യുഎഇ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നോ? ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ, മറ്റു ഗള്‍ഫ് യാത്രയ്ക്കും
ദുബായ്: സീസണില്‍ ടിക്കറ്റ് നിരക്ക് കൂട്ടി ലാഭം കൊയ്യുകയാണ് വിമാന കമ്പനികളുടെ പതിവ് രീതി. ചില കമ്പനികള്‍ കൂടുതല്‍ യാത്രക്കാരെ കിട്ടാന്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്യും. യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ അറേബ്യ. നാട്ടിലേക്ക് വരാന്‍ കൊതിക്കുന്ന പ്രവാസികള്‍ ഇതുകൂടി പരിശോധിച്ചാല്‍ നേട്ടമായേക്കും.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മാത്രമല്ല, ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും എയര്‍ അറേബ്യ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളില്‍ അവധി ആഘോഷത്തിന് തയ്യാറെടുക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. ബലി പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയില്‍ നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അവധി ആഘോഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് എയര്‍ അറേബ്യയുടെ ഓഫര്‍.

പ്രവാസികളില്‍ ചിലര്‍ നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ യുഎഇയിലുള്ള മറ്റു ചിലര്‍ അയല്‍ രാജ്യങ്ങളിലേക്ക് പോകാനും താല്‍പ്പര്യപ്പെടാറുണ്ട്. അവര്‍ക്കെല്ലാം ഗുണം ചെയ്യുന്നതാകും പുതിയ ഓഫര്‍. ഇന്ത്യയിലേക്ക് ഓഫര്‍ പ്രഖ്യാപിച്ചതിന് പുറമെ അര്‍മേനിയ, ഈജിപ്ത്, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ലബ്‌നാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലേക്കും എയര്‍ അറേബ്യ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു.
ജൂണ്‍ 2 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവുള്ളത്. ഒമാനിലേക്ക് 129 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 149 ദിര്‍ഹവും. ഇന്ത്യയിലേക്ക് 299 ദിര്‍ഹമാണ് നിരക്ക്. ഏകദേശം 6926 രൂപ വരും. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രയ്ക്കാണ് ഓഫര്‍ എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അവധി പ്രഖ്യാപിച്ച പിന്നാലെ ബുക്കിങ് കൂടി
നാല് ദിവസമാണ് യുഎഇ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വിവരം പുറത്തുവന്ന പിന്നാലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ വലിയ തോതിലുള്ള ടിക്കറ്റ് ബുക്കിങ് നടക്കുന്നുണ്ട്. നിരവധി ആളുകളാണ് ടിക്കറ്റ് നിരക്ക് ചോദിച്ച് ട്രാവല്‍ ഏജന്‍സികളിലേക്ക് വിളിക്കുന്നത്. യുഎഇ താമസക്കാര്‍ക്ക് വിസാ ഫ്രീ യാത്ര പോകാന്‍ സാധിക്കുന്ന രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് കൂടുതല്‍ ബുക്കിങ്.
എയര്‍ അറേബ്യ മാത്രമല്ല, യുഎഇയില്‍ നിന്ന് മറ്റു വിമാന കമ്പനികളും യാത്രാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാന കമ്പനികളും ഇളവ് പ്രഖ്യാപിച്ചു. സീസണില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 1100 ദിര്‍ഹമാണ് വേണ്ടി വരിക. ഡല്‍ഹിയിലേക്ക് 1146 ദിര്‍ഹം, മുംബൈയിലേക്ക് 1184 ദിര്‍ഹം, ബെംഗളൂരുവിലേക്ക് 1787 ദിര്‍ഹം എന്നിങ്ങെയാണ് നിരക്ക്.
ജൂണ്‍ ആറിന് ബലിപെരുന്നാള്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുല്‍ഹജ്ജ് മാസം പത്തിനാണ് പെരുന്നാള്‍. എല്ലാ ജിസിസി രാജ്യങ്ങളിലും നാല് ദിവസം പെരുന്നാള്‍ അവധിയുണ്ട്. സര്‍ക്കാര്‍-കമ്പനി ജോലിക്കാര്‍ക്കാണ് ഇത്തരം അവധികള്‍ നേട്ടമാകുക. എന്നാല്‍ എല്ലാ പ്രവാസികള്‍ക്കും ഈ അവധി ആനുകൂല്യം കിട്ടാറില്ല. കാരണം സാധാരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പെരുന്നാള്‍ ദിവസം മാത്രമാണ് തൊഴില്‍ ഉടമകള്‍ അവധി നല്‍കാറ്.












Click it and Unblock the Notifications