺ ദിർഹമായിരുന്ന സ്വർണ ശേഖരത്തിൽ 4.444 ബില്യൺ ദിർഹം കൂട്ടിച്ചേർത്താണ് ഈ നേട്ടത്തിലേക്ക് എത്തിയത്.
ലോകത്തിലെ പല പ്രധാന സെന്‍ട്രല്‍ ബാങ്കുകളും അടുത്തിടെയായി സ്വർണ ശേഖരം വലിയ തോതില്‍ വർധിപ്പിക്കുന്നുണ്ട്. അർ ബി ഐയുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്‍റെ കൈവശമുള്ള സ്വര്‍ണ ശേഖരം 879.58 ടണ്ണായി ഉയര്‍ന്നു. ഇതോടെ മൊത്തം വിദേശ നാണയ ശേഖരത്തിലെ സ്വര്‍ണത്തിന്‍റെ അളവ് 12 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം മൊത്തം ശേഖരത്തിന്‍റെ 8.3 ശതമാനമായിരുന്നു സ്വര്‍ണം. ഇത്രയൊന്നും ഇല്ലെങ്കിലും യു എ ഇ സെന്‍ട്രല്‍ ബാങ്കും സ്വർണ ശേഖരം വർധിപ്പിക്കുന്നതിന് വലിയ പ്രധാന്യമാണ് കൊടുക്കുന്നുന്നത്.

യു എ ഇ സെൻട്രൽ ബാങ്കിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ പ്രകാരം ഡിമാൻഡ് ഡെപ്പോസിറ്റ് ബാലൻസുകളും വളർച്ച രേഖപ്പെടുത്തി. 2024 ഡിസംബറിലെ 1.109 ട്രില്യൺ ദിർഹത്തിൽ നിന്ന് 2025 മാർച്ച് അവസാനത്തോടെ 1.147 ട്രില്യൺ ദിർഹമായിട്ടാണ് വളർച്ച്. 856.062 ബില്യൺ ദിർഹം പ്രാദേശിക കറൻസിയിലും 291.116 ബില്യൺ ദിർഹം വിദേശ കറൻസികളിലുമാണ് ഡിമാൻഡ് ഡെപ്പോസിറ്റുകൾ.
സേവിംഗ്സ് ഡെപ്പോസിറ്റുകൾ 2024 ഡിസംബറിലെ 317.48 ബില്യൺ ദിർഹത്തിൽ നിന്ന് 2025 മാർച്ചിൽ 338.788 ബില്യൺ ദിർഹമായും വർധിച്ചു. ഇതിൽ 268.97 ബില്യൺ ദിർഹം പ്രാദേശിക കറൻസിയിലും 51.817 ബില്യൺ ദിർഹം വിദേശ കറൻസികളിലുമാണ്. ടൈം ഡെപ്പോസിറ്റുകൾ 2025 മാർച്ച് അവസാനത്തോടെ 991.757 ബില്യൺ ദിർഹമായതാണ് മറ്റൊരു പ്രധാന നേട്ടം. ഇതിൽ 614.854 ബില്യൺ ദിർഹം പ്രാദേശിക കറൻസിയിലും 376.9 ബില്യൺ ദിർഹം വിദേശ കറൻസികളിലുമാണ്.
സെൻട്രൽ ബാങ്കിന്റെ ബാങ്കിംഗ് പ്രവർത്തന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, യുഎഇ ഫണ്ട്സ് ട്രാൻസ്ഫർ സിസ്റ്റം (UAEFTS) വഴി ആദ്യ പാദത്തിൽ 5.449 ട്രില്യൺ ദിർഹത്തിന്റെ ഇടപാടുകൾ നടന്നു. ഇതിൽ 3.331 ട്രില്യൺ ദിർഹം ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫറുകളും 2.118 ട്രില്യൺ ദിർഹം ഉപഭോക്തൃ ട്രാൻസ്ഫറുകളുമാണെന്നും കണക്കുകള്‍ പറയുന്നു.
ചെക്ക് ക്ലിയറൻസിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ 2025-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 351.359 ബില്യൺ ദിർഹത്തിന്റെ 5.615 മില്യൺ ചെക്കുകൾ ചെക്ക് ഇമേജ് ക്ലിയറിംഗ് സിസ്റ്റം വഴി പ്രോസസ്സ് ചെയ്തു. മാർച്ചിൽ മാത്രം 116.712 ബില്യൺ ദിർഹത്തിന്റെ 1.83 മില്യൺ ചെക്കുകൾ കൈകാര്യം ചെയ്തു. ആദ്യ പാദത്തിൽ സെൻട്രൽ ബാങ്കിൽ നിന്ന് 63.887 ബില്യൺ ദിർഹം പിൻവലിച്ചപ്പോൾ, 47.124 ബില്യൺ ദിർഹമാണ് നിക്ഷേപമായി ലഭിച്ചത്.












Click it and Unblock the Notifications