സ്വർണം യുഎഇക്കാരുടെ കൈയും പൊള്ളിക്കും: റെക്കോർഡ് വില, പക്ഷെ കേരളത്തിന്റെ അടുത്തെങ്ങുമില്ല, വന്‍ ലാഭം
കേരളത്തില്‍ മാത്രമല്ല, ലോകത്ത് എമ്പാടുമായി സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ ഇഷ്ട വിപണിയായ യു എ ഇയില്‍ ചൊവ്വാഴ്ചയും സ്വർണ വില ഉയർന്നു. ഗ്രാമിന് 4.50 ദിർഹം വർധിച്ചതോടെ എക്കാലത്തെയും ഉയർന്ന നിരക്കിലേക്കാണ് യു എ ഇയില്‍ സ്വർണ വില എത്തിയിരിക്കുന്നത്.
24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 286.25 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും 4.5 ദിർഹത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് ഗ്രാമിന് യഥാക്രമം 265 ദിർഹം, 256.76 ദിർഹം, 220.0 ദിർഹം എന്നിങ്ങനെ ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

ആഭരണ നിർമ്മാണത്തിന് വലിയ തോതില്‍ നിർമ്മിക്കുന്ന 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 265 ദിർഹം എന്ന് പറയുമ്പോള്‍, അത് ഇന്ത്യന്‍ വിലയില്‍ 6004 രൂപയോളം വരും. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 600 രൂപയിലേറെ വ്യത്യാസം യുഎഇയിലുണ്ട്. കേരളത്തില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6610 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്റെ വില 52880 രൂപയാണ്. യു എ ഇയിലാണെങ്കില്‍ ഇത് 48032 രൂപയാണ്. നാട്ടിലും യു എ ഇയിലുമായി ഒരു പവന്റെ വിലയില്‍ 4848 രൂപയുടെ വ്യത്യാസമാണുള്ളത്. ഫലത്തില്‍ പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ നിന്നും സ്വർണം വാങ്ങുന്നതിനേക്കാള്‍ ലാഭം യു എ ഇയില്‍ നിന്നും സ്വർണം വാങ്ങുന്നതാണ്.
ജിയോപൊളിറ്റിക്കല്‍ ടെന്‍ഷന്‍, പണ ലഘൂകരണ പ്രതീക്ഷകൾ, ചൈനീസ് സാമ്പത്തിക പ്രതിസന്ധികൾ, മറ്റ് ആഗോള ഘടകങ്ങൾ എന്നിവയാണ് സ്വർണ വിലയെ സ്വാധീനിച്ചത്. അതേസമയം കേരളത്തിലും ഇന്ന് റെക്കോർഡ് നിരക്കിലാണ് സ്വർണ വില. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഇന്നലത്തെ റെക്കോഡ് വില വീണ്ടും തിരുത്തിക്കുറിക്കപ്പെട്ടു. ഇന്ന് 52880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൊടുക്കേണ്ടത്.
ഇന്നലെ രണ്ട് തവണയായിരുന്നു സ്വർണ വില വർധിച്ചത്. ഇന്നലെ രാവിലെ 80 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 52600 എന്ന നിലയിലായി വ്യാപാരം. ഉച്ചക്ക് ശേഷം 200 രൂപ കൂടി വര്‍ധിക്കുകയും ചെയ്തതോടെ 52800 എന്ന റെക്കോഡും സ്വര്‍ണം പവന്‍ വിലയില്‍ കുറിച്ചു.












Click it and Unblock the Notifications