യുഎഇ പ്രവാസികള്‍ ഹാപ്പി; ശമ്പളം കിട്ടുന്ന വേളയില്‍ തന്നെ അത് സംഭവിച്ചു, ഇനിയും ലാഭം കൂടിയേക്കും
ദുബായ്: പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ്. ഈ മാസം അഞ്ചിനും പത്തിനുമെല്ലാം ശമ്പളം ലഭിക്കുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യം കൂടും. അതായത്, അവര്‍ കഴിഞ്ഞ മാസം അയച്ച അതേ തുകയാണ് ഈ മാസവും അയക്കുന്നതെങ്കിലും മൂല്യത്തില്‍ വ്യത്യാസമുണ്ടാകും.
ഡോളര്‍ കരുത്ത് കൂടിയതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത്. ഏറെ നാളായി കുത്തനെ ഇടിഞ്ഞു കിടന്നിരുന്ന ഡോളര്‍ രണ്ടു ദിവസമായി മുന്നേറുകയാണ്. അതുകൊണ്ടുതന്നെ മറ്റു കറന്‍സികളെല്ലാം മൂല്യമിടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യവും കുറഞ്ഞു. ഒരുപക്ഷേ, വരും ദിവസങ്ങളിലും രൂപയുടെ മൂല്യം കൂടുതല്‍ ഇടിഞ്ഞേക്കും.

ഡോളര്‍ സൂചിക ഇപ്പോള്‍ 99.33 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപയും ഡോളറും തമ്മിലുള്ള വ്യത്യാസം 85.90 ആയി. ആഴ്ചകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ രൂപ ഇത്രയും ഇടിയുന്നത്. കഴിഞ്ഞ ദിവസം യുഎഇ ദിര്‍ഹവും രൂപയും തമ്മിലുള്ള വിനിമയ മൂല്യം 23.22 ആയിരന്നു എങ്കില്‍ ഇന്ന് 23.32 ആയിട്ടുണ്ട് എന്ന് ഗള്‍ഫ് ന്യൂസ് എക്‌സ്‌ചേഞ്ച് റേറ്റ് പട്ടികയില്‍ വ്യക്തമാക്കുന്നു.
പ്രവാസികള്‍ക്കുള്ള നേട്ടം ഇങ്ങനെ
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ആഭ്യന്തരമായി തിരിച്ചടിയാണ്. അവശ്യ വസ്തുക്കളുടെ വില ഉയരും. എന്നാല്‍ ബാങ്ക് വായ്പ തിരിച്ചടവ്, സര്‍ക്കാര്‍ ഓഫീസുകളിലെ ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ല. അത്തരം നേട്ടങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കും. സാധാരണ അയക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം അവര്‍ക്ക് ഈ വേളയില്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഭവന-വാഹന വായ്പ എടുത്ത പ്രവാസികള്‍ക്ക് തിരിച്ചടവ് എളുപ്പമാകും.
ഓഹരി വിപണികളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തത് രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല, ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യന്‍ രൂപ വിദേശത്തേക്ക് കൂടുതല്‍ പോകുന്നതിന് കാരണമായി. വിദേശ നിക്ഷേപകര്‍ ഓഹരി വിറ്റു പോകുന്നതും രൂപയുടെ കരുത്ത് കുറയാന്‍ ഇടയാക്കുന്നു. ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നത് എന്നതും എടുത്തു പറയണം.
റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കും
ഇന്ന് മുതല്‍ റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം ചേരുകയാണ്. വെള്ളിയാഴ്ച പണനയം പരസ്യപ്പെടുത്തും. പലിശ നിരക്കില്‍ നേരിയ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ബേസിസ് പോയന്റ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനം എന്ന നിരക്കിലേക്ക് എത്തും. ഇത് വായ്പ എടുത്തവര്‍ക്കും മറ്റും വലിയ ആശ്വാസമാകും.
അതേസമയം, കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72720 രൂപയും ഗ്രാമിന് 9090 രൂപയുമാണ്. യുഎഇയില്‍ ഇന്ന് ഗ്രാം നിരക്ക് 374.50 ദിര്‍ഹമാണ്. 24 കാരറ്റിന് 404.50 ദിര്‍ഹവും 18 കാരറ്റ് ഗ്രാമിന് 307.75 ദിര്‍ഹവുമാണ് ഇന്നത്തെ വില. ഡോളര്‍ കരുത്ത് കൂട്ടുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications