ഒറ്റയക്കത്തിന് ഇന്ത്യന്‍ പ്രവാസിക്ക് നഷ്ടമായത് ഒന്നും രണ്ടുമല്ല, 226 കോടി രൂപ.! എങ്കിലും രണ്ടാം സമ്മാനം ഉറപ്പ്
അബുദാബി: ലോട്ടറി പോലുള്ള സമ്മാനങ്ങള്‍ ലഭിക്കുന്ന നറുക്കെടുപ്പുകളില്‍ ഭാഗ്യം പരീക്ഷിക്കാത്തവര്‍ വിരളമായിരിക്കും. ഏറെ കാലമായി ലോട്ടറിയെടുത്തിട്ടും ഭാഗ്യം തുണയ്ക്കാത്തവരും ആദ്യ അവസരത്തില്‍ തന്നെ ബംബര്‍ സമ്മാനങ്ങള്‍ ലഭിക്കുന്നവരും ഒരുപാടുണ്ട്. ഒറ്റ നമ്പറിന്റെ വ്യത്യാസത്തില്‍ വലിയൊരു ബംബര്‍ സമ്മാനം നഷ്ടപ്പെട്ടവരെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ആ പട്ടികയിലേക്കാണ് അലക്സ് സേവ്യര്‍ ഫെര്‍ണാണ്ടസ് എന്ന മുംബൈ സ്വദേശിയും എത്തിയിരിക്കുന്നത്.
എമിറേറ്റ്സ് ഡ്രോ മെഗാ7 ല്‍ ഗ്രാന്റ് പ്രൈസ് ഒറ്റ അക്കത്തിന്റെ വ്യത്യാസത്തിലാണ് അലക്സ് സേവ്യര്‍ ഫെര്‍ണാണ്ടസിന് നഷ്ടമായത്. ഇതൊക്കെ സാധാരണമല്ലേ എന്ന് ആശ്വസിക്കാന്‍ വരട്ടെ. സമ്മാനത്തുക എത്രയാണ് എന്ന് കേട്ടാലാണ് എത്രത്തോളം വലിയ ഭാഗ്യമാണ് അലക്സ് സേവ്യര്‍ ഫെര്‍ണാണ്ടസിന് തലനാരിഴക്ക് നഷ്ടപ്പെട്ടത് എന്ന് അറിയുക. 100 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനമാണ് അലക്സ് സേവ്യര്‍ ഫെര്‍ണാണ്ടസിന് ഒറ്റ നമ്പറിന്റെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടത്.

അതായത് ഏകദേശം 226 കോടി ഇന്ത്യന്‍ രൂപ! കഴിഞ്ഞ 27 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഫെര്‍ണാണ്ടസ് ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസ് ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്. ഒന്നാം സമ്മാനം നഷ്ടമായെങ്കിലും 56 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം അലക്‌സ് സേവ്യര്‍ ഫെര്‍ണാണ്ടസിന് ലഭിക്കും. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിലെ ഏഴ് അക്കങ്ങളിലും ആറും അലക്‌സ് സേവ്യര്‍ ഫെര്‍ണാണ്ടസിന്റെ ടിക്കറ്റുമായി സാമ്യമുള്ളതായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അലക്‌സ് സേവ്യര്‍ ഫെര്‍ണാണ്ടസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ എല്ലാ ആഴ്ചയും മെഗാ7, ഈസി6, ഫാസ്റ്റ്5 എന്നീ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ട്. എമിറേറ്റ്‌സ് നറുക്കെടുപ്പ് സംഘാടകരില്‍ നിന്ന് വന്ന മെയില്‍ തന്നെ അമ്പരപ്പിച്ചു എന്ന് അലക്‌സ് സേവ്യര്‍ ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.
ഇതിന് മുന്‍പ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിരുന്ന അലക്‌സ് ആ തുക തന്റെ ക്രെഡിറ്റില്‍ സൂക്ഷിക്കുകയും അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ വാങ്ങുകയും ചെയ്തു. നമ്പറുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ട്രിക്കുകളൊന്നുമില്ലെന്നും മനസില്‍ തോന്നുന്ന ഊഹത്തിന് അനുസരിച്ച് നമ്പര്‍ തിരഞ്ഞെടുക്കാറാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ലഭിച്ച സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണം എന്നും അലക്‌സിന് പദ്ധതിയുണ്ട്.
എന്നാല്‍ ഇതില്‍ അവസാന തീരുമാനം ഭാര്യയുടേതാണെന്നും അലക്‌സ് സേവ്യര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. തന്നെക്കാള്‍ മികച്ച രീതിയില്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ഭാര്യയാണ് എന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. സമ്മാനവിവരം ലഭിച്ചതിന് ശേഷം അലക്‌സ് ആദ്യം വിളിച്ചതും ഭാര്യയെയായിരുന്നു. എങ്കിലും തനിക്ക് ഒന്നിലധികം അവസരങ്ങള്‍ നല്‍കി അനുഗ്രഹിച്ച നഗരത്തിന് എന്തെങ്കിലും തിരികെ നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി.
രക്തദാന ഡ്രൈവുകളില്‍ പങ്കെടുത്തും ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളില്‍ സംഭാവന നല്‍കിയും ഇത് ചെയ്യാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. ഒരിക്കല്‍ 100 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നേടുമെന്ന പ്രതീക്ഷയില്‍ വീണ്ടും താന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications