ഇറാന്‍ നിയന്ത്രണത്തിലാക്കിയ ദ്വീപുകള്‍ വിട്ടുതരണം; ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് യുഎഇ, വിട്ടുവീഴ്ചയില്ല
ഇറാന്‍ പിടിച്ചടക്കിയ തങ്ങളുടെ മൂന്ന് ദ്വീപുകളും വിട്ടുതരണം എന്ന് യുഎഇ. യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെയാണ് യുഎഇ മന്ത്രി ഖലീഫ സഹീന്‍ അല്‍ മറാര്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. ഈ തര്‍ക്കത്തിന് സമധാനപരമായ പര്യവസാനമാണ് യുഎഇ ആഗ്രഹിക്കുന്നതെന്നും നേരിട്ടുള്ള ചര്‍ച്ചയിലൂടെയോ അന്താരാഷ്ട്ര കോടതി വഴിയോ പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റഡ് തുമ്പ്, ലെസ്സര്‍ തുമ്പ്, അബു മൂസ എന്നീ ദ്വീപുകളുടെ ഉടമസ്ഥതയിലാണ് ഇറാനും യുഎഇയും തമ്മില്‍ തര്‍ക്കമുള്ളത്. യുഎഇ ഭരണകൂടം സ്ഥാപിതമാകുന്നതിന്റെ രണ്ടു ദിവസം മുമ്പ് 1971 നവംബര്‍ 30നാണ് ഇറാന്‍ ദ്വീപുകള്‍ കൈയ്യേറിയത് എന്ന് യുഎഇ പറയുന്നു. ആ വര്‍ഷം ഡിസംബര്‍ ഒമ്പതിന് യുഎന്‍ രക്ഷാസമിതിയില്‍ വിഷയം യുഎഇ ഉന്നയിച്ചിരുന്നു. പിന്നീട് അന്താരാഷ്ട്ര വേദികളില്‍ പലതവണ വിഷയം ഉയര്‍ത്തുകയും ചെയ്തു.

സംഘര്‍ഷം ഒഴിവാക്കി ചര്‍ച്ചയിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും നിയമത്തിന്റെ വഴിയും തര്‍ക്കം പരിഹരിക്കാനാണ് യുഎഇ ഉദ്ദേശിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. ലോകം പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേളയില്‍ സമാധാനത്തിന്റെയും വികസനത്തിന്റെയും വഴിയാണ് യുഎഇ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. യുഎഇയുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശത്താണ് ഈ മൂന്ന് ദ്വീപുകള്‍. അതുകൊണ്ടുതന്നെ സൈനികമായും സാമ്പത്തികമായും വളരെ പ്രധാനമാണ്. ബ്രിട്ടന്‍ ഈ മേഖലയില്‍ നിന്ന് പിന്മാറുമ്പോള്‍ റാസല്‍ഖൈമക്കും ഷാര്‍ജയ്ക്കുമായി ദ്വീപുകള്‍ വിട്ടുകൊടുത്താണ് മടങ്ങിയത്. ബ്രിട്ടന്‍ പിന്മാറിയ പിന്നാലെ ദ്വീപുകളുടെ നിയന്ത്രണം ഇറാന്‍ പിടിക്കുകയായിരുന്നു. യുഎഇ ഔദ്യോഗികമായി നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.
ബ്രിട്ടന്‍ അന്ന് സ്വീകരിച്ച നയത്തിന്റെ അനന്തര ഫലമാണ് ഇന്ന് യുഎഇയും ഇറാനും തമ്മിലുള്ള തര്‍ക്കം. പഴയ പേര്‍ഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ബ്രിട്ടന്‍ പിടിച്ചടക്കുകയായിരുന്നു എന്ന് ഇറാന്‍ പറയുന്നു. ബ്രിട്ടന്‍ പിന്മാറിയപ്പോള്‍ തങ്ങള്‍ തിരിച്ചുപിടിച്ചു എന്നും അവര്‍ വാദിക്കുന്നു. ബ്രിട്ടന്‍ നിയമവിരുദ്ധമായി യുഎഇ ശൈഖുമാര്‍ക്ക് കൈമാറിയതാണ് എന്നും ഇറാന്‍ പറയുന്നു.
എന്നാല്‍ ചരിത്രപരമായി ദ്വീപുകള്‍ ഷാര്‍ജയുടെതും റാസല്‍ഖൈമയുടേതുമാണ് എന്ന് യുഎഇ വാദിക്കുന്നു. നിലവില്‍ ഇറാന്റെ സൈനിക നിയന്ത്രണത്തിലാണ് മൂന്ന് ദ്വീപുകളും. ദ്വീപുകളുടെ വിഷയത്തില്‍ തര്‍ക്കമില്ലെന്നും ആരും അവകാശം പറയേണ്ട എന്നുമാണ് ഇറാന്റെ നിലപാട്. ഷാര്‍ജ ഭരണാധികാരിയുമായി വിഷയത്തില്‍ നേരത്തെ ധാരണയുണ്ടാക്കിയതാണ് എന്നും ഇറാന്‍ വാദിക്കുന്നു.


Click it and Unblock the Notifications
