സ്വര്‍ണം വാങ്ങാന്‍ നല്ലത് യുഎഇ; കേരളത്തിലേക്കാള്‍ വന്‍ വിലക്കുറവ്... ദിര്‍ഹത്തിന്റെ മൂല്യം കൂടി
ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത് ജിസിസി രാജ്യമായ യുഎഇ. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ വലിയ വ്യത്യാസമുണ്ട്. യുഎഇയിലും ഇന്ന് സ്വര്‍ണത്തിന് വില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഇത്രയും വില കുറയുന്നത് ആദ്യമാണെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലും ഇന്ന് സ്വര്‍ണവില കുറയുകയാണ് ചെയ്തത്.
ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് എല്ലാ വിപണിയിലും വില കുറയാന്‍ കാരണം. കേരളത്തില്‍ 440 രൂപയാണ് പവന്‍ വിലയില്‍ കുറവ് വന്നിരിക്കുന്നത്. യുഎഇയില്‍ ഗ്രാമിന് ഒരു ദിര്‍ഹം താഴ്ന്നു. പ്രവാസികള്‍ക്ക് ഇതൊരു അതുല്യ അവസരമാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ദിര്‍ഹം കരുത്ത് കൂട്ടിയതും പ്രവാസികള്‍ക്ക് നേട്ടമാണ്.

ഗ്രാം വിലയിലാണ് ഒരു ദിര്‍ഹത്തിന്റെ കുറവ് വന്നിരിക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 325.5 ദിര്‍ഹമാണ് ഇന്നത്തെ വില. 22 കാരറ്റ് ഗ്രാമിന് 301.25 ദിര്‍ഹം, 21 കാരറ്റ് ഗ്രാമിന് 291.75 ദിര്‍ഹം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 ദിര്‍ഹം എന്നിങ്ങനെയാണ് ഇന്നത്തെ വില. പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്നത്തെ ദിവസം തിരഞ്ഞെടുക്കുന്നത് നേട്ടമാകും.
ആഗോള വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടക്കുന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. അമേരിക്കന്‍ പണപ്പെരുപ്പ നിരക്ക് ആശങ്കയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണം വിറ്റഴിച്ച് ലാഭം കൊയ്യുകയാണ് നിക്ഷേപകര്‍. രൂപയും ദിര്‍ഹവും തമ്മിലുള്ള മൂല്യ വ്യത്യാസത്തിലും പ്രവാസികള്‍ക്ക് ഇന്ന് സന്തോഷത്തിന്റെ ദിനമാണ്.
ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇ ദിര്‍ഹം 23.08 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ദിര്‍ഹം മൂല്യം കൂടി. അതായത്, രൂപ വലിയ ഇടിവിലേക്ക് പോകുകയാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 84.83 എന്ന നിരക്കിലാണുള്ളത്. വ്യാപാരം തുടരുന്നതിനാല്‍ നേരിയ വ്യതിയാനം സംഭവിച്ചേക്കാം. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ ദിര്‍ഹം അല്‍പ്പം താഴും.
ഇനി സ്വര്‍ണം കേരളത്തില്‍ നിന്ന് വാങ്ങുന്നതാണോ യുഎഇയില്‍ നിന്ന് വാങ്ങുന്നതാണോ ലാഭം എന്ന് പരിശോധിക്കാം. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7230 രൂപയാണ് വില. യുഎഇയിലെ വില രൂപയിലേക്ക് മാറ്റുമ്പോള്‍ 6955 വരും. അതായത്, ഒരു പവന് 2200 രൂപയുടെ ലാഭം യുഎഇയില്‍ നിന്ന് വാങ്ങുമ്പോള്‍ ലഭിക്കും. നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
കേരളത്തിലെയും യുഎഇയിലേക്കും സ്വര്‍ണവില താരതമ്യം ചെയ്യുമ്പോള്‍ നേരത്തെ വലിയ വിലക്കുറവ് യുഎഇയില്‍ ആയിരുന്നു. എന്നാല്‍ ഇറക്കുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതോടെ ഈ വിടവ് കുറഞ്ഞു. എങ്കിലും യുഎഇയില്‍ നിന്ന് വാങ്ങുന്നതാണ് ലാഭം. പത്ത് പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 22000 രൂപയുടെ ലാഭം ലഭിക്കും. യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികള്‍ ഇത്തരത്തില്‍ സ്വര്‍ണം വാങ്ങി നേട്ടം കൊയ്യാറുണ്ട്.












Click it and Unblock the Notifications