യുഎഇയില്‍ വീട് വാങ്ങാം; ശമ്പളം നിര്‍ണായകം, ഡിജിറ്റല്‍ ഹോം ലോണ്‍ അവതരിപ്പിച്ച് ബാങ്ക്
ദുബായ്: യുഎഇയില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വീട് വാങ്ങുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ച് ദുബൈ ആസ്ഥാനമായുള്ള മശ്‌രിഖ് ബാങ്ക് പുതിയ ഡിജിറ്റല്‍ ഹോം ലോണ്‍ സേവനം ആരംഭിച്ചു. കുറഞ്ഞത് 15,000 ദിര്‍ഹം മാസശമ്പളമുള്ളവര്‍ക്ക് ബാങ്കില്‍ പോകാതെ തന്നെ തങ്ങള്‍ക്ക് എത്ര രൂപ വരെ വായ്പ ലഭിക്കുമെന്ന് ഓണ്‍ലൈനായി പരിശോധിക്കാനും അന്നുതന്നെ വായ്പയുടെ പ്രാഥമിക അനുമതി പത്രം (Pre-approval letter) കൈപ്പറ്റാനും ഇതിലൂടെ സാധിക്കും.
ബാങ്ക് വായ്പകള്‍ക്ക് മാസങ്ങള്‍ നീളുന്ന കടലാസ് ജോലികള്‍ ആവശ്യമായ ഘട്ടത്തിലാണ് മശ്‌രിഖ് ബാങ്കിന്റെ പുതിയ ഡിജിറ്റല്‍ ഹോം ലോണ്‍ സേവനം. പുതിയ സേവനത്തിലൂടെ എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട്, ഐബാന്‍ (IBAN) എന്നീ വിവരങ്ങള്‍ നല്‍കുന്നതിലൂടെ അപേക്ഷകര്‍ക്ക് തങ്ങളുടെ സാമ്പത്തിക ശേഷി കൃത്യമായി മനസ്സിലാക്കാം.

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി തിരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ബജറ്റ് നിശ്ചയിക്കാന്‍ ഇത് സഹായകമാകും. അപേക്ഷിക്കുന്ന അതേ ദിവസം തന്നെ വെരിഫൈഡ് പ്രീഅപ്രൂവല്‍ ലെറ്റര്‍ ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
യോഗ്യതയും വ്യവസ്ഥകളും
വായ്പ നല്‍കുന്നതില്‍ ബാങ്ക് പ്രധാനമായും പരിഗണിക്കുന്ന കാര്യങ്ങള്‍ ഇവയാണ്:
- അടിസ്ഥാന ശമ്പളം: കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളമുള്ള ശമ്പളക്കാരായ ജീവനക്കാര്‍ക്കായിരിക്കും ഈ സേവനം.
- മറ്റ് ബാധ്യതകള്‍: കാര്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തുടങ്ങിയവ ലോണ്‍ തുകയെ ബാധിക്കും. യുഎഇ സെന്‍ട്രല്‍ ബാങ്ക് നിയമപ്രകാരം ഒരാളുടെ ആകെ കടബാധ്യത മാസവരുമാനത്തിന്റെ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
- വായ്പാ പരിധി: ആദ്യമായി വീട് വാങ്ങുന്ന പ്രവാസികള്‍ക്ക് പ്രോപ്പര്‍ട്ടി മൂല്യത്തിന്റെ 80 ശതമാനം വരെ ബാങ്ക് വായ്പയായി നല്‍കും.
അവസാന ഘട്ട പരിശോധന
പ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഉപഭോക്താവിന് പ്രോപ്പര്‍ട്ടി തിരഞ്ഞെടുക്കാം. തുടര്‍ന്ന് പ്രോപ്പര്‍ട്ടി രേഖകള്‍ സമര്‍പ്പിക്കുമ്പോഴാണ് ബാങ്ക് ഇതിന്റെ മൂല്യം പരിശോധിച്ച് അന്തിമ അനുമതി നല്‍കുന്നത്. പ്രാഥമിക അനുമതിക്ക് ശേഷം സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടായാലോ മറ്റ് നിബന്ധനകള്‍ പാലിക്കാതിരുന്നാലോ വായ്പ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് അമിതമായ സാമ്പത്തിക ഭാരം ഉണ്ടാകാത്ത രീതിയില്‍, അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുന്ന 'ഉത്തരവാദിത്തമുള്ള ലോണ്‍ തുക' നിശ്ചയിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആവശ്യമായ രേഖകള്‍:
- എമിറേറ്റ്‌സ് ഐഡി (Emirates ID)
- പാസ്‌പോര്‍ട്ട് (Passport)
- ഐബാന്‍ നമ്പര്‍ (IBAN Number).












Click it and Unblock the Notifications