യുഎഇ സമ്മതിച്ചു; നെതന്യാഹു അബുദാബിയില്‍ വന്നു, ശൈഖ് മുഹമ്മദുമായി ചര്‍ച്ച ചെയ്തത് ഇതാണ്
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അബുദാബി സന്ദര്‍ശിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് യുഎഇ. കഴിഞ്ഞ ദിവസം അദ്ദേഹം വരികയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങളും ചര്‍ച്ചയായി.
നെതന്യാഹു യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന് ഇസ്രായേലി മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ചാനല്‍ 12 ആണ് വിവരം പുറത്തുവിട്ടത്. പിന്നീട് മറ്റു ഇസ്രായേലി മാധ്യമങ്ങളും വാര്‍ത്ത നല്‍കി. വാം ഏജന്‍സി വിവരം ശരിവെച്ചതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമായി. ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നെതന്യാഹുവിന്റെ യുഎഇ സന്ദര്‍ശനം എന്നതാണ് എടുത്തു പറയേണ്ടത്.

യുഎഇയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം ഇസ്രായേലിലുണ്ട്. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണം സംബന്ധിച്ച് യുഎഇ പ്രസിഡന്റ് നെതന്യാഹുവിനെ അറിയിച്ചു എന്നാണ് ഹാരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലില്‍ 1195 പേരും പലസ്തീനില്‍ 74000 പേരും കൊല്ലപ്പെട്ട സംഭവത്തിലേക്ക് നയിച്ച ആക്രമണമായിരുന്നു ഇത്. വിവരം ലഭിച്ചിട്ടും നെതന്യാഹു മൗനം അവലംബിച്ചത് ഭരണത്തില്‍ തുടരാനുള്ള തന്ത്രമായിരുന്നു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വാര്‍ത്ത വന്നിരിക്കുന്നത് എന്ന് നെതന്യാഹു ആരോപിച്ചു. ഹാരറ്റ്‌സ് പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ഇസ്രായേലില്‍ നടന്ന അഭിപ്രായ സര്‍വെയില്‍ നെതന്യാഹുവിന് ജനപ്രീതി കുറഞ്ഞു എന്നാണ് വിവരം. മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ടിന് പിന്തുണയേറി എന്ന് സര്‍വെകള്‍ വ്യക്തമാക്കുന്നു.
ഹമാസ് ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ യുഎഇ പ്രതികരിച്ചിട്ടില്ല. യുഎഇയും ഇസ്രായേലും തമ്മില്‍ 2020 മുതല്‍ സൗഹൃദം ശക്തമാണ്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. തൊട്ടുപിന്നാലെ ബഹ്‌റൈനും ബന്ധം സ്ഥാപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് യുഎഇയും ഇസ്രായേലും അബ്രഹാം കരാര്‍ ഒപ്പുവെച്ചത്. അതിന് ശേഷം വ്യാപാര-പ്രതിരോധ സഹകരണം ശക്തമാണ്.
ഇറാന്റെ ആക്രമണത്തില്‍ നിന്ന് യുഎഇയെ രക്ഷപ്പെടുത്താന്‍ ഇസ്രായേല്‍ അയണ്‍ ഡോം നല്‍കി എന്ന് ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബീ കഴിഞ്ഞ മെയില്‍ പറഞ്ഞിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ബാറ്ററിയും സൈനികരെയും യുഎഇക്ക് നല്‍കി എന്നാണ് ഹക്കബി പറഞ്ഞത്. ഇക്കാര്യത്തില്‍ ഇസ്രായേലോ യുഎഇയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications
