യുഎഇ സൗദി അറേബ്യയെ മറികടക്കാന്‍ പോകുന്നു: 2018 ന് ശേഷം ഇത് ആദ്യം: സൗദിയുടെ തിരിച്ചടിക്ക് കാരണമുണ്ട്
മിഡില്‍ ഈസറ്റിലെ ഏറ്റവും ശക്തരായ രണ്ട് രാജ്യങ്ങളാണ് യു എ ഇയും സൗദി അറേബ്യ. ഇരു രാജ്യങ്ങള്‍ക്കിടയിലും നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഇവർക്കിടയില്‍ ഒരു മത്സരാന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ യു എ ഇ മറ്റൊരു കാര്യത്തില്‍ കൂടി സൗദി അറേബ്യയെ മറികടക്കാന്‍ പോകുന്നുവെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.
2025-ൽ നിർമാണ പ്രോജക്ടുകളുടെ മൂല്യത്തിൽ യു എ ഇ സൗദി അറേബ്യയെ മറികടക്കാൻ പോകുകയാണെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യ ചില വികസന പദ്ധതികൾ മന്ദഗതിയിലാക്കുകയും മുൻഗണനകൾ പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനാലാണ് ഈ മാറ്റം സംഭവിക്കുന്നതെന്നാണ് ബ്ലൂംബെർഗ് വ്യക്തമാക്കുന്നത്.

മിഡിൽ ഈസ്റ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ MEED-ന്റെ കണക്കനുസരിച്ച്, 2025-ൽ യു എ ഇ ഏകദേശം 31 ബില്യൺ ഡോളറിന്റെ പ്രോജക്ടുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം സൗദി അറേബ്യയുടെ ആകെ പദ്ധഥിയുടെ മൂല്യം ഏകദേശം 20.6 ബില്യൺ ഡോളർ മാത്രമാണ്. ഈ വർഷം യു എ ഇ ഈ മുന്നേറ്റം നിലനിർത്തുകയാണെങ്കില്‍, 2018-ന് ശേഷം ആദ്യമായി അവർ സൗദിയെ പിന്തള്ളും.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തി പ്രതിസന്ധിയും വർദ്ധിക്കുന്ന ചെലവുകളും കണക്കിലെടുത്ത് ചില വമ്പന്‍ പദ്ധതികള്‍ ഉള്‍പ്പടെ സൗദി അറേബ്യ മന്ദഗതിയിലാക്കുകയാണ്. വന്‍കിട പദ്ധതികള്‍ക്ക് പകരം 2029-ലെ ഏഷ്യൻ വിന്റർ ഗെയിംസ്, 2034-ലെ ഫിഫ വേൾഡ് കപ്പ് തുടങ്ങിയ പരിപാടികൾക്ക് മുൻഗണന നൽകാനാണ് രാജ്യം ഇപ്പോള്‍ ശ്രമിക്കുന്നത്. അതേസമയം മറുവശത്ത് യു എ ഇ ഇൻഫ്രാസ്ട്രക്ചറും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുമായി മുന്നോട്ട് പോകുകയാണ്.
അതേസമയം തന്നെ, എന്നിരുന്നാലും, ആഗോള സാമ്പത്തിക വെല്ലുവിളികളും എണ്ണവിലയിലെ കുറവും മൂലം ഗൾഫ് മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ മൊത്തത്തിൽ മന്ദഗതിയിലാണ്. സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായ ഗിഗാ പ്രോജക്ടുകൾക്ക് 2025-ൽ 4 ബില്യൺ ഡോളർ മാത്രമാണ് അനുവദിച്ചത്. 2024 ല്‍ 24 ബില്യൺ ഡോളറുമായി പദ്ധതികള്‍ക്ക് ഭരണകൂടം അനുവദിച്ചതെന്നായിരുന്നു ശ്രദ്ധേയം. 2034 ഫിഫ വേൾഡ് കപ്പിനായുള്ള സ്റ്റേഡിയം നിർമ്മാണങ്ങള്‍ കാരണം വർഷത്തിന്റെ രണ്ടാം പകുതിയിൽ സൗദി അറേബ്യ യുഎഇയെ മറികടക്കാനും സാധ്യതയുണ്ട്.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ഇപ്പോഴും സൗദി അറേബ്യ തന്നെയാണ്. 2025 ല്‍ സൗദി അറേബ്യയുടെ ജിഡിപി ഏകദേശം 1.1 ട്രില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. മറുവശത്ത് യു എ ഇയുടെ ജി ഡി പി 2025 ല്‍ ഏകദേശം 927.7 ബില്യൺ ഡോളറാണ്. മിഡിൽ ഈസ്റ്റിൽ തുർക്കിയ്ക്കും സൗദി അറേബ്യയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് യു എ ഇ നിലകൊള്ളുന്നത്.
യു എ ഇയുടെ കാര്യത്തില്‍ എണ്ണ, ഗ്യാസ് മേഖല 30% മാത്രമാണ് ജി ഡി പിയിൽ സംഭാവന ചെയ്യുന്നത്. ടൂറിസം, റിയൽ എസ്റ്റേറ്റ്, ധനകാര്യം, ടെക്നോളജി എന്നിവയാണ് രാജ്യത്തിന്റെ മറ്റ് പ്രധാന വരുമാന മാർഗ്ഗങ്ങള്‍. 2025-ൽ യു എ ഇയില്‍ 50% വിദേശ നിക്ഷേപ വർദ്ധനവ് ഉണ്ടായി. സൗദി അറേബ്യയുടെ വരുമാനത്തിന്റെ വലിയൊരു വിഹിതം ഇപ്പോഴും എണ്ണ തന്നെയാണ്. ആഗോള വ്യാപാര, ടൂറിസം, ടെക്നോളജി ഹബ്ബായി തുടരുന്ന യു എ ഇ 2030-ഓടെ 150 ബില്യൺ ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമിടുന്നു. ഇസ്രയേലുമായുള്ള വ്യാപാര ബന്ധങ്ങൾക്കും (അബ്രഹാം അക്കോർഡ്) യുഎഇയ്ക്ക് മുൻതൂക്കം നൽകുന്നു. എന്നാല്‍ വിഷൻ 2030-ലൂടെ എണ്ണ ഇതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവും സൗദി അറേബ്യക്കുണ്ട്.












Click it and Unblock the Notifications