സുഡാനികള്‍ തമ്മില്‍ അടിച്ചു: സ്വർണ്ണത്തില്‍ കോളടിച്ചത് യുഎഇക്ക്; ഒഴുക്ക് നേരായ മാർഗ്ഗത്തില്‍ മാത്രമല്ല
ദുബായ്: സ്വന്തമായി സ്വർണ ഖനിയൊന്നും ഇല്ലെങ്കില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണ വ്യാപാരം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യു എ ഇ. മറ്റ് രജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് യു എ ഇയിലേക്ക് സ്വർണം എത്തുന്നത്. നിയമപരമായ മാർഗ്ഗത്തിലൂടേയും കള്ളക്കടത്തിലൂടെയുമെല്ലാം ആഫ്രിക്കയില്‍ നിന്നും സ്വർണം യു എ ഇ വിപണിയിലേക്ക് ഒഴുകുന്നു. സുഡാനില്‍ രണ്ട് വർഷം മുമ്പ് ആരംഭിച്ച ആഭ്യന്തരയുദ്ധവും യു എ ഇയിലേക്ക് കൂടുതല്‍ സ്വർണം എത്താന്‍ ഇടയാക്കിയെന്നും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ട് വർഷത്തെ ആഭ്യന്തര യുദ്ധം സുഡാന്റെ സമ്പദവ്യവസ്ഥയെ തകർത്തെങ്കിലും റെക്കോർഡ് തോതിലുള്ള സ്വർണ്ണ ഉത്പാദനമാണ് കഴിഞ്ഞ വർഷം രാജ്യത്ത് നടന്നത്. സൈന്യത്തിന്റെ പിന്തുണയുള്ള സർക്കാറും വിമത സേനയും തങ്ങള്‍ക്ക് ആധിപത്യമുള്ള മേഖലയില്‍ നിന്നും വലിയ തോതില്‍ സ്വർണം ഉത്പാദിപ്പിച്ച് അത് യു എ ഇ മാർക്കറ്റിലേക്ക് എത്തിച്ച് പണം സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമ്പത്ത് ഇരുകൂട്ടരും യുദ്ധത്തിനായും മറ്റും ഉപയോഗിക്കുന്നു.

യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിൽ രാജ്യത്തിന്റെ വിശാലമായ സ്വർണ്ണ ശേഖരത്തിന്‍ മേലുള്ള ആധിപത്വം പിടിച്ചെടുക്കലും പ്രധാന ഘടകമായിരുന്നുവെന്നാണ് സുഡാനിലെ സാമ്പത്തിക വിദഗ്ദ്ധൻ അബ്ദേലാസിം അൽ-അമാവിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നത്.
സുഡാനില്‍ നിന്നും കള്ളക്കടത്തായി യു എ ഇയിലേക്ക് വലിയ തോതില്‍ സ്വർണ്ണം എത്തുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടെങ്കിലും യു എ ഇ ഇതിനെ പാടെ തള്ളുന്നുണ്ട്. 'ഈ മാനുഷിക ദുരന്തത്തിനിടയിൽ സുഡാനിൽ നിന്നുള്ള സ്വർണ്ണ കള്ളക്കടത്തും ലാഭവും സംബന്ധിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ യുഎഇ ശക്തമായി തള്ളുന്നു' എന്നാണ് പ്രതികരണം തേടിയ എ എഫ് പിയോട് ഒരു യു എ ഇ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.
'യു എ ഇ തങ്ങളുടെ സ്വർണ്ണ മേഖലയുടെ നിയന്ത്രണം വളരെ ഗൗരവമായി കാണുന്നു. ഒരു മുൻനിര ധാർമ്മിക സ്വർണ്ണ കേന്ദ്രമെന്ന നിലയിൽ അനധികൃത സ്വർണം വിപണിയിലേക്ക് എത്തുന്നത് തടയാന്‍ യു എ ഇ എല്ലാവിധ സജ്ജീകരണങ്ങളും നടത്തുന്നുണ്ട്' എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ സുഡാനിലെ ഉദ്യോഗസ്ഥരുടെയും ഖനന വ്യവസായ സ്രോതസ്സുകളുടെയും സ്വിസ്സെയ്ഡിന്റെ ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ, സുഡാനിലെ മിക്കവാറും എല്ലാ സ്വർണ്ണവും യു എ ഇയിലേക്കാണ് എത്തുന്നത്.
ഔദ്യോഗിക വ്യാപാര മാർഗങ്ങൾ, കള്ളക്കടത്ത് എന്നീ മാർഗ്ഗങ്ങള്‍ക്ക് പുറമെ ഖനികളുടെ എമിറാത്തി ഉടമസ്ഥാവകാശം വഴിയും യു എ ഇയിലേക്ക് സ്വർണം എത്തുന്നുണ്ട്. ഫെബ്രുവരിയിൽ, സർക്കാർ ഉടമസ്ഥതയിലുള്ള സുഡാൻ മിനറൽ റിസോഴ്‌സസ് കമ്പനി 2024 ൽ 64 ടണ്‍ സ്വർണ്ണമാണ് ഉത്പാദിപ്പിച്ചത്. 2022 ൽ ഇത് 41.8 ടണ്ണായിരുന്നു. നിയമപരമായ കയറ്റുമതിയിലൂടെ രാജ്യം 57 ബില്യണ്‍ ഡോളർ സ്വന്തമാക്കിയതായും സുഡാന്റെ കേന്ദ്ര ബാങ്കില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു.
എന്നാൽ രാജ്യത്തിന്റെ സ്വർണ്ണ ഉൽപാദനത്തിന്റെ പകുതിയോളം അനധികൃതമാർഗ്ഗങ്ങളിലൂടെയാണ് അതിർത്തി കടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള ഖനികളില്‍ ഉത്പാദിപ്പിക്കുന്ന സ്വർണ്ണമാണ് ഇത്തരത്തില്‍ പ്രധാനമായും പുറത്തേക്ക് പോകുന്നത്. ഇരു വിഭാഗങ്ങളും ഉത്പാദിപ്പിക്കുന്ന സ്വർണ്ണത്തിന്റെ ഭൂരിഭാഗവും യുഎഇയിൽ എത്തുന്നതിനുമുമ്പ് ചാഡ്, ദക്ഷിണ സുഡാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് കടത്തുന്നുവെന്നും ഖനന വ്യവസായ സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവില്‍ രാജ്യത്തെ നിയമപരമായ സ്വർണ്ണ കയറ്റുമതിയുടെ 90 ശതമാനവും യുഎഇയിലേക്കാണ് പോകുന്നതെങ്കിലും സർക്കാർ ഖത്തറും തുർക്കിയും ഉൾപ്പെടെയുള്ള ബദല്‍ മാർഗ്ഗങ്ങള്‍ നോക്കുന്നതയുള്ള സൂചനകളുമുണ്ട്. പോർട്ട് സുഡാനും കാർട്ടൂമിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന കുഷ് ആണ് സുഡാനിലെ പ്രധാന സ്വർണ്ണ ഖനി. പ്രതിമാസം നൂറുകണക്കിന് കിലോഗ്രാം സ്വർണ്ണം ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നു.












Click it and Unblock the Notifications