യുഎഇ യാത്രയ്ക്ക് വിസ വേണ്ട; പക്ഷേ, ഇതുവഴി വരണം, കൂടുതല്‍ രാജ്യങ്ങള്‍ പുതിയ പട്ടികയില്‍
ദുബായ്: ഏതൊരു രാജ്യത്തേക്ക് യാത്ര ചെയ്യണമെങ്കിലും ആ രാജ്യത്തിന്റെ വിസ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ടൂറിസവും നയതന്ത്ര ബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും ഇളവ് അനുവദിക്കുക പതിവാണ്. കൂടുതല്‍ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇളവുകള്‍. 50ലധികം രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇത്തരം ഇളവുകള്‍ അനുവദിക്കുന്നുണ്ട്.
ഇന്ത്യക്കാരുടെ രണ്ടാം വീട് എന്നാണ് യുഎഇയെ വിശേഷിപ്പിക്കാറ്. കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യമായതിനാലാണിത്. ഇന്ത്യക്കാര്‍ക്ക് ചില ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് യുഎഇ. വിസയില്ലാതെ രാജ്യത്തേക്ക് വരാനും എത്തിയാല്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കാനുമാണ് തീരുമാനം. എന്നാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഈ ഇളവില്ല. അറിയാം വിശദമായി....

വിസയ്ക്ക് അപേക്ഷിക്കുക, അത് ലഭിക്കാന്‍ കാത്തിരിക്കുക എന്നീ നടപടികള്‍ ഒഴിവാക്കാനാണ് പല രാജ്യങ്ങളും തിരഞ്ഞെടുത്ത രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിക്കുന്നത്. ഈ ഇളവ് ലഭിച്ചുകഴിഞ്ഞാല്‍ വിസ ലഭിച്ചില്ലെങ്കിലും വരാം. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് രേഖകള്‍ ശരിപ്പെടുത്തിയാല്‍ മതിയാകും. ടൂറിസം പ്രോല്‍സാഹനത്തിനാണ് പ്രധാനമായും ഈ ഇളവ് അനുവദിക്കാറുള്ളത്.
ഇന്ത്യക്കാര്‍ക്ക് യുഎഇ നേരത്തെ വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. പകരം അമേരിക്കയുടെ ഗ്രീന്‍കാര്‍ഡ്, യൂറോപ്യന്‍ യൂണിയന്റെ വിസ അല്ലെങ്കില്‍ താമസ അനുമതി, ബ്രിട്ടന്റെ വിസ എന്നിവയുള്ള ഇന്ത്യക്കാര്‍ക്കാണ് ഇളവ് അനുവദിച്ചിരുന്നത്. അടുത്തിടെ ഈ പരിധി യുഎഇ വിപുലീകരിച്ചു.
ആറ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് കൂടി
ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് കൂടി ഇപ്പോള്‍ യുഎഇ വിസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഇളവ്. ഈ രാജ്യങ്ങളിലെ വിസയും താമസ രേഖയും കൈവശമുണ്ടെങ്കില്‍ യുഎഇ വിസ ഓണ്‍ അറൈവല്‍ അനുവദിക്കും.
ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ കൂടുതല്‍ രാജ്യങ്ങളെ യുഎഇ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ യാത്രക്കാര്‍ ഒട്ടേറെ എത്തുന്ന രാജ്യമാണ് യുഎഇ. ആഘോഷ സീസണുകളില്‍ പ്രത്യേകിച്ചും. ഇതിന് പുറമെ ജോലി തേടിയും നിരവധി പേരാണ് ഓരോ ദിവസവും യുഎഇയില്‍ എത്തുന്നത്.
ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതല്‍ ശക്തമാകാന്‍ ഇത് സഹായിക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അബ്ദുല്‍ നാസര്‍ അല്‍ ഷഅലി പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ ദിശയിലേക്ക് കടന്നിരിക്കുകയാണ്. അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമായി എന്ന കണക്കുകളും പുറത്തുവന്നിരുന്നു.












Click it and Unblock the Notifications