യുഎഇ 20 ബില്യണ്‍ ദിര്‍ഹം വച്ചു; ബഹ്‌റൈന്‍ 2 ബില്യണ്‍ ദിനാറും, ഡോളര്‍ ഔട്ട്, എന്താണ് കറന്‍സി സ്വാപ്
ദുബായ്: യുഎഇ സെന്‍ട്രല്‍ ബാങ്കും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈനും തമ്മില്‍ കറന്‍സി സ്വാപ് കരാറില്‍ ഒപ്പുവച്ചു. യുഎഇ 20 ബില്യണ്‍ ദിര്‍ഹവും ബഹ്‌റൈന്‍ 2 ബില്യണ്‍ ദിനാറുമാണ് കൈമാറ്റം ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ധനകാര്യ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതാണ് കരാര്‍. ഡോളര്‍ ഇല്ലാതെ തന്നെ വ്യാപാരം നടത്താന്‍ ഇരുരാജ്യങ്ങളെയും കരാര്‍ സഹായിക്കും.
പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുകയും മേഖല സാമ്പത്തിക ഞെരുക്കത്തിലേക്ക് കടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് യുഎഇ-ബഹ്‌റൈന്‍ ബാങ്കുകളുടെ കരാര്‍. ഇതുവഴി പണ ലഭ്യത ഉറപ്പാക്കാനും നിക്ഷേപകരുടെ ആശങ്ക ഒഴിയാനും സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താനും സഹായിക്കും. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമയും ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാനുമാണ് കരാര്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ. പരസ്പരം പ്രാദേശിക കറന്‍സികള്‍ ഇരുരാജ്യങ്ങളും കൈമാറും. ആവശ്യമുള്ളപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും പണം വേഗത്തില്‍ ലഭ്യമാകുകയും ചെയ്യും. ഡോളര്‍ ഇല്ലാതെ വ്യാപാരം നടത്താമെന്നതാണ് പ്രധാന നേട്ടം.
ആഗോള കറന്‍സിയായി അമേരിക്കന്‍ ഡോളര്‍ ആണ് കണക്കാക്കുന്നത്. ഏത് രാജ്യങ്ങളും ഇടപാട് നടത്തുമ്പോള്‍ നല്‍കുന്നത് ഡോളര്‍ ആണ്. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ ഡോളറിന് പ്രാധാന്യം ഏറെയാണ്. എന്നാല്‍ കറന്‍സി സ്വാപ് കരാര്‍ ഒപ്പുവച്ചാല്‍ പ്രാദേശിക കറന്‍സികളാണ് കൈമാറുക. ഡോളറിന്റെ ആവശ്യം കുറയും. ഡോളറിന് ഒരു തിരിച്ചടി കൂടിയാണ് ഈ കരാര്‍.
യുഎഇയും ബഹ്‌റൈനും ഒരുമെയ്യാണ്
ലോകത്ത് ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കറന്‍സിയാണ് ബഹ്‌റൈന്‍ ദിനാര്‍. കുവൈത്ത് ദിനാര്‍ കഴിഞ്ഞാല്‍ ബഹ്‌റൈന്‍ ദിനാറിനാണ് കൂടുതല്‍ മൂല്യം. മൂന്നാമത്തെ മൂല്യമുള്ള കറന്‍സി ഒമാന്‍ റിയാല്‍ ആണ്. എല്ലാം ഡോളറുമായി ചേര്‍ന്നാണ് മൂല്യം നിശ്ചയിക്കുന്നത്. പെട്രോ ഡോളര്‍ സംവിധാനമാണ് ഈ കറന്‍സികളുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍ പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ച് ഇടപാട് തുടങ്ങിയാല്‍ ഡോളര്‍ അപ്രസക്തമാകും.
യുഎഇയും ബഹ്‌റൈനും സാമ്പത്തിക രംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്തും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജിസിസി രാജ്യങ്ങളാണ്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഈ രണ്ട് രാജ്യങ്ങളും ഒരേ നിലപാടാണ് സ്വീകരിച്ചിരുന്നത്. മാത്രമല്ല, ഇസ്രായേലുമായി യുഎഇ അബ്രഹാം കരാറില്‍ ഒപ്പുവച്ചപ്പോള്‍ തൊട്ടുപിന്നാലെ ബഹ്‌റൈനും അബ്രഹാം കരാറിന്റെ ഭാഗമായിരുന്നു.
ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം തുടങ്ങിയപ്പോള്‍ ഇറാന്‍ ആദ്യം ശക്തമായ തിരിച്ചടി നല്‍കിയത് ബഹ്‌റൈനിലും യുഎഇയിലുമാണ്. ബഹ്‌റൈനില്‍ അമേരിക്കയുടെ നാവിക സേനാ താവളമുണ്ട്. യുഎഇയിലും അമേരിക്കയുടെ സേനാ വിന്യാസമുണ്ട്. ഇറാന്റെ ആക്രമണം ഇരുരാജ്യങ്ങളെയും സാമ്പത്തികമായി തളര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കറന്‍സി സ്വാപ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.












Click it and Unblock the Notifications