പെരുന്നാൾ അവധി; പ്രവാസികൾക്ക് 9 ദിവസം വരെ വീട്ടിലിരിക്കാം, ഇങ്ങനെ പ്ലാൻ ചെയ്യൂ!
യുഎഇയിൽ വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കമായതോടെ വിശ്വാസികൾ ആത്മീയമായ ദിനചര്യകളിലേക്ക് കടന്നു കഴിഞ്ഞു. ഫെബ്രുവരി 18-ന് വ്രതം ആരംഭിച്ചതോടെ നഗരങ്ങളിൽ റമസാൻ ശാന്തത നിറയുമ്പോഴും പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി ദിനങ്ങളെക്കുറിച്ചറിയാനാണ്.
അവധി ദിനങ്ങൾ ഇങ്ങനെ
യുഎഇയുടെ ഔദ്യോഗിക പൊതുഅവധി കലണ്ടർ പ്രകാരം ശവ്വാൽ 1 മുതൽ 3 വരെയാണ് പെരുന്നാൾ അവധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണത്തെ കലണ്ടർ പ്രകാരം ഇത് മാർച്ച് 20 മുതൽ 22 വരെയാകാനാണ് കൂടുതൽ സാധ്യത. എന്നാൽ, മാർച്ച് 18-ന് (റമസാൻ 29) ചന്ദ്രക്കല ദൃശ്യമാകുന്നതിനനുസരിച്ചായിരിക്കും പെരുന്നാൾ എന്ന് തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
4 ദിവസത്തെ അവധി: മാർച്ച് 18-ന് ചന്ദ്രക്കല ദൃശ്യമായാൽ വ്യാഴാഴ്ച (മാർച്ച് 19) പെരുന്നാൾ ആരംഭിക്കും. അങ്ങനെയെങ്കിൽ വ്യാഴം മുതൽ ഞായർ വരെയുള്ള നാല് ദിവസം താമസക്കാർക്ക് അവധി ലഭിക്കും.
3 ദിവസത്തെ അവധി: ഇനി ചന്ദ്രക്കല ദൃശ്യമാകാതെ വരികയും റമസാൻ 30 പൂർത്തിയാവുകയും ചെയ്താൽ, പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കും തുടങ്ങുക. അപ്പോൾ വെള്ളി മുതൽ ഞായർ വരെ മൂന്ന് ദിവസമായിരിക്കും ഔദ്യോഗിക അവധി.

9 ദിവസം നീണ്ട അവധി എങ്ങനെ ആഘോഷിക്കാം?
നീണ്ട അവധി പ്ലാൻ ചെയ്യുന്നവർക്ക് ഒരു 'സ്മാർട്ട്' വഴി ഇതിലുണ്ട്. മാർച്ച് 16 (തിങ്കൾ) മുതൽ മാർച്ച് 19 (വ്യാഴം) വരെയുള്ള നാല് ദിവസങ്ങൾ വാർഷിക അവധി (Annual Leave) എടുത്താൽ, തൊട്ടുമുൻപത്തെ വാരാന്ത്യം (മാർച്ച് 14, 15 - ശനി, ഞായർ) കൂടി ചേർത്ത് ആകെ 9 ദിവസത്തെ തുടർച്ചയായ അവധി ആസ്വദിക്കാൻ സാധിക്കും. നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത് വലിയൊരു അവസരമാണ്. അതുകൊണ്ടുതന്നെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിന് മുൻപ് തന്നെ പലരും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
പെരുന്നാളിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും യുഎഇയിലെ വിപണികൾ ഇപ്പോൾ തന്നെ സജീവമാണ്. തുന്നൽ കടകളിലും റെഡിമെയ്ഡ് വസ്ത്രശാലകളിലും പെരുന്നാൾ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും പെരുന്നാൾ വരവേൽക്കാനുള്ള പ്രത്യേക ഓഫറുകളുമായി ഒരുങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications