യുഎഇ സംഭവം തന്നെ!! ഒഴുകിയെത്തി 18 ലക്ഷം ഇന്ത്യക്കാര്‍, കൂടുതല്‍ മലയാളികള്‍; പൊന്നു വിളയും ഭൂമി
ദുബായ്: യുഎഇ ഇന്ത്യക്കാരുടെ ഇഷ്ടനാടാണ്. ജോലി തേടിയും ആഘോഷങ്ങള്‍ക്കും വിനോദത്തിനുമെല്ലാം യുഎഇയിലേക്കാണ് കൂടുതല്‍ ഇന്ത്യക്കാര്‍ പോകുന്നത്. വിവാഹം യുഎഇയില്‍ വച്ച് നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും കൂടി വരികയാണ്. സിനിമാ പ്രൊമോഷനും ഷൂട്ടിങുമെല്ലാം മുമ്പത്തേക്കാള്‍ കൂടുതല്‍ യുഎഇയില്‍ നടക്കുന്നു. ഗോള്‍ഡന്‍ വിസ ഉള്‍പ്പെടെ പ്രഖ്യാപിച്ച് പ്രമുഖരെ ആകര്‍ഷിക്കാനും യുഎഇക്ക് സാധിച്ചിട്ടുണ്ട്.
യുഎഇയിലെ വിദേശികളുടെ എണ്ണത്തില്‍ കൂടുതലുമുള്ളത് ഇന്ത്യക്കാരാണ് എന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ വിദേശികളില്‍ 38 ശതമാനം ഇന്ത്യക്കാരാണത്രെ. ഇതില്‍ കൂടുതലും മലയാളികളും. കേരളക്കരയുടെ മുഖം മാറ്റാന്‍ സഹായിക്കുന്നത് യുഎഇ പ്രവാസികളുടെ പണമാണ് എന്നു കൂടി പറയാം. ഗള്‍ഫ് രാജ്യങ്ങളിലെ ജോലി സാധ്യതകള്‍ കുറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണക്കുകള്‍.

40 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയില്‍ മാത്രമായുള്ളത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവം ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയുടെ ഇന്നത്തെ പുരോഗതിക്ക് ഇന്ത്യക്കാര്‍ക്കുള്ള പങ്കും അദ്ദേഹം സൂചിപ്പിച്ചു.
നിര്‍മാണം, ചില്ലറ വില്‍പ്പന രംഗം, ആരോഗ്യ മേഖല എന്നിവിടങ്ങളിലെല്ലാം ഇന്ത്യക്കാര്‍ ഇവിടെ നിറസാന്നിധ്യമാണ്. 2012ല്‍ 22 ലക്ഷം ഇന്ത്യക്കാരായിരുന്നു യുഎഇയിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്ക് പ്രകാരം 39 ലക്ഷം കവിഞ്ഞു. 18 ലക്ഷത്തോളം ഇന്ത്യക്കാരാണ് 11 വര്‍ഷത്തിനിടെ യുഎഇയില്‍ ജോലിക്കെത്തിയത്.
അടുത്ത കാലത്തായി ഇന്ത്യയും യുഎഇയും സഹകരണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു. പ്രാദേശിക കറന്‍സികൡ ഇടപാട് തുടങ്ങി, യുപിഐ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്... ഇതിനെല്ലാം പുറമെ ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയാണ് യുഎഇ. ജോലി തേടി യുഎഇയിലെത്തുന്ന ഇന്ത്യക്കാര്‍ ഇനിയും കൂടുമെന്നാണ് കരുതുന്നത്.
യുഎഇയിലെ വിദേശികളില്‍ 37.96 ശതമാനം ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താന്‍കാര്‍ 8.61 ശതമാനം വരും. ലോകത്തെ എല്ലാ രാജ്യത്ത്് നിന്നുള്ള ജനങ്ങളും യുഎഇയില്‍ താമസിക്കുന്നുണ്ട് എന്നതും എടുത്തുപറയണം. ലോകത്തെ എല്ലാ മേഖലകളില്‍ നിന്നുള്ള ചരക്കുകളും വില്‍പ്പനയ്ക്ക് വേണ്ടി യുഎഇയില്‍ എത്തുന്നുമുണ്ട്.
സമാധാനപൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ രാജ്യമാണ് യുഎഇ. ഇന്ത്യക്കാര്‍ ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്ന രാജ്യം യുഎഇ ആണ് എന്ന് അടുത്തിടെ ഒരു സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. വര്‍ഷത്തില്‍ ശരാശരി 130000 ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി തേടി വരുന്നത് എന്നും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദി അറേബ്യ, അമേരിക്ക, മലേഷ്യ എന്നീ രാജ്യങ്ങളിലും യഥേഷ്ടം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications