യുഎഇ പ്രവാസികള്‍ ശ്രദ്ധിക്കുക: പാസ്പോർട്ടിന്റെ പേരും പറഞ്ഞ് മെസേജ് വരും, പിന്നാലെ പണവും പോകും
ദുബായ്: കേരളത്തിലായാലും യു എ ഇയിലും ഓണ്‍ലൈന്‍ രംഗത്ത് തട്ടിപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. യു എ ഇയില്‍ പാസ്പോർട്ടുമായി ബന്ധപ്പെട്ടുകൊണ്ടാണ് പുതിയ തട്ടിപ്പ് സജീവമായിരിക്കുന്നത്. നിങ്ങളുടെ പാസ്‌പോര്‍ട്ട് ജി ഡി ആര്‍ എഫ് എ റദ്ദ് ചെയ്തതായും അതിനാല്‍ നിങ്ങള്‍ക്ക് യുഎഇ വിട്ട് പോകാന്‍ പറ്റില്ലെന്നും പറഞ്ഞ് ഫോണിലേക്ക് എത്തുന്ന മെസേജോടെയാണ് തട്ടിപ്പിന്റെ തുടക്കം.
ഇത്തരം തട്ടിപ്പ് വ്യാപകമായതോടെ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) അധികൃതര്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. മെസേജിനോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി സ്വകാര്യ വിവരങ്ങള്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ 50,000 ദിര്‍ഹം ഫൈന്‍ ലഭിക്കുമെന്നും സന്ദേശത്തിനൊപ്പമുണ്ടാകും.

"നിങ്ങളുടെ പാസ്‌പോർട്ട് ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഇതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് പുറത്തുപോകാൻ നിങ്ങൾക്ക് അനുവാദമുണ്ടാകില്ല. നിങ്ങളുടെ വിലാസവും മറ്റ് വിവരങ്ങളും ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ നല്‍കു. ഇതിന് തയ്യാറാകത്ത വ്യക്തികൾ 50000 ദിർഹം പിഴ അടക്കേണ്ടി വരികയും രാജ്യം വിടുന്നത് വിലക്കുകയും ചെയ്യും." എന്ന രീതിയിലാണ് മെസേജുകള്‍ വരുന്നത്.
എത്യോപ്യ (251), നൈജീരിയ (234) എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിൽ നിന്നാണ് ഇത്തരം മെസേജുകള്‍ വരുന്നത്. തട്ടിപ്പിന് പിന്നില്‍ വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത്തരം തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) രംഗത്ത് വന്നു. അംഗീകൃത ചാനലുകളിലൂടെയോ സ്മാര്‍ട്ട് സര്‍വ്വീസ് പ്ലാറ്റ്‌ഫോമുകളിലൂടെയോ മാത്രമേ ജി ഡി ആര്‍ എഫ് എഐസിപി സേവനങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കുന്നു.
"സംശയാസ്‌പദമായ ടെക്‌സ്‌റ്റ് സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും കരുതലോടെ മുന്നോട്ട് പോകണമെന്നും ഞങ്ങൾ എല്ലാ ക്ലയൻ്റുകളോടും അഭ്യർത്ഥിക്കുന്നു. നിരവധി പേര്‍ക്ക് ഇതുമൂലം പണം നഷ്ടപ്പെടുന്നുമുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അപരിചിതര്‍ക്ക് ഫോണ്‍ വഴിയോ സന്ദേശങ്ങള്‍ വഴിയോ സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നും സംശയം തോന്നുന്ന മെയിലുകള്‍ക്ക് ഒരിക്കലും മറുപടി നല്‍കരുതെന്നും തിരിച്ചറിയാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്" ജി ഡി ആര്‍ എഫ് എ വ്യക്തമാക്കി.












Click it and Unblock the Notifications