മോദിയുടേയും നഹ്യാന്റെയും ആ തീരുമാനം ചരിത്രമായി; യുഎഇക്ക് ഞെട്ടിച്ച കയറ്റുമതി: അതും എണ്ണയില്ലാതെ
ഇന്ത്യയുമായുള്ള യു എ ഇയുടെ എണ്ണയിതര വ്യാപാരത്തില്‍ വന്‍ വർധനവ്. 2024 ൽ 20.5 ശതമാനമാണ് വ്യാപരത്തിലെ വർദ്ധനവെന്നാണ് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 2023 ൽ 54 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരമാണ് നടന്നതെങ്കില്‍ 2024 ലെ എണ്ണയിതര വ്യാപാര മൂല്യം 65 ബില്യൺ യുഎസ് ഡോളറില്‍ അധികമാണ്.
മെയ് 1 ന് മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് (സിഇപിഎ) ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തിയത്. എണ്ണ ഇതര വ്യാപാരം, സംയുക്ത സംരംഭങ്ങൾ, പരസ്പര നിക്ഷേപങ്ങൾ എന്നിവയിലെ വലിയ മുന്നേറ്റത്തില്‍ നിർണ്ണായക പങ്കാണ് സി ഇ പി എ വഹിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ സുസ്ഥിര വളർച്ച വളർത്തുന്നതിൽ ഈ കരാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് അനുസരിച്ച്, 2024 ൽ യു എ ഇയുടെ എണ്ണ ഇതര കയറ്റുമതിയുടെ മുൻനിര ലക്ഷ്യസ്ഥാനം ഇന്ത്യയായിരുന്നു. യു എ ഇയുടെ മൊത്തം കയറ്റുമതിയുടെ 13.5 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. 2023 നെ അപേക്ഷിച്ച് ഈ കയറ്റുമതിയുടെ അളവിൽ 75.2 ശതമാനം വർധനവാണുണ്ടായത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനെ എടുത്തുകാണിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള വെർച്വൽ ഉച്ചകോടിയിൽ 2022 ഫെബ്രുവരി 18 നായിരുന്നു സി ഇ പി എയില്‍ ഒപ്പുവെച്ചത് . 2022 മെയ് 01 മുതൽ കരാർ പ്രാബല്യത്തിൽ വന്നു.
സി ഇ പി എ ഒപ്പുവച്ചതിനുശേഷം, 2020-21 സാമ്പത്തിക വർഷത്തിൽ 43.3 ബില്യൺ യു എസ് ഡോളറായിരുന്ന ഉഭയകക്ഷി ചരക്ക് വ്യാപാരം 2023-24 ൽ 83.7 ബില്യൺ ഡോളറിലേക്ക് എത്തി. നിലവിലെ സാമ്പത്തിക വർഷത്തിൽ 2025 ജനുവരി വരെയുള്ള കാലയളവിൽ ഇത് 80.5 ബില്യൺ യുഎസ് ഡോളറാണ്. 2023-24 സാമ്പത്തിക വർഷത്തിൽ എണ്ണ ഇതര വ്യാപാരം 57.8 ബില്യൺ യുഎസ് ഡോളറിലെത്തിയതോടെ വ്യാപാര വൈവിധ്യവൽക്കരണത്തിന്റെ സാധ്യതകളും ഇരുരാജ്യങ്ങള്‍ക്കും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞു.
2030 ഓടെ ഉഭയകക്ഷി എണ്ണ ഇതര വ്യാപാരത്തെ 100 ബില്യൺ യുഎസ് ഡോളറിലെത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നത്. സി ഇ പി എ മുൻഗണനാ തീരുവകളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ, പ്രാബല്യത്തിൽ വന്നതിനുശേഷം, ഏകദേശം 2,40,000 ഒറിജിൻ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്, ഇതിൽ നിന്ന് യു എ ഇ യിലേക്ക് മൊത്തം 19.87 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതി നടന്നു.
ഇന്ത്യയുടെ കയറ്റുമതിയുടെ കാര്യത്തിൽ, 2023-24 സാമ്പത്തിക വർഷത്തിൽ എണ്ണ ഇതര കയറ്റുമതി 27.4 ബില്യൺ യുഎസ് ഡോളറിലെത്തി. അതായത് സിഇപിഎ പ്രാബല്യത്തിൽ വന്നതിനുശേഷം ശരാശരി 25.6% വളർച്ച രേഖപ്പെടുത്തി. മേഖലാ തലത്തിൽ, ശുദ്ധീകരിച്ച അസംസ്കൃത എണ്ണ ഉൽപന്നങ്ങൾ, രത്ന-ആഭരണ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമേ, ഇലക്ട്രിക്കൽ യന്ത്രങ്ങളും ഉപകരണങ്ങളും, ബോയിലറുകൾ, ജനറേറ്ററുകൾ, റിയാക്ടറുകൾ പോലുള്ള ലൈറ്റ് & മീഡിയം ഹൈ ടെക്നോളജി ഉൽപ്പന്നങ്ങൾ, ഓർഗാനിക് & ഇൻ-ഓർഗാനിക് കെമിക്കലുകൾ എന്നിവയുടെ കയറ്റുമതിയിലും വർധനവുണ്ടായി. കൂടാതെ, ഉൽപ്പന്ന തലത്തിൽ, 2023-24 സാമ്പത്തിക വർഷത്തിൽ യുഎഇയിലേക്ക് 2.57 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള കയറ്റുമതികളോടെ സ്മാർട്ട്‌ഫോണുകളും ഒരു പ്രധാന കയറ്റുമതി ഇനമായി ഉയർന്നുവന്നിട്ടുണ്ട്.












Click it and Unblock the Notifications