യുഎഇ പ്രവാസികള്‍ക്ക് രണ്ട് നേട്ടം; രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു, ഇനിയും കുറയുമെന്ന് സൂചന
ദുബായ്: പ്രവാസികളുടെ അധ്വാനത്തിന് മൂല്യം കൂടുന്ന സമയമാണിപ്പോള്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് വലിയ അവസരമാണ്. വരുംദിവസങ്ങളിലും രൂപ മൂല്യം കുറഞ്ഞേക്കാം എന്നാണ് സൂചന. യുഎഇ ദിര്‍ഹം ഉള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം ഉയര്‍ന്നു. ശമ്പളം ലഭിച്ചെങ്കിലും പല പ്രവാസികളും രൂപയുടെ മൂല്യം താഴുമോ എന്ന് കാത്തിരിക്കുകയാണ്.
അമേരിക്കന്‍ ഡോളര്‍ നേരിയ തോതില്‍ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ വലിയ തോതിലുള്ള മുന്നേറ്റം നടത്തുന്നുമില്ല. ഡോളര്‍ സൂചിക 98.90 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 85.65 ആണ്. ഡോളര്‍ കരുത്ത് കൂടിയാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയും. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. എന്നാല്‍ പൊടുന്നനെ രൂപ മൂല്യമിടിയാനുണ്ടായ കാരണം മറ്റൊന്നാണ്...

യുഎഇ ദിര്‍ഹവും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് 23.3 ദിര്‍ഹമായിട്ടുണ്ട്. ജൂണ്‍ അഞ്ചിന് 23.4 ആയിയിരുന്നു. രണ്ട് മാസത്തെ ഏറ്റവും ഇടിവിലായിരുന്നു അന്ന് രൂപ. റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ വരുത്തിയ മാറ്റമാണ് രൂപയുടെ മൂല്യം പെട്ടെന്ന് ഇടിയാന്‍ കാരണം. 5.50 ശതമാനമാക്കിയാണ് റിപ്പോ നിരക്ക് കുറച്ചത്. ഇന്ത്യയില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
പ്രവാസികള്‍ക്ക് രണ്ട് നേട്ടം
എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഈ തീരുമാനം രൂപയുടെ മൂല്യം കുറയാന്‍ കാരണമായി. നിക്ഷേപകര്‍ക്ക് രൂപയിലുള്ള ആകര്‍ഷണം കുറയുന്നതിനാലാണിത്. ഇന്ത്യയിലെ ഭവന-വാഹന വായ്പ എടുത്തവര്‍ക്ക് നേട്ടമാണ് പലിശ നിരക്ക് കുറയ്ക്കല്‍. എന്നാല്‍ രൂപയുടെ മൂല്യം ഇടിയുന്നതോടെ പ്രവാസികള്‍ക്ക് ഇരട്ടി മധുരമായി. കാരണം പ്രവാസികള്‍ വായ്പ എടുത്തവരാണെങ്കില്‍ പലിശ കുറയും. വിദേശത്ത് നിന്ന് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം കിട്ടുകയും ചെയ്യും.
പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന വേളയില്‍ തന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് എടുത്തു പറയേണ്ട കാര്യമാണ്. വിദേശത്ത് നിന്ന് വന്‍തോതില്‍ പണമാണ് ഈ വേളയില്‍ രാജ്യത്തേക്ക് വന്നത്. ഇനിയും രൂപയുടെ മൂല്യം കുറയുമോ എന്നാണ് പ്രവാസികള്‍ക്ക് അറിയേണ്ടത്. കുറയാനും കൂടാനും സാധ്യതയുണ്ട്. രൂപയുടെ നില മെച്ചപ്പെടുത്താന്‍ ആര്‍ബിഐ കടുത്ത നടപടി എടുത്താല്‍ മൂല്യം ഉയരും.
മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാലും രൂപയുടെ മൂല്യം കൂടും. അമേരിക്കയില്‍ തൊഴില്‍ ഡാറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച നിലയിലാണ് അമേരിക്കയിലെ ജോലി നിരക്ക്. ഇത് അമേരിക്കയുടെ ഡോളറിന്റെ മൂല്യം കൂട്ടി. ഇനിയും ഡോളര്‍ മൂല്യം കൂടിയാല്‍ രൂപ ഇടിയും.
ഒരുപക്ഷേ, പ്രവാസികള്‍ അല്‍പ്പം കൂടി കാത്തിരുന്നാള്‍ ഇനിയും നേട്ടം കൊയ്യാന്‍ അവസരം ഒരുങ്ങും. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടുക, രൂപയെ മെച്ചപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് കടുത്ത നടപടികള്‍ എടുക്കാതിരിക്കുക എന്നിവ സംഭവിച്ചാല്‍ രൂപ ഇനിയും ഇടിയും. ഈ വേളയില്‍ പ്രവാസികള്‍ക്ക് നേട്ടം കൊയ്യാം. പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് ആര്‍ബിഐ സൂചിപ്പിച്ചതും ഭാവിയില്‍ രൂപയുടെ മൂല്യം ഇടിയുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.












Click it and Unblock the Notifications