യുഎഇ വിപണി പിടിക്കാന്‍ ഇന്ത്യ; എന്താണ് ഭാരത് മാര്‍ട്ട്? ചൈനയുടെ ഡ്രാഗണ്‍ മാര്‍ട്ടിന് വെല്ലുവിളി
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം പല കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയില്‍ ഉദ്ഘാടനം ചെയ്യുന്നത് മാത്രമല്ല ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത. ഇന്ത്യയും യുഎഇയും ഭാഗമാകുന്ന, ഇന്ത്യയില്‍ നിന്ന് തുടങ്ങി യൂറോപ്പില്‍ അവസാനിക്കുന്ന ചരക്കുപാതയുമായി ബന്ധപ്പെട്ട കരാറും ഒപ്പുവച്ചു.
യുഎഇയിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ മോദി ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭാരത് മാര്‍ട്ട് എന്ന സംരംഭത്തിന് മോദി തുടക്കമിട്ടിരിക്കുന്നത്. ചൈന യുഎഇയില്‍ നടപ്പാക്കിയ ഡ്രാഗണ്‍ മാര്‍ട്ട് പദ്ധതിക്ക് വലിയ വെല്ലുവിളിയാകും ഇന്ത്യയുടെ ഭാരത് മാര്‍ട്ട്. 10000 കോടി വ്യാപാര ഇടപാടിലേക്ക് കുതിക്കുന്ന ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ നാഴികകല്ലാകും ഈ പദ്ധതി. അറിയാം എന്താണ് ഭാരത് മാര്‍ട്ട്...

ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ദുബായില്‍ വ്യാപാരം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ദുബായില്‍ സംരംഭകര്‍ക്ക് ആവശ്യമായ സംഭരണ കേന്ദ്രമാണ് ഭാരത് മാര്‍ട്ട്. വിപുലമായ സൗകര്യങ്ങളാണ് ഈ സംഭരണ കേന്ദ്രത്തില്‍ ഒരുക്കുക. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന എല്ലാ വസ്തുക്കളും ഈ കേന്ദ്രത്തില്‍ ലഭ്യമാകും. ഇതാകട്ടെ, വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാകും.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിയാണ് ഭാരത് മാര്‍ട്ട്. ചൈനയ്ക്ക് സമാനമായ രീതിയില്‍ ഡ്രാഗണ്‍ മാര്‍ട്ട് നിലവിലുണ്ട്. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്കായി വരുന്ന ഭാരത് മാര്‍ട്ട് ചൈനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച. അതേസമയം, അടുത്ത വര്‍ഷമാകും ഭാരത് മാര്‍ട്ട് സമ്പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുക എന്നാണ് വിവരം.
ഒരു ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വിശാലമായ സംഭരണ കേന്ദ്രമാണ് ഭാരത് മാര്‍ട്ട്. സംഭരണം, ചില്ലറ വില്‍പ്പന, വിവിധ കമ്പനികളുടെ ഓഫീസുകള്‍ തുടങ്ങി എല്ലാം ഇവിടെയുണ്ടാകും. ജബല്‍ അലി ഫ്രീ സോണിലാണ് ഭാരത് മാര്‍ട്ട് പ്രവര്‍ത്തിക്കുക. ആഗോള വിപണിയിലേക്ക് ചരക്കുകള്‍ ലഭ്യമാകുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും ഇവിടെ ഒരുക്കും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ സൂചനയാണ് ഭാരത് മാര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പെട്രോളിയം ഇതര വ്യാപാരം 10000 കോടി ഡോളറിലെത്തിക്കുക എന്നതാണ് ലക്ഷ്യം. 2030 ആകുമ്പോള്‍ ഈ ലക്ഷ്യം നേടാനാണ് ഇന്ത്യയുടെയും യുഎഇയുടെയും ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഒപ്പുവച്ചത്.
ഭാരത് മാര്‍ട്ട് വലിയ വിതരണ കേന്ദ്രമായി മാറുമെന്ന് ഡിപി വേള്‍ഡ് ജിസിസി സിഇഒ അബ്ദുല്ല അല്‍ ഹശ്മി പറഞ്ഞു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഭാരത് മാര്‍ട്ടിന് കഴിയും. അതേസമയം, ദുബായിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലേക്ക് തിരിക്കും. അമീര്‍ ശൈഖ് തമീമുമായി ചര്‍ച്ച നടത്തിയ ശേഷമാകും മോദി നാട്ടിലേക്ക് മടങ്ങുക.












Click it and Unblock the Notifications