പ്രവാസികൾ ശ്രദ്ധിക്കുക! പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് നാളെ മുതൽ പുതിയ നിയമം; സുപ്രധാന അറിയിപ്പ്
യുഎഇയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന് വളരെ സുപ്രധാനമായ അറിയിപ്പുമായി ഇന്ത്യൻ എംബസി. അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കൺസുലർ സേവനങ്ങൾ നൽകുന്നതിനുള്ള നിയമങ്ങളിൽ താൽക്കാലികമായി വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജൂലൈ രണ്ട് മുതൽ പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
സാധാരണയായി ഇത്തരം സേവനങ്ങൾ ഔട്ട്സോഴ്സിങ് ഏജൻസികൾ വഴിയാണ് നൽകിയിരുന്നത് എങ്കിൽ, ചില ഭരണപരമായ കാരണങ്ങളാൽ താൽക്കാലികമായി എംബസിയും കോൺസുലേറ്റും നേരിട്ടായിരിക്കും ഇനി മുതൽ പരിമിതമായ രീതിയിൽ ഈ സേവനങ്ങൾ നൽകുക. നിലവിലുണ്ടായിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിവൈഎസ് ഗ്ലോബൽ എന്നീ ഏജൻസികളുടെ കാലാവധി കഴിഞ്ഞ് പുതിയ പങ്കാളിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ചുമതലയേൽക്കുന്നതിനിടയിലുള്ള തടസ്സങ്ങൾ ഒഴിവാക്കാനാണ് ഈ പുതിയ നീക്കം നടത്തുന്നത്.
പുതിയ ക്രമീകരണങ്ങൾ അനുസരിച്ച് മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. പകരം ആളുകൾക്ക് നേരിട്ടെത്തി ടോക്കൺ എടുക്കാവുന്ന വാക്ക്-ഇൻ സംവിധാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. അബുദാബിയിലെ എംബസിയിലും ദുബായിലെ കോൺസുലേറ്റിലും രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ മാത്രമായിരിക്കും വാക്ക്-ഇൻ സമയമെന്ന് പ്രത്യേകം ഓർക്കണം. സേവനങ്ങൾ ആവശ്യമുള്ളവർ അപേക്ഷാ ഫോമുകൾ പൂർണ്ണമായി പൂരിപ്പിച്ച് ആവശ്യമായ മറ്റ് രേഖകളും സഹിതം നേരിട്ട് തന്നെ ഓഫീസുകളിൽ എത്തേണ്ടതുണ്ട്. അപേക്ഷാ ഫീസ് അടച്ചതിന് ശേഷം മാത്രമേ ഫോമുകൾ സ്വീകരിക്കുകയുള്ളൂ. ഓഫീസുകളിലെ അനാവശ്യമായ തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷകന് മാത്രമായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് മാതാപിതാക്കളുടെ സാന്നിധ്യം നിർബന്ധമായതിനാൽ അവർക്ക് ഇളവ് അനുവദിക്കും.

സാമ്പത്തിക ഇടപാടുകളിലും പ്രധാനപ്പെട്ട ചില മാറ്റങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ കൺസുലർ ഫീസുകൾ ക്യാഷ് ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ പേയ്‌മെന്റുകളോ കാർഡുകളോ താൽക്കാലികമായി ലഭ്യമാകില്ല. അതുകൊണ്ട് തന്നെ ആവശ്യമുള്ള സേവനത്തിന് കൃത്യമായ തുക കയ്യിൽ കരുതാൻ അപേക്ഷകർ ശ്രദ്ധിക്കണം. എംബസിയിലും കോൺസുലേറ്റിലും ഇനി വരാൻ പോകുന്ന പുതിയ ഇന്ത്യൻ കൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും ഒരേ നിരക്കിലുള്ള പുതിയ ഫീസായിരിക്കും ഈടാക്കുക. കൂടുതൽ വിവരങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി പ്രവാസികൾക്ക് മുൻപത്തെപ്പോലെ തന്നെ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടാം. ഇതിനായി ടോൾ ഫ്രീ നമ്പറായ 800 46342 വഴിയോ, പ്ലസ് 971 54 309 0571 എന്ന വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഇമെയിൽ വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് [email protected] എന്ന വിലാസവും ഉപയോഗിക്കാം.
ദുബായിലെയും അബുദാബിയിലെയും മുൻപത്തെ ഏജൻസി സെന്ററുകളെല്ലാം നിലവിൽ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്. അൽഹിന്ദ് കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമാക്കുന്നത് വരെ ഈ താൽക്കാലിക സംവിധാനം തുടരുമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഏജൻസി എപ്പോൾ മുതൽ പ്രവർത്തനം ആരംഭിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി അറിയിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് വ്യാജ സ്രോതസ്സുകളിലൂടെയോ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും എംബസിയുടെയും കോൺസുലേറ്റന്റെയും ഒഫീഷ്യൽ പേജുകളിൽ വരുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും യുഎഇയിലെ ഇന്ത്യൻ അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു. ഈ താൽക്കാലിക മാറ്റം കാരണം ആളുകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എംബസി പരമാവധി ശ്രമിക്കുന്നുണ്ട്












Click it and Unblock the Notifications