യുഎഇക്ക് കേരളത്തില്‍ മാത്രമല്ല കണ്ണ്; മറ്റൊരു സംസ്ഥാനത്തും വന്‍ നിക്ഷേപം വരുന്നു: ബിജെപി ഉടക്കുമോ?
കേരളവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് യുഎഇ. ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹമാണ് ഈ ബന്ധത്തിന്റെ പാലമായി പ്രവർത്തിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫലിയെപ്പോലെ അറബ് മണ്ണില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യവസായികള്‍ മുതല്‍ സാധാരണ പ്രവാസകള്‍ക്ക് ഈ ബന്ധത്തിന് നിസ്തുലമായ പങ്കുണ്ട്. അടുത്തിടെ നടന്ന 'ഇൻവെസ്റ്റ് കേരള' ആഗോള നിക്ഷേപക ഉച്ചകോടിയില്‍ യുഎഇയില്‍ നിന്നുള്ള വ്യവസായികള്‍ കേരളത്തില്‍ വലിയ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേരളത്തില്‍ മാത്രമല്ല മറ്റ് നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളിലും യു എ ഇക്ക് നിക്ഷേപ പദ്ധതികളുണ്ട്. അത്തരത്തില്‍ ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഇന്ത്യയിലെ യു എ ഇ അംബാസഡർ അബ്ദുൾനാസർ അൽഷാലി തന്നെ ബുധനാഴ്ച ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി താക്കൂർ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ സന്ദർശിച്ച് സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു. അതേസമയം വിദേശ രാജ്യമായതിനാല്‍ തന്നെ നിർണ്ണായക മേഖലകളിലെ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ കൂടെ അനുമതി വേണ്ടി വന്നേക്കും. നിലവില്‍ ഹിമാചല്‍ ഭരിക്കുമെന്നത് കോണ്‍ഗ്രസ് ആണെങ്കിലും സംസ്ഥാനത്തിന്റെ വികസന താല്‍പര്യങ്ങള്‍ മുന്‍ നിർത്തി കേന്ദ്രം അനുമതി തന്നേക്കുമെന്നാണ് പ്രതീക്ഷ.

വിശാലമായ മഞ്ഞുമൂടിയ പ്രദേശങ്ങൾ, കുന്നുകൾ, ജലാശയങ്ങൾ എന്നിവയുൾപ്പെടെ അതിമനോഹരമായ പ്രകൃതി ഉള്ളതിനാൽ തന്നെ ടൂറിസം രംഗത്തുള്‍പ്പെടെ ഹിമാചൽ പ്രദേശ് സവിശേഷമായ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, സംസ്ഥാന സർക്കാർ ഒന്നിലധികം റോപ്പ്‌വേകൾ പണിതൊകൊണ്ടിരിക്കുകയാണ്. കാംഗ്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങളും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പുതിയ നാലുവരി റോഡുകളും ഹെലിപോർട്ടുകളും നിർമ്മിക്കുന്നു. ഇതിലൂടെയെല്ലാം ഹിമാചല്‍ പ്രദേശ് നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നു. അടുത്ത വർഷത്തോടെ ഹിമാചൽ പ്രദേശ് ഗ്രീൻ എനർജി സംസ്ഥാനമായി മാറാനുള്ള പാതയിലാണ്. കഴിഞ്ഞ രണ്ട് വർഷമായി, നിലവിലെ സംസ്ഥാന സർക്കാർ സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഹരിത എനർജി പ്രയോജനപ്പെടുത്തുന്നതിനും വലിയ തോതിലുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
പുതിയ സൗരോർജ്ജ പദ്ധതികൾ സ്ഥാപിക്കുക, ആറ് ഹരിത ഇടനാഴികൾ വികസിപ്പിക്കുക, സർക്കാർ ഉടമസ്ഥതയിലുള്ള മുഴുവൻ ഡീസൽ ബസുകളും ഘട്ടം ഘട്ടമായി ഇ-ബസുകളാക്കി മാറ്റുക എന്നിവയാണ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാറിന്റെ പ്രധാന പദ്ധതികള്‍. രാജ്യത്തെ ജലവൈദ്യുത ഉൽപാദന സാധ്യതയുടെ 25 ശതമാനവും ഹിമാചൽ പ്രദേശിലാണെന്നും സൗരോർജ്ജം, പമ്പ് സംഭരണ പദ്ധതികൾ എന്നിവയുൾപ്പെടെ ഹരിത ഊർജ്ജത്തിൽ നിക്ഷേപിക്കാൻ വളരെയധികം അവസരങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിൽ, പ്രത്യേകിച്ച് സാഹസിക കായിക വിനോദങ്ങളിലും സ്കീയിംഗിലും നിക്ഷേപം നടത്താനാണ് യു എ ഇ താൽപ്പര്യം പ്രകടിപ്പിക്കുന്നത്. യു എ ഇ ഇതിനകം തന്നെ സംസ്ഥാനത്ത് നിക്ഷേപത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ സ്ഥലങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് അംബാസഡർ അബ്ദുൾനാസർ അൽഷാലിയും വ്യക്തമാക്കി. ഇന്ത്യയിലെ ഹരിത ഊർജ്ജ മേഖലയിൽ തന്റെ രാജ്യം ഇതിനകം തന്നെ പങ്കാളിയാണ്. ഹരിത ഊർജ്ജ പദ്ധതികളിൽ ഹിമാചൽ പ്രദേശ് സർക്കാരുമായി സഹകരിക്കാനും യു എ ഇക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications