യുഎഇ പ്രവാസികള്‍ പിന്നോട്ട്; ലാഭ കാലം കഴിഞ്ഞു, വിപണിയില്‍ അപ്രതീക്ഷ മാറ്റം, പണം വരവ് കുറയും
ദുബായ്: ഇന്ത്യന്‍ രൂപ കരുത്താര്‍ജിച്ചത് പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക മോഹത്തിന് തിരിച്ചടിയായി. രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞ വേളയില്‍ നാട്ടിലേക്ക് പണമയച്ച് കൂടുതല്‍ ലാഭം കൊയ്തിരുന്നു പ്രവാസികള്‍. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി രൂപ മുന്നേറുകയാണ്. അതുകൊണ്ടുതന്നെ ദിര്‍ഹം-രൂപ തമ്മിലുള്ള വിടവ് കുറഞ്ഞു.
തിങ്കളാഴ്ച രൂപയുടെ മൂല്യം 91.53 ആയിരുന്നു. ചൊവ്വാഴ്ച ഇത് 90.29ലേക്ക് ഉയര്‍ന്നു. ഇതോടെയാണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതില്‍ ലഭിക്കുന്ന അധിക ലാഭം കുറഞ്ഞത്. എന്നാല്‍ ഇന്ന് രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. 90.45 എന്ന നിരക്കിലാണ് ഇന്ന് രൂപയുള്ളത്. യുഎഇയിലെ പ്രവാസികള്‍ കറന്‍സി മൂല്യത്തിലെ മാറ്റം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പണം അയക്കുന്നത് അല്‍പ്പം വൈകിപ്പിക്കാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 92 എന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഈ വേളയില്‍ ദിര്‍ഹം രൂപ മൂല്യവ്യത്യാസം 24.9 എന്ന നിരക്കിലേക്കുമെത്തി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ദിര്‍ഹത്തിന് 25 രൂപ എന്ന നിരക്കിലേക്ക് വന്നത്. എന്നാല്‍ ഈ ആഴ്ച ചിത്രം മാറി. 24.5 എന്ന നിരക്കിലാണ് രൂപ-ദിര്‍ഹത്തിന്റെ ഇപ്പോഴത്തെ മൂല്യം.
രൂപയുടെ മൂല്യം ഉയരുന്നത് എന്തുകൊണ്ട്?
രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണമായത് അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കമായിരുന്നു. ഇതോടെ ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും ചെലവേറിയതായി എന്നതായിരുന്നു മാറ്റം. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തി എന്ന വാര്‍ത്തകള്‍ വന്നു. ഇരുരാജ്യങ്ങളിലെയും നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെയാണ് രൂപയുടെ മൂല്യം ശക്തിപ്പെട്ടത്.
അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി വീണ്ടും 25 ശതമാനം അധിക ചുങ്കം ചുമത്തി. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് അയക്കുന്നതിന് 50 ശതമാനം ചുങ്കം കൊടുക്കേണ്ട സാഹചര്യമുണ്ടായി. ചര്‍ച്ചകള്‍ വിജയിക്കുകയും വ്യാപാര കരാറിന് സന്നദ്ധമാകുകയും ചെയ്തതോടെ ചുങ്കം 18 ശതമാനമാക്കി അമേരിക്ക കുറച്ചു.
മാത്രമല്ല, റഷ്യയുടെ ക്രൂഡ് ഓയില്‍ വെട്ടിക്കുറയ്ക്കുന്നതിന് പകരമായി വെനസ്വേലയുടെ എണ്ണ വാങ്ങാനുള്ള അവസരം ഇന്ത്യയ്ക്ക് മുമ്പിലുണ്ടായി. റഷ്യയുടെ എണ്ണയ്ക്ക് നല്‍കിയിരുന്ന വിലയ്ക്ക് തന്നെയാണോ വെനസ്വേലയില്‍ നിന്ന് എണ്ണ കിട്ടുക എന്ന ചോദ്യം ബാക്കിയാണ്. ഇന്ത്യയുടെ വ്യാപാര കമ്മി കുറയുകയും വിദേശ നിക്ഷേപം ഉയരുകയും ചെയ്താല്‍ രൂപയുടെ മൂല്യം ഉയരും.
രൂപ മൂല്യം ഉയര്‍ന്നാല്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അധികമായ ലാഭം കിട്ടില്ല. അതേസമയം, ആഭ്യന്തരമായി വിലക്കയറ്റം കുറയാന്‍ സഹായിക്കും. വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിക്കാന്‍ പോകുകയാണ്. പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ല എന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നു എണ്ണ വാങ്ങാനും സ്വാതന്ത്ര്യമുണ്ട് എന്നാണ് റഷ്യ പുതിയ മാറ്റങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications