പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ദുബായ്; നഗരത്തില്‍ ഇനി ഡ്രൈവറില്ലാ ടാക്‌സികള്‍
ദുബായ്: പൊതുഗതാഗത രംഗത്ത് വമ്പന്‍ മാറ്റത്തിനൊരുങ്ങി ദുബായ്. ഡ്രൈവറില്ലാ ടാക്‌സികള്‍ നഗരത്തില്‍ വ്യാപിപ്പിക്കാനാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ശ്രമം. ജുമൈറ 1 ല്‍ ഷെവര്‍ലെ ബോള്‍ട്ട് അധിഷ്ഠിത ഡ്രൈവറില്ലാ ടാക്‌സിയുടെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ്. യു എസ് സെല്‍ഫ് ഡ്രൈവിംഗ് ടെക് കമ്പനിയായ ക്രൂയിസിന് ദുബായില്‍ ഓട്ടോണമസ് വാഹനങ്ങള്‍ ട്രയല്‍ ചെയ്യാനുള്ള ആദ്യ പെര്‍മിറ്റ് നല്‍കിയതിന് പിന്നാലെയാണ് പരീക്ഷണം.
സ്റ്റിയറിംഗ് വീലിന് പിന്നില്‍ ഒരു സെക്യൂരിറ്റി ഡ്രൈവര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഭാവിയില്‍ ദുബായില്‍ ഓട്ടോണമസ് ടാക്സി, ഇ-ഹെയ്ലിംഗ് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്രൂയിസുമായി ആര്‍ടിഎയ്ക്ക് പങ്കാളിത്ത കരാറുണ്ട്. പരീക്ഷണം വിജയിച്ചാല്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വ്യാപിപ്പിക്കും എന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Image Credit: RTA/Twitter
ഫെബ്രുവരി മുതല്‍ ക്രൂയിസ് യു എസില്‍ ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. ക്രൂയിസ് 24 മണിക്കൂറും റോബോ-ടാക്സി സേവനങ്ങള്‍ നടത്തുന്ന സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആര്‍ടിഎയുടെ സാങ്കേതിക സംഘം അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. ഡ്രൈവറില്ലാ ടാക്‌സിയുടെ സാങ്കേതികവിദ്യയിലുള്ള വിശ്വാസം പരിശോധിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.
അത്യാധുനിക ക്യാമറ, സെന്‍സര്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്. മുന്നിലും പിന്നിലും വശങ്ങളിലുമുള്ള മാര്‍ഗതടസം കണ്ട് സ്വയം പ്രവര്‍ത്തിക്കാനും പ്രതിരോധിക്കാവനും ഇവയ്ക്ക് സാധിക്കും. വിവിധ മേഖലകളില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ വ്യാപിപ്പിച്ച് കൂടുതല്‍ സ്മാര്‍ട്ടാകാനാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറെടുക്കുന്നത്.
ദുബായിലെ താമസക്കാരുടെയും വിനോദ സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും ക്ഷേമവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വിദേശ നിക്ഷേപം ഇതുവഴി ആകര്‍ഷിക്കാനാകുമെന്നും ദുബായ് കരുതുന്നു. അബുദാബിയില്‍ മാസങ്ങളായി സ്വയം നിയന്ത്രിത വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
പൊതുഗതാഗത രംഗത്തെ 25% വാഹനങ്ങള്‍ സ്വയം നിയന്ത്രിത വാഹനങ്ങളാക്കി മാറ്റണമെന്ന വൈസ് പ്രസിഡന്റും യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണം സാക്ഷാത്കരിക്കുന്നതിനാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ശ്രമം.












Click it and Unblock the Notifications