സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങണോ? ഇന്നലെ കൂടിയ വില ഇന്നേക്ക് കുറഞ്ഞു, ഏറ്റവും പുതിയ നിരക്ക് ഇങ്ങനെ
അബുദാബി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കുതിക്കുന്നതിനിടെ യുഎഇയില്‍ ഇന്ന് സ്വര്‍ണത്തിന് വിലയിടിഞ്ഞു. ഇന്നലെ യുഎഇയിലും സ്വര്‍ണത്തിന് വില വര്‍ധിച്ചിരുന്നു. ഇതോടെ ആഗോള വിപണിയിലെ വില നിലവാരത്തിന് അനുസൃതമായി യു എ ഇയിലും വില വര്‍ധിച്ചേക്കും എന്നായിരുന്നു വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്.
ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് രണ്ട് ദിര്‍ഹമായിരുന്നു വര്‍ധിച്ചിരുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 326.75 ദിര്‍ഹമായിരുന്നു ഇന്നലത്തെ വില. 22 കാരറ്റ് ഗ്രാമിന് 302.50 ദിര്‍ഹവും 21 കാരറ്റ് ഗ്രാമിന് 292.75, 18 കാരറ്റ് ഗ്രാമിന് 251 ദിര്‍ഹവുമായിരുന്നു ഇന്നലെ വില അനുസരിച്ച് നല്‍കേണ്ടിയിരുന്നത്. ഇന്ന് വില ഇടിഞ്ഞതോടെ എത്രയാണ് യുഎഇയിലെ ഗ്രാം നിരക്ക് എന്ന് നോക്കാം.

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിനും 22 കാരറ്റ് സ്വര്‍ണത്തിനും 0.25 ദിര്‍ഹമാണ് വിലയിടിഞ്ഞത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 326.5 ദിര്‍ഹം ആണ് വില. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 302.25 ദിര്‍ഹവുമാണ് വില. അതേസമയം 21 കാരറ്റ്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് യഥാക്രമം 294.5 ദിര്‍ഹത്തിലും 252.5 ദിര്‍ഹത്തിലും ആണ് വ്യാപാരം ആരംഭിച്ചത്.
ഈ ആഴ്ച ഇതുവരെ സ്വര്‍ണത്തിന് ഗ്രാമിന് ഏകദേശം 3 ദിര്‍ഹം വര്‍ധിച്ചത്. ആഗോളതലത്തില്‍ സ്വര്‍ണം ഔണ്‍സിന് 0.24 ശതമാനം കുറഞ്ഞ് 2712.81 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിലെ ഇടിവും ട്രഷറി ആദായവും അടിസ്ഥാനമാക്കിയാണ് സ്വര്‍ണത്തിന്റെ വിലയില്‍ നിലവില്‍ മാറ്റമുണ്ടാകുന്നത് എന്നാണ് സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വിജയ് വലേച്ച പറയുന്നത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിരമായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്നതിനാല്‍ സ്വര്‍ണത്തിന് സാഹചര്യം അനുകൂലമായി തുടരുമെന്ന് എക്‌സ്ടിബി മേനയിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ഹാനി അബുഗ്ല പറഞ്ഞു. അതേസമയം കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോഡിലേക്കാണ് കുതിക്കുന്നത്.
ഇന്ന് പവന് 480 രൂപ കൂടിയതോടെ 59600 എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ന് രേഖപ്പെടുത്തിയ 59640 ആണ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വില. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണം നാളെ തന്നെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications