യുഎഇ സ്വര്‍ണം വില കൂടി; പക്ഷേ, മലയാളി പ്രവാസികള്‍ക്ക് ലാഭം കുറഞ്ഞു, ദിര്‍ഹം മൂല്യം വര്‍ധിച്ചു...
ദുബായ്: സ്വര്‍ണവില ആഗോള വിപണിയില്‍ വര്‍ധിക്കുകയാണ്. കേരളത്തില്‍ ഇന്ന് വന്‍ മുന്നേറ്റം മഞ്ഞലോഹം കാഴ്ചവച്ചു. പ്രവാസികള്‍ സ്വര്‍ണത്തിന് വേണ്ടി പ്രധാനമായും ആശ്രയിക്കുന്ന യുഎഇയിലെ വിപണിയിലും സ്വര്‍ണത്തിന് വില കൂടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വില കുറയാന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്. അതേസമയം, ജനുവരി 20ന് ശേഷം മാറ്റം വന്നേക്കാം.
ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതാണ് മലയാളികളെ സംബന്ധിച്ച് വെല്ലുവിളിയായത്. പ്രവാസികള്‍ക്ക് ഇതുവഴി കൂടുതല്‍ പണം കിട്ടുമെങ്കിലും വില വര്‍ധിക്കുന്നതിനാല്‍ നേട്ടം കൊയ്യാന്‍ സാധിക്കില്ല. ഡോളര്‍ കരുത്ത് കൂടുകയും രൂപ കരുത്ത് കുറയുകയും ചെയ്താല്‍ വരുംദിവസങ്ങളിലും സമാന സാഹചര്യം തുടരും. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2699 ഡോളറായി വില ഉയര്‍ന്നു.

യുഎഇ ദിര്‍ഹത്തിന് ഇന്ന് ഇന്ത്യന്‍ രൂപയുമായുള്ള മൂല്യം 23.53 ആണ്. ലുലു മണി നല്‍കുന്ന വിവരം അനുസരിച്ച് ഗള്‍ഫ് ന്യൂസ് നല്‍കിയ പട്ടികയിലെ കണക്കാണിത്. ഡോളര്‍ സൂചിക 109.16 എന്ന നിരക്കിലാണുള്ളത്. ഡോളറും രൂപയും തമ്മിലുള്ള വ്യത്യാസം 86.54 ആയിട്ടുണ്ട്. രൂപയ്ക്ക് കരുത്ത് തിരിച്ചുപിടിക്കാന്‍ സാധിക്കുന്നില്ല.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 326.75 ദിര്‍ഹമാണ് ഇന്ന് യുഎഇയിലെ വില. 22 കാരറ്റ് ഗ്രാമിന് 302.50 ദിര്‍ഹവും. 21 കാരറ്റ് ഗ്രാമിന് 292.75, 18 കാരറ്റ് ഗ്രാമിന് 251 ദിര്‍ഹവുമാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ വില കൂടിയതോടെ മലയാളി പ്രവാസികള്‍ക്ക് കേരളത്തില്‍ നിന്ന് വാങ്ങുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ലാഭം കണക്കാക്കാന്‍ സാധിക്കില്ല.
22 കാരറ്റ് ഗ്രാമിന് രൂപയിലേക്ക് മാറ്റുമ്പോള്‍ 7118 രൂപ യുഎഇയില്‍ ചെലവ് വരും. കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഗ്രാമിന് 7390 രൂപയാണ് വില. അതായത്, 272 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. ഒരു പവന്റെ വില നോക്കുമ്പോള്‍ 2176 രൂപയുടെ മാറ്റമേയുള്ളൂ. 10 പവന് 21760 രൂപയുടെ വ്യത്യാസവും. പരിധി വിട്ട് വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിന് മതിയായ രേഖ ആവശ്യവുമാണ്.
ഏറ്റവും വില കുറഞ്ഞ സ്വര്‍ണം ഇതാണ്
ഈ വേളയില്‍ എടുത്തു പറയേണ്ട മറ്റൊരു കാര്യം 18 കാരറ്റിന്റേതാണ്. ആഭരണം എന്ന നിലയില്‍ മാത്രം സ്വര്‍ണത്തെ കാണുന്നവര്‍ക്ക് ഏറ്റവും നല്ലത് 18 കാരറ്റിലെ ആഭരണങ്ങളാണ്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 6090 രൂപയാണ്. യുഇയിലെ 251 ദിര്‍ഹം രൂപയിലക്ക് മാറ്റുമ്പോള്‍ 5906 രൂപ വരും. അതായത് 184 രൂപയുടെ കുറവ് മാത്രമാണ് യുഎഇയിലുള്ളത്.
എന്നാല്‍, അടിയന്തര ആവശ്യങ്ങളില്‍ ബാങ്കില്‍ പണയം വയ്ക്കുക എന്ന ലക്ഷ്യവും മലയാളിക്ക് സ്വര്‍ണം വാങ്ങുമ്പോഴുണ്ട്. 75-25 അനുപാതം സ്വര്‍ണമുള്ള 18 കാരറ്റ് ബാങ്കുകളില്‍ സ്വീകരിക്കില്ല. 24 കാരറ്റിലെ സ്വര്‍ണക്കട്ടികളും സ്വീകരിക്കില്ല.
22 കാരറ്റിലെ ആഭരണങ്ങളാണ് ബാങ്കുകളില്‍ വായ്പയ്ക്ക് വേണ്ടി ഈടായി കൊടുക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെയാണ് മിക്കവരും 22 കാരറ്റിനെ സമീപിക്കുന്നത്.












Click it and Unblock the Notifications