യുഎഇ-ഇറാന്‍ വിമാന സര്‍വീസ് തുടങ്ങുന്നു; ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കുവൈത്ത് സര്‍വീസ് ജൂലൈ 2ന്
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറിയതോടെ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നു. യുഎഇക്കും ഇറാനുമിടയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ദുബായ്-തെഹ്‌റാന്‍ വിമാന യാത്രയ്ക്ക് ഇറാനും യുഎഇയും അനുമതി നല്‍കി. ജൂലൈ 1 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവ് മാജിദ് അഖവാന്‍ അറിയിച്ചു.
അതേസമയം, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കുവൈത്ത് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ജൂലൈ 2 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ തൃച്ചിയില്‍ നിന്ന് കൊളംബോ വഴി കുവൈത്ത് സിറ്റിയിലെത്താന്‍ ഇനി എളുപ്പമാകും. ഇന്ത്യയിലെയും ശ്രീലങ്കയിലേയും പ്രവാസികള്‍ക്ക് ഇത് നേട്ടമാണ്. യുദ്ധത്തിന്റെ നിഴല്‍ മാറി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് യുഎഇയിലെ ദുബായിലേക്ക് വിമാന സര്‍വീസ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഇറാനിലെ ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം ശക്തമായ വേളയില്‍ പടിഞ്ഞാറന്‍ ഇറാനിലെ വ്യോമ പാത അടച്ചതോടെയാണ് യുഎഇ സര്‍വീസ് അസാധ്യമായത്. വ്യോമപാത തുറക്കാന്‍ ഇറാന്‍ തീരുമാനിച്ചിരിക്കുകയാണ്.
നിലവില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഭാഗിക സമാധാന കരാര്‍ നിലവിലുണ്ട്. 60 ദിവസത്തേക്കാണ് കരാര്‍. ഈ വേളയില്‍ വിശദമായ ചര്‍ച്ചയിലൂടെ അന്തിമ കരാറിലെത്തുമെന്നാണ് വിവരം. എന്നാല്‍ അതിനിടെ ഇരുരാജ്യങ്ങളും ആക്രമണം നടത്തിയത് വീണ്ടും യുദ്ധഭീതിക്ക് ഇടയാക്കിയിരുന്നു. യുദ്ധം നിര്‍ത്തിയെന്ന് ഇരുരാജ്യങ്ങളും ഇന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്.
ജൂലൈ 2ന് തൃച്ചി-കൊളംബോ-കുവൈത്ത് വിമാനം
ജൂലൈ രണ്ട് മുതലാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കുവൈത്ത് സര്‍വീസ് പുനരാരംഭിക്കുന്നത്. തൃച്ചി-കൊളംബോ-കുവൈത്ത് സര്‍വീസ് എല്ലാ പ്രവാസികള്‍ക്കും നേട്ടമാകും. യുദ്ധം കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടതാണ് യാത്ര ഇതുവരെ തടസമായിരുന്നത്. യുദ്ധവേളയില്‍ വിമാനത്താവളം ആക്രമിക്കപ്പെട്ടിരുന്നു. പിന്നീട് സൗദി വഴിയാണ് കുവൈത്തിലേക്കുള്ള യാത്ര സാധ്യമായിരുന്നത്.
ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ തീരുമാനം. അതേസമയം, ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടുണ്ടെങ്കിലും വിമാന ഇന്ധന വില കുറച്ചിട്ടില്ല. വിമാന ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ മാത്രമാണ് ഇനി ആശ്വാസം.















Click it and Unblock the Notifications