യുഎഇ പ്രവാസികള്‍ പെട്ടു; നാട്ടിലേക്ക് ടിക്കറ്റ് നിരക്ക് 7000 ദിര്‍ഹം വരെ, യാത്രക്കാര്‍ ഇതാണ് ചെയ്യേണ്ടത്
ദുബായ്: ഇസ്രായേലും അമേരിക്കയും ഇറാനില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത് വൈകും. അടിയന്തര ആവശ്യമുള്ളവര്‍ക്ക് നാട്ടിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ലഭ്യമാണ്. എല്ലാ റൂട്ടിലും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇല്ലെങ്കിലും ചില സെക്ടറിലുണ്ട്. എന്നാല്‍ ഇവയ്ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കണം.
2500 ദിര്‍ഹം മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരു സീറ്റിന് ഈടാക്കുന്നുണ്ട്. ചില സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സീറ്റിന് 7000 ദിര്‍ഹമാണ് ഈടാക്കുന്നത്. അടിയന്തര ആവശ്യമുള്ളവര്‍ മാത്രം യാത്രയ്ക്ക് ഒരുങ്ങിയാല്‍ മതി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഏതാനും ദിവസത്തേക്ക് മാത്രമായി യുഎഇയില്‍ എത്തിയ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന നിരക്ക് കൊടുത്താണ് നാട്ടിലേക്ക് മടങ്ങുന്നത്.

യുഎഇയില്‍ ജോലി ചെയ്യുന്നവരില്‍ മിക്കവരും ഇപ്പോള്‍ നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. യുദ്ധം വൈകാതെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍. എന്നാല്‍ ചിലര്‍ ചെറിയ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ വരാന്‍ പദ്ധതിയിട്ടിരുന്നു. യുദ്ധം നീണ്ടുപോയാല്‍ ഇവരുടെ യാത്ര അവതാളത്തിലാകും. പലരും യാത്ര മാറ്റി വച്ചേക്കും.
അനാവശ്യമായ ആശങ്ക വേണ്ട എന്നാണ് ചില ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വന്നേക്കും. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ ടിക്കറ്റ് നിരക്ക് കുറയും. എന്നാല്‍ അടിയന്തര ആവശ്യമുള്ളവര്‍ ഒഴികെ യാത്ര മാറ്റിവയ്ക്കുന്നതാണ് ഉചിതം എന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. അതേസമയം, യുദ്ധ സാഹചര്യം സങ്കീര്‍ണമായാല്‍ യാത്രാ രംഗത്തെ പ്രതിസന്ധി ഇരട്ടിയാകും.
അബുദാബിയില്‍ നിന്ന് വിമാന സര്‍വീസ്
ചില യാത്രക്കാര്‍ എത്ര ഉയര്‍ന്ന തുകയും നല്‍കി നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നുണ്ട്. നേരത്തെ 1700 ദിര്‍ഹം നല്‍കിയിരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇപ്പോള്‍ 3000 ദിര്‍ഹം വരെ വാങ്ങുന്നുണ്ടെന്നും ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്നും അല്‍ഹിന്ദ് ബിസിനസ് സെന്റര്‍ എംഡി നൗഷാദ് ഹസന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. ആവശ്യമുണ്ടെങ്കില്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നും പരിഭ്രാന്തി വേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അബുദാബി വിമാനത്താവളത്തില്‍ നിന്ന് ചില വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. വൈകാതെ ദുബായില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണവും കൂട്ടിയേക്കും. എന്നാല്‍ എല്ലാ റൂട്ടിലും സര്‍വീസ് തുടങ്ങാന്‍ സാധിക്കുന്ന സാഹചര്യമില്ല ഇപ്പോഴുള്ളത്. സുരക്ഷ ഉറപ്പുള്ള റൂട്ടില്‍ മാത്രമാകും ആദ്യം സര്‍വീസ്. സാഹചര്യം മെച്ചപ്പെടുന്നതിന് അനുസരിച്ച് വിമാനങ്ങളുടെ എണ്ണം കൂട്ടും. നിലവില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിസാ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഖത്തറില്‍ ഇന്നും സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ബഹ്‌റൈനിലും സാഹചര്യം മെച്ചപ്പെട്ടിട്ടില്ല. ഇറാന്റെ മിസൈലുകള്‍ ഇവിടെ പതിക്കുന്നതായിട്ടാണ് വിവരം. അമേരിക്കന്‍ എംബസിയുടെ സമീപത്തുള്ളവര്‍ ഒഴിഞ്ഞുപോകണം എന്നാണ് ഖത്തര്‍ നല്‍കിയ നിര്‍ദേശം.












Click it and Unblock the Notifications