യുഎഇയില്‍ നിന്നും സ്വര്‍ണം മോഹിക്കേണ്ട... വില റോക്കറ്റ് കണക്കെ കൂടി, കേരളത്തേക്കാള്‍ ലാഭം
ദുബായ്: അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വിലയിലെ വര്‍ധനവ് യുഎഇയേയും പ്രകടമായി ബാധിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പുതിയ വ്യാപാര താരിഫുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് യുഎഇയില്‍ സ്വര്‍ണ വില വര്‍ധിച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആക്രമണാത്മകമായ ഇറക്കുമതി താരിഫുകള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുകയാണ്.
ലോകത്തിലെ ഏറ്റവും തിരക്കുള്ള സ്വര്‍ണ വിപണികളില്‍ ഒന്നായ യു എ ഇയിലെ ദുബായില്‍ 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 378.25 ദിര്‍ഹം ആണ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 350.25 ദിര്‍ഹമാണ് വില. ബുധനാഴ്ച ഇത് യഥാക്രമം 377.25 ദിര്‍ഹവും 349.25 ദിര്‍ഹവും ആയിരുന്നു. സ്വര്‍ണത്തിന്റെ വില കുറഞ്ഞ പതിപ്പുകളായ 18 കാരറ്റിനും 21 കാരറ്റിനും വില കൂടിയിട്ടുണ്ട്.

21 കാരറ്റിന് 336 ദിര്‍ഹവും 18 കാരറ്റിന് 288 ദിര്‍ഹവും എന്ന വിലയില്‍ ആണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വില വ്യാഴാഴ്ച ഔണ്‍സിന് 3167.57 ഡോളറിലെത്തി. എന്നാല്‍ രാവിലത്തെ വര്‍ധനവിന് ശേഷം ദിവസം പുരോഗമിക്കുമ്പോള്‍ വില അല്‍പം കുറഞ്ഞ് ഔണ്‍സിന് 3123.49 ഡോളര്‍ എന്ന നിരക്കിലും എത്തി. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 24 കാരറ്റിന്റെ ഗ്രാം വിലയില്‍ പൊന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.
ബുധനാഴ്ച യുഎഇയില്‍ സ്വര്‍ണ വില നേരിയ ഇടിവ് നേരിട്ടെങ്കിലും വ്യാഴാഴ്ച വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ മാസം അവസാനം, ഈദ് അല്‍ ഫിത്തര്‍, അക്ഷയ തൃതീയ പോലുള്ള ഇന്ത്യന്‍ ഉത്സവങ്ങള്‍ പോലുള്ള അവസരങ്ങള്‍ ആവശ്യകതയും വിലയും വര്‍ധിപ്പിക്കുമെന്ന് സ്വര്‍ണ്ണാഭരണ വ്യാപാരികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അതേസമയം പുചിയ താരിഫുകള്‍ സ്വര്‍ണ വിലയില്‍ ദീര്‍ഘകാല സമ്മര്‍ദ്ദം ചെലുത്തും എന്നാണ് പെപ്പര്‍സ്റ്റോണിലെ ഗവേഷണ തന്ത്രജ്ഞനായ ഡിലിന്‍ വു പറയുന്നത്.
'വ്യാപാര പിരിമുറുക്കങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത, യു എസ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്ന താരിഫുകളെ കുറിച്ചുള്ള ആശങ്കകള്‍, വളര്‍ന്നു വരുന്ന വിപണി, കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി സ്വര്‍ണം വാങ്ങുന്നത് എന്നിവയെല്ലാം സ്വര്‍ണത്തിന്റെ വില വര്‍ധനവ് ദീര്‍ഘകാല തുടര്‍ന്നേക്കും എന്ന സൂചനയാണ് നല്‍കുന്നത്, ' അദ്ദേഹം പറഞ്ഞു. വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാകുകയാണെങ്കില്‍ ആഗോള സാമ്പത്തിക അനിശ്ചിതം ശക്തമാകും.
ഇത് സുരക്ഷിതമായ ആസ്തി എനന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കേരളത്തില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് പൊന്നിന്റെ വില 8560 രൂപയാണ്. യുഎഇയിലെ ഒരു ഗ്രാം 22 കാരറ്റ് പൊന്നിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 500 രൂപയുടെ വ്യത്യാസമാണ് വരിക.












Click it and Unblock the Notifications