ജ്വല്ലറിക്കാർ പലതും പറയും, പക്ഷെ സ്വർണം ഈ സമയത്ത് വാങുന്നത് അത്ര നല്ലതല്ല: ലാഭം എപ്പോള്‍ വാങ്ങുന്നത്?
ഇന്ത്യക്കാർ സ്വന്തം രാജ്യം കഴിഞ്ഞാല്‍ ഏറ്റവും അധികം സ്വർണം വാങ്ങുന്നത് യു എ ഇയില്‍ നിന്നാണ്. യു എ ഇ നിവാസികളായ ഇന്ത്യക്കാർക്ക് പുറമെ വിനോദ സഞ്ചാരത്തിനായും മറ്റും ജി സി സി രാജ്യത്ത് എത്തുന്ന ഇന്ത്യക്കാർ അവിടെ നിന്നും മടങ്ങുമ്പോള്‍ സ്വർണം വാങ്ങാറുണ്ട്. വിലയിലെ ഇടിവ് എന്നതിനോടൊപ്പം തന്നെ പുത്തന്‍ മോഡല്‍, മറ്റ് ഓഫറുകള്‍ എന്നിവയെല്ലാം യു എ ഇ സ്വർണാഭരണ പ്രേമികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു.
നമ്മുടെ നാട്ടിലേത് എന്നപോലെ തന്നെ ദീപാവലി, പെരുന്നാള്‍ പോലുള്ള ഉത്സവ സീസണുകളിലാണ് യു എ ഇയിലും വലിയ രീതിയിലുള്ള സ്വർണ വില്‍പ്പന നടക്കാറുള്ളത്. യഥാർത്ഥത്തില്‍ ജ്വല്ലറികള്‍ നല്‍കുന്ന ഓഫറുകളിലും മറ്റും ജനം വീണു പോകുന്നതിനാലാണ് ഈ സീസണില്‍ വില്‍പ്പനയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്നതെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സമയങ്ങളില്‍ സ്വർണം വാങ്ങുന്നത് എപ്പോഴും ലാഭകരമായിരിക്കണമെന്ന് മാത്രമല്ല പലപ്പോഴും സാധാരണ മാസങ്ങളെ അപേക്ഷിക്ക് വില കൂടുതലുമായിരിക്കും.

സ്വർണത്തിന്റെ വില പ്രധാനമായും ആഗോള വിപണിയാണ് നിർണയിക്കുന്നത്. എന്നാൽ, യു എ ഇയിലെ പ്രാദേശിക ഉത്സവ ഡിമാൻഡും റീട്ടെയിൽ വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ദീപാവലിയും ഈദും ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലെ സ്വർണക്കടകളിൽ സാധാരണയായി തിരക്കേറ്റുന്ന സമയമാണ്. ആഗോള വിപണി ട്രെൻഡുകൾ പരിഗണിക്കാതെ തന്നെ ഈ ഉയർന്ന ഡിമാൻഡ് വില കുറയാതെ നിലനിർത്തുകയോ, ചിലപ്പോൾ കൂട്ടുകയോ ചെയ്യാറുണ്ട്.
"ഉത്സവ സമയങ്ങളിൽ ഡിസ്കൗണ്ടുകൾ മൂലം വില കുറയുമെന്നാണ് പലരും കരുതുന്നത്, പക്ഷേ, യഥാർത്ഥത്തിൽ, ഇത് ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ്, ഡിമാൻഡ് മൂലം ലാഭമാർജിൻ വളരെ അധിക കുറയുന്നു." " ദുബായിലെ ഒരു ആഭരണ വ്യാപാരിയെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യു എ ഇയിലെ ആഭരണ വ്യാപാരികൾ ദീപാവലിയും ഈദും ലക്ഷ്യമിട്ട് പ്രമോഷനുകൾ നൽകാറുണ്ട്. എന്നാൽ, ഇവ അധികവും പണിക്കൂലിയിലാണ് കേന്ദ്രീകരിക്കുന്നത്. അതായത് സ്വർണത്തിന്റെ അടിസ്ഥാന വിലയില്‍ യാഥൊരു മാറ്റവുമില്ലാതെ സീറോ മേക്കിംഗ് ചാർജ്, സൗജന്യ സ്വർണനാണയം, അല്ലെങ്കിൽ ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയ ഓഫറുകൾ ലഭിച്ചേക്കാം. എന്നാൽ, സ്വർണത്തിന്റെ അടിസ്ഥാന വില മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഉയർന്നതോ തുല്യമോ ആയിരിക്കും. ചില കച്ചവടക്കാർ മുന്‍കൂർ ബൂക്കിങ് സേവനങ്ങളും നല്‍കാറുണ്ട്.
സ്വർണത്തിന്റെ വില അസ്ഥിരമാണ്, ഒരു ദിവസം തന്നെ പലതവണ മാറാം. ചില വർഷങ്ങളിൽ, പണപ്പെരുപ്പ ഭയം, ആഗോള പ്രതിസന്ധികൾ, അല്ലെങ്കിൽ യുഎസ് പലിശനിരക്കിലെ മാറ്റങ്ങൾ മൂലം ദീപാവലിക്കോ ഈദിനോ മുൻപ് വില ഉയരാറുണ്ട്. മറ്റ് ചിലപ്പോൾ, ഉത്സവത്തിന് ശേഷം വില അപ്രതീക്ഷിതമായി കുറയാറുമുണ്ട്. അതായത് വില കുറയുന്നതിനും കൂടുന്നതിനും നിശ്ചിത ഒരു പാറ്റേൺ ഇല്ല, അതിനാൽ ഉത്സവ സമയങ്ങളിൽ വാങ്ങുന്നത് ലാഭകരമായിരിക്കുമെന്ന് കരുതുന്നത് അപകടകരമാണ്.
നിങ്ങള്‍ ലാഭം ലക്ഷ്യമാക്കുന്നുണ്ടെങ്കിൽ, ഓഫ്-പീക്ക് കാലഘട്ടങ്ങൾ സ്വർണം വാങ്ങുന്നതിനായി പരിഗണിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ, അല്ലെങ്കിൽ പ്രധാന ഉത്സവങ്ങൾക്ക് തൊട്ടുപിന്നാലെയുള്ള ആഴ്ചകൾ എന്നിവ തിരഞ്ഞെടുക്കാം. ഈ സമയത്ത് ഡിമാൻഡ് കുറവായതിനാൽ മെച്ചപ്പെട്ട വിലക്കുറവും ഓഫറുകളും വാഗ്ധാനം ചെയ്യപ്പെട്ടേക്കാമെന്നും വിദഗ്ധർ പറയുന്നു.
മേക്കിംഗ് ചാർജുകൾ താരതമ്യം ചെയ്യുക, വ്യാപാരികളുടെ പദ്ധതികൾ ശ്രദ്ധിക്കുക, യുഎഇ ഗോൾഡ് വില ആപ്പുകൾ അല്ലെങ്കിൽ വെബ്സൈറ്റുകൾ വഴി ആഗോള സ്വർണ വിപണി ട്രെൻഡുകൾ നിരീക്ഷിക്കുക തുടങ്ങിയവയെല്ലാം സ്വർണം വാങ്ങുന്നതിന് മുമ്പ് ചെയ്യാവുന്ന കാര്യങ്ങളാണ്.












Click it and Unblock the Notifications