യുഎഇ നിക്ഷേപകർക്കിടയില്‍ സ്വർണത്തിന് പ്രിയമേറുന്നു: ഫ്ലാറ്റുകളിലും പണം ഇറക്കുന്നു; കാരണം ഇതാണ്
യു എ ഇയില്‍ നിക്ഷേപകർക്കിടയില്‍ സ്വർണത്തിന്റെ ഡിമാന്‍ഡ് വലിയ തോതില്‍ ഉയരുന്നു. ഓഹരികൾ, ബിറ്റ്കോയിൻ, മറ്റ് ആസ്തികൾ എന്നിവയുടെ വില അമിത തോതില്‍ ഉയർന്നേക്കുമെന്ന സാഹചര്യത്തിലാണ് നിക്ഷേപകർ തങ്ങളുടെ പോർട്ട്ഫോളിയയില്‍ സ്വർണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കികൊണ്ടിരിക്കുന്നത്. ഓഹരികളിൽ പെട്ടെന്ന് ഇടിവ് വരുമോയെന്ന ആശങ്ക നിക്ഷേപകർക്കിടയില്‍ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കുന്നു, അതുകൊണ്ട് തന്നെ അവർ സ്വർണത്തില്‍ കൂടുതല്‍ നിക്ഷേപിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ 3350 ഡോളറിനടുത്താണ്. ദുബായിലെ വില നോക്കുകയാണെങ്കില്‍ ഒരു ഗ്രാമിന് 372.25 ദിർഹം നല്‍കണം. ഓഹരികളിലും ക്രിപ്റ്റോ വിൽപ്പനയിലും ലഭിച്ച ലാഭം ഉപയോഗിച്ച് യു എ ഇയിലെ ചില നിക്ഷേപകർ ദുബായിലും മറ്റ് എമിറേറ്റുകളിലും റിയൽ എസ്റ്റേറ്റിൽ വലിയ തോതില്‍ നിക്ഷേപിക്കുന്നുണ്ട്. ആഡംബര ഫ്ലാറ്റുകള്‍ക്ക് പുറമെ സാധാരണ-ഇടത്തരം ഫ്ലാറ്റുകളിലും നിക്ഷേപിക്കുന്നവർ ഏറെയാണ്.

'സ്റ്റുഡിയോ, ഒരു ബെഡ്‌റൂം അപ്പാർട്ട്മെന്റുകളിലേക്ക് ഗണ്യമായ തോതിൽ നിക്ഷേപം തിരിച്ചുവിടുന്നത് ഞങ്ങൾ കാണുന്നു. ബിറ്റ്കോയിനിന്റെ വില 110,000 ഡോളറിന് മുകളിലെത്തിയതോടെ, ഈ ഇടപാടുകളിൽ പലതും ക്രിപ്റ്റോ വഴിയാണ് നടക്കുന്നത്. ഈ പ്രോപ്പർട്ടികൾ വാടകയ്ക്ക് നൽകി 5-7% വരുമാനം നേടാമെന്നാണ് നിക്ഷേപകർ കരുതുന്നത്.' ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് പറയുന്നു.
പൈസ കൈവശമുള്ള യു എ ഇയിലെ യുവജനങ്ങളും മധ്യവർഗ്ഗക്കാരും ചെറിയ ഫ്ലാറ്റുകൾ വാങ്ങുന്നത് വളരെ അനുയോജ്യമായ കാര്യമാണ്. കുറച്ച് വർഷത്തിനുള്ളിൽ ഇവയുടെ വില ഇരട്ടിയാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ദുബായില്‍ അടുത്ത 5 വർഷം വരെ റിയൽ എസ്റ്റേറ്റിൽ വേഗത്തിൽ വളരും. ദുബായ് എക്സപോ 2030, വിനോദ സഞ്ചാരികളുടെ വരവ് എന്നിവയെല്ലാം ദുബായുടെ വളർച്ചാ സാധ്യത വ്യക്തമാക്കുന്നു.
യുഎസ് ഓഹരികളോ ക്രിപ്റ്റോയോ നൽകുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണത്തിലും റിയല്‍ എസ്റ്റേറ്റിലുമുള്ള ലാഭത്തിന്റെ തോത് കുറവാണെങ്കിലും റിസ്ക് കുറയ്ക്കുക എന്നതാണ് പലരുടേയും ലക്ഷ്യം. കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണ്ണ വില ഒരു ഔൺസിന് 50 ഡോളർ കുറഞ്ഞെങ്കിലും, 6 മാസത്തിനിടെ 400 ഡോളറിലേറെ ഉയർന്നു. നിലവിൽ 3,500 ഡോളർ നിലവാരത്തിൽ സ്ഥിരത കാത്തുസൂക്ഷിക്കുന്ന സ്വർണ്ണം, നിക്ഷേപകർക്ക് ഇപ്പോഴും ലാഭസാധ്യത വാഗ്ദാനം ചെയ്യുന്നു.












Click it and Unblock the Notifications