Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇനിയും കുതിക്കാൻ യുഎഇ, 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപം

ബഹിരാകാശ പര്യവേക്ഷണ രംഗത്തും സാങ്കേതിക വിദ്യയിലും ആഗോളതലത്തില്‍ ഇനിയും കുതിക്കാനൊരുങ്ങുകയാണ് യുഎഇ. ഈ മേഖലകളിൽ മുന്‍നിരയിലെത്താന്‍ നാഷണല്‍ സ്‌പേസ് സ്ട്രാറ്റജി 2031-ന്റെ (ദേശീയ ബഹിരാകാശ നയം) ഭാഗമായി 44 ബില്യണ്‍ ദിര്‍ഹത്തിലധികം രൂപയുടെ വൻ നിക്ഷേപമാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാ ദൗത്യം വ്യാപിപ്പിക്കുക, ഛിന്നഗ്രഹ മേഖലയില്‍ പര്യവേക്ഷണം നടത്തുക, ബഹിരാകാശ സാമ്പത്തിക രംഗത്ത് ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎഇ സ്​പേസ് ഏജൻസി ഡയറക്ടർ ജനറൽ സലേം അൽ ഖുബൈസി പറഞ്ഞു.

ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സ്വദേശി പ്രതിഭകളുടെ വികസനവുമാണ് രാജ്യം ലക്ഷ്യമിടുന്നത്. ബഹിരാകാശ മേഖലയില്‍ നിന്നുള്ള ദേശീയ വരുമാനം 2031-ഓടെ ഇരട്ടിയാക്കാനാണ് യുഎഇയുടെ പദ്ധതി. ഈ രംഗത്തെ സാമ്പത്തിക സംഭാവനകളില്‍ 60 ശതമാനം വര്‍ധനവ് വരുത്താനും നിലവില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ആലോചനയുണ്ട്. ഇതിനായി പ്രാദേശിക-അന്തര്‍ദേശീയ കമ്പനികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന 'നാഷണല്‍ സ്‌പേസ് ഇന്‍ഡസ്ട്രീസ് പ്രോഗ്രാം' ഉടന്‍ ആരംഭിക്കും.

astronaut-1

ആഗോള ബഹിരാകാശ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ 'സ്‌പേസ് സിറ്റ്വേഷനല്‍ അവര്‍നസ് എക്‌സ്പര്‍ട്ട് ഗ്രൂപ്പ്' രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് യുഎഇ ആണെന്നതും ശ്രദ്ധേയമാണ്. ഇത് ആഗോളതലത്തില്‍ രാജ്യത്തിന്റെ നയതന്ത്ര-ശാസ്ത്രീയ മുന്‍തൂക്കം വര്‍ധിപ്പിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

യുഎഇയുടെ അഭിമാന ചൊവ്വാ ദൗത്യമായ 'ഹോപ്പ് പ്രോബ്' ശാസ്ത്രീയ വിജയങ്ങളുടെ പശ്ചാത്തലത്തില്‍ 2028 വരെ നീട്ടിയതാണ് മറ്റൊരു നീക്കം. ചൊവ്വയുടെ ഭ്രമണപഥത്തില്‍ പേടകമെത്തിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുഎഇ.സൗരയൂഥത്തിലെ ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് പേടകം അയക്കാനുള്ള 'എമിറേറ്റ്‌സ് മിഷന്‍ ടു എക്‌സ്‌പ്ലോര്‍ ദി ആസ്റ്ററോയ്ഡ് ബെല്‍റ്റ്' പദ്ധതിയുടെ ഒരുക്കങ്ങള്‍ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഏത് കഠിനമായ കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭൂമിയുടെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയുന്ന സിര്‍ബ് റഡാര്‍ സാറ്റലൈറ്റുകളുടെ പരമ്പര വികസിപ്പിക്കാനും പദ്ധതിയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ സാങ്കേതികവിദ്യകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അത്യാധുനിക ബഹിരാകാശ ഡാറ്റാ കേന്ദ്രം സ്ഥാപിക്കുമെന്നും സലേം അൽ ഖുബൈസി പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ബഹിരാകാശ പര്യവേക്ഷണത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് യുഎഇ കൈവരിച്ചിരിക്കുന്നത് എന്നുപറയാം. ചൊവ്വ, ചന്ദ്രൻ, ബഹിരാകാശ നിലയം, ആസ്റ്ററോയ്ഡ് ബെൽറ്റ് എന്നിവ ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് രാജ്യം നടപ്പിലാക്കുന്നത്.യുഎഇയുടെ പ്രധാന ബഹിരാകാശ പര്യവേക്ഷണങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:

അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യമായ 'ഹോപ്പ് പ്രോബ്' (Hope Probe) 2020-ൽ ആണ് വിക്ഷേപിച്ചത്. 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെ, ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി. ചൊവ്വയുടെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും കുറിച്ച് നിർണ്ണായക വിവരങ്ങൾ നൽകിയ ഈ ദൗത്യത്തിന്റെ കാലാവധിയാണ് 2028 വരെ നീട്ടിയത്. ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങൾക്കായി യുഎഇ വികസിപ്പിച്ച ചാന്ദ്രദൗത്യമാണ് റാഷിദ് റോവർ (Rashid Rover). 2022-ൽ ആദ്യ റോവർ വിക്ഷേപിച്ചെങ്കിലും ലാൻഡിങിലെ സാങ്കേതിക തകരാറുകൾ മൂലം ദൗത്യം പരാജയപ്പെട്ടു. എന്നാൽ ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് നിർമ്മിച്ച 'റാഷിദ് 2' (Rashid 2) എന്ന റോവർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ആസ്റ്ററോയ്ഡ് ബെൽറ്റിലേക്ക് മനുഷ്യത്വരഹിതമായ പേടകം അയക്കാനുള്ള അതിബൃഹത്തായ പദ്ധതിയാണ് എമിറേറ്റ്സ് മിഷൻ ടു ദി ആസ്റ്ററോയ്ഡ് ബെൽറ്റ് (EMA). 2028-ൽ വിക്ഷേപണം ലക്ഷ്യമിടുന്ന ഈ ദൗത്യത്തിൽ, 'എംബിആർ എക്സ്പ്ലോറർ' (MBR Explorer) എന്ന പേടകം നിരവധി ആസ്റ്ററോയ്ഡുകളെ കുറിച്ച് പഠിക്കുകയും ഒരെണ്ണത്തിൽ ഇറങ്ങാൻ ശ്രമിക്കുകയും ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ദീർഘകാലം ചെലവഴിച്ച ആദ്യ അറബ് വംശജൻ യുഎഇയുടെ സുൽത്താൻ അൽ നെയാദി ആണ്. അദ്ദേഹത്തിന് പുറമെ ഹസ്സ അൽ മൻസൂരി ഉൾപ്പെടെയുള്ള മികച്ച ബഹിരാകാശ യാത്രികരുടെ നിര തന്നെ യുഎഇക്കുണ്ട്. കൂടാതെ നിരവധി പേർ പരിശീലനം നേടുന്നുമുണ്ട്.

സ്വന്തമായി ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തമായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC), ഖലീഫസാറ്റ് (KhalifaSat), എംബിഇസെഡ്-സാറ്റ് (MBZ-SAT) തുടങ്ങിയ അത്യാധുനിക ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണത്തിനായി സിർബ് (Sirb) പ്രോഗ്രാമും യുഎഇ ആരംഭിച്ചിട്ടുണ്ട്.ഭാവിയിൽ സ്വന്തമായി റോക്കറ്റുകൾ നിർമ്മിക്കാനും വിക്ഷേപിക്കാനുമുള്ള പദ്ധതികൾ യുഎഇ ആവിഷ്‌കരിച്ചു വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+