യുഎഇ ദിര്‍ഹം കൈയ്യിലുണ്ടോ? രൂപ മൂല്യം കുറഞ്ഞു, പക്ഷേ, അടവ് മാറ്റി പ്രവാസികള്‍, തിരക്കില്ല
ദുബായ്: പ്രവാസികള്‍ക്ക് നേട്ടം കൊയ്യാന്‍ അവസരം നല്‍കി രൂപയുടെ മൂല്യം ഇടിയുന്നു. ഡോളര്‍ മൂല്യം അല്‍പ്പം മെച്ചപ്പെട്ടതോടെയാണ് രൂപ ഇടിഞ്ഞത്. നാട്ടിലേക്ക് പണം അയക്കുന്ന വേളയില്‍ തന്നെ രൂപ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് അവസരമാണ്. എന്നാല്‍ പഴയ പോലെ രൂപ മൂല്യം കുറയുമ്പോള്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ വലിയ തിരക്കില്ല എന്നതാണ് എടുത്തു പറയേണ്ടത്.
രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി കുറവ് വരുന്നതാണ് പ്രവാസികളുടെ ആവേശം കുറച്ചത്. ഈ വര്‍ഷം തുടക്കത്തില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 82-83 നിരക്കിലായിരുന്നു. ഇപ്പോള്‍ 88ലെത്തി. ഇനിയും രൂപ താഴുമെന്ന് കരുതുന്നവരാണ് പ്രവാസികളില്‍ ഏറെയും. അതേസമയം, ആര്‍ബിഐ നടത്തുന്ന പുതിയ നീക്കം രൂപയ്ക്ക് ജീവന്‍ വയ്ക്കാന്‍ വഴിയൊരുക്കിയേക്കും...

ദിര്‍ഹവും രൂപയും തമ്മിലുള്ള മൂല്യ വ്യത്യാസം 24.06 ആണ് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് കാര്യമായ മാറ്റം വന്നിട്ടില്ല. രൂപ മൂല്യം കുറയുന്ന വേളയില്‍ പ്രവാസികള്‍ പണം നാട്ടിലേക്ക് അയക്കുമ്പോള്‍ കൂടുതല്‍ തുക കൈയ്യില്‍ കിട്ടും. നാട്ടിലെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അത് സഹായിക്കും. മാത്രമല്ല, ബാങ്ക് വായ്പ തിരിച്ചടവ് ഉള്ളവര്‍ക്കും ഇത് നേട്ടമാകും.
കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറയുകയാണ്. അതുകൊണ്ടുതന്നെയാണ് പ്രവാസികള്‍ക്കിടയില്‍ ആവേശം കുറഞ്ഞതും. നേരത്തെ മൂല്യം കുറയുന്ന വേളയില്‍ കടംവാങ്ങി നാട്ടിലേക്ക് പണം അയക്കുന്നവര്‍ പോലുമുണ്ടായിരുന്നു. എന്നാല്‍ ഇനിയും മൂല്യം കുറയുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ പ്രവാസികള്‍ പങ്കുവയ്ക്കുന്നത്.
ആര്‍ബിഐ നീക്കം ഇങ്ങനെ
ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്ര വല്‍ക്കരിക്കാനുള്ള നീക്കമാണ് ആര്‍ബിഐ നടത്തുന്നത്. അതിര്‍ത്തി രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്നത് പ്രവാസികള്‍ക്ക് രൂപയില്‍ വായ്പ അനുവദിക്കാനാണ് തീരുമാനം. എല്ലാ ബാങ്കുകളില്‍ നിന്നും ഇത്തരം വായ്പകള്‍ ലഭിക്കില്ല. പ്രത്യേകം നിര്‍ദേശിക്കപ്പെട്ട ബാങ്കുകളില്‍ നിന്നാകും വായ്പ ലഭിക്കുക. തിരിച്ചടയ്‌ക്കേണ്ടതും രൂപയില്‍ തന്നെയായിരിക്കും.
വിദേശ രാജ്യങ്ങളിലും രൂപയിലുള്ള വിനിമയം സജീവമാക്കുകയാണ് ലക്ഷ്യം. ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ബിസിനസുകാര്‍ക്ക് രൂപയില്‍ വായ്പ ലഭിക്കും. ഇതിന്റെ മൂല്യം നിശ്ചയിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചു. മാത്രമല്ല, ചില രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ അനുവദിക്കുന്നതിനും ധാരണയായിട്ടുണ്ട്.
എന്നാല്‍ ഏത് വിദേശ കറന്‍സി അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിക്കുക എന്നതാണ് പ്രധാനം. യുഎഇ ദിര്‍ഹം, ഇന്തോനേഷ്യന്‍ റുപിയ എന്നിവയെല്ലാം പരിഗണനയിലുണ്ട്. ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാകുന്ന നീക്കം കൂടിയാണിത്. പ്രാദേശിക കറന്‍സികളില്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഇടപാട് നടത്തുന്നതിനെയും ഇന്ത്യ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. യുഎഇയുമായി ഇത്തരം ധാരണ നേരത്തെയുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications