ശമ്പളം കൂടിയില്ല, വരുമാനം കൂടി; പ്രവാസികള്‍ക്ക് ലോട്ടറി, ഇനിയും നാട്ടിലേക്ക് പണം അയക്കാതെ ചിലര്‍
ദുബായ്: ശമ്പളം കൂടാതെ വരുമാനം കൂടിയതോടെ വ്യത്യസ്തമായ ലോട്ടറി അടിച്ചിരിക്കുകയാണ് പ്രവാസികള്‍ക്ക്. ഇന്ത്യന്‍ രൂപയുടെ മൂല്യം വന്‍തോതില്‍ കുറഞ്ഞതാണ് പ്രവാസികള്‍ക്ക് നേട്ടമായിരിക്കുന്നത്. മിക്ക പ്രവാസികള്‍ക്കും ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണ് രൂപയുടെ നിരക്ക് കുറഞ്ഞിരിക്കുന്നതും. ഇതോടെ അവര്‍ക്ക് ഇരട്ടി മധുരമായി. ചിലര്‍ ശമ്പളം നാട്ടിലേക്ക് അയക്കാതെ വച്ചിരിക്കുകയാണത്രെ. ഇനിയും രൂപ ഇടിയുമെന്ന് കരുതിയാണിത്.
ഡോളറുമായുള്ള വ്യാപാരത്തില്‍ രൂപ ഇന്ന് രാവിലെ വലിയ തകര്‍ച്ചയാണ് നേരിട്ടത്. 87.95 രൂപ വരെ ഇടിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന വ്യാപാര യുദ്ധമാണ് എല്ലാം തകിടം മറിച്ചിരിക്കുന്നത്. അലുമിനിയം, സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്കുകൂടി ഇറക്കുമതി തീരുവ കൂട്ടാന്‍ ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മറ്റു രാജ്യങ്ങളും ഈ സമീപനം സ്വീകരിച്ചേക്കും...

ദിര്‍ഹവുമായുള്ള രൂപയുടെ വ്യത്യാസം 23.96 വരെ എത്തി. നേരത്തെ 23.86 ആയിരുന്നു. രാവിലെ 9.40ന് 23.95ലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ആഴ്ച ഡോളര്‍ രൂപ വ്യത്യാസം 87.58 വരെ ആയിരുന്നു. ഇന്ന് വ്യാപാരം തുടങ്ങിയ വേളയില്‍ തന്നെ രൂപ വന്‍ ഇടിവ് നേരിട്ടു. വരും ദിവസങ്ങളില്‍ 88 കടന്ന് രൂപ വന്‍ വീഴ്ച നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡോളര്‍ സൂചിക നേരിയ തോതില്‍ മുന്നേറ്റം തുടരുകയാണ്. ഇത് തുടര്‍ന്നാല്‍ ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ കറന്‍സികളെല്ലാം വലിയ ഇടിവ് നേരിടും. അവസരം നോക്കി നിന്ന പ്രവാസികള്‍ നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കുന്നുണ്ട്. റമദാന്‍ പ്രമാണിച്ച് പ്രവാസികള്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുമെന്നാണ് ജിസിസിയിലെ മണി എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ പറയുന്നത്.
അതേസമയം, ജിസിസിയിലെ വിവിധ രാജ്യങ്ങളിലുള്ള ബാങ്കുകള്‍ ഡിജിറ്റല്‍ പണമിടപാട് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പണം അയക്കുന്നവര്‍ക്ക് ചില ഇളവുകളും നല്‍കുന്നു. ഇതോടെ കൂടുതല്‍ നിരക്ക് ചിലര്‍ വാഗ്ദാനം ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 1000 ദിര്‍ഹം നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് 22000 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 24000 രൂപയ്ക്ക് അടുത്ത് കിട്ടും.
രൂപ മൂല്യം കുറഞ്ഞതോടെ നേട്ടം കൊയ്യാന്‍ മൂന്ന് തരത്തിലുള്ള രീതികളാണ് പ്രവാസികളില്‍ കാണുന്നത്. ചിലര്‍ കിട്ടിയ പണം നാട്ടിലേക്ക് അയക്കുന്നു, ചിലര്‍ മറ്റുള്ളവരില്‍ നിന്ന് കൂടി കടം വാങ്ങി നാട്ടിലേക്ക് പണം അയക്കുന്നു. മറ്റു ചിലര്‍ ഇനിയും രൂപ ഇടിയുമെന്ന് കരുതി പണം നാട്ടിലേക്ക് അയക്കാതെ കാത്തിരിക്കുന്നു. കൈവിട്ട കളികള്‍ക്ക് പ്രവാസികള്‍ മുതിരരുത് എന്നാണ് വിപണി നിരീക്ഷകരുടെ ഉപദേശം.
നാട്ടില്‍ അവശ്യ വസ്തുക്കളുടെ വില കൂടുന്നതിനാല്‍ പ്രവാസികള്‍ക്ക് വലിയ നേട്ടം കിട്ടില്ല. എന്നാല്‍ വായ്പ തിരിച്ചടവ് പോലുള്ള കാര്യങ്ങളില്‍ നേട്ടം കൊയ്യാന്‍ സാധിക്കും. രൂപ നിരക്ക് കുറയുമ്പോള്‍ റിസര്‍വ് ബാങ്ക് ഇടപെടുകയും മൂല്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ഒരു നടപടിയും ഫലം കാണുന്നില്ല എന്നാണ് രൂപയുടെ നിരക്ക് മാറ്റം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications