കാനഡയും യുകെയും വേണ്ട, പ്രിയം യുഎഇയോട്: കാരണം അത്, പലരും മാറി താമസിക്കുന്നു
ആളുകള്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവും ആകർഷകമായ രാജ്യങ്ങളില്‍ ഒന്നായി യു എ ഇ ഇത്തവണയും മുന്‍ നിരയില്‍ തന്നെ തുടരുന്നു. യുകെ, കാനഡ, അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ശക്തമാണെങ്കിലും ഇവിടങ്ങളിലേക്ക് കുടിയവർ പോലും യു എ ഇയിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പുതുതായി ജോലിക്ക് ശ്രമിക്കുന്നവർക്കും യു എ ഇ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്.
2024-ൽ താമസം മാറാൻ ഉതകുന്ന ഏറ്റവും താങ്ങാനാവുന്നതവും നികുതി രഹിതവുമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ അഭിമാനപൂർവ്വം മുന്നിട്ട് നില്‍ക്കുന്നു എന്നത് തന്നെയാണ് ശ്രദ്ധേയം. കാനഡയിലും യുകെയിലുമൊക്കെ ഉയർന്ന ശമ്പളം ലഭിക്കുമെങ്കിലും അതിന്റെ വലിയൊരു ശതമാനവും നികുതിയായി അവിടെ തന്നെ ചിലവാകും. എന്നാല്‍ യു എ യിയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. പല മേഖലയിലും നികുതിയില്ല. ഉള്ളിടത്ത് തന്നെ നികുതി നാമമാത്രവുമാണ്.

ലോകമെമ്പാടുമുള്ള ആളുകൾ ദുബായിയുടെയും അബുദാബിയുടെയും കാന്തിക വലയത്തിലേക്ക് ആകർഷിക്കുന്നതില്‍ നികുതി രഹിത വരുമാനം എന്നതിനോടൊപ്പം തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സമാനമായ ജീവിത നിലവാരവും ഇന്ന് യു എ ഇ പ്രദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം, പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായും യുഎഇ അംഗീകാരം നേടിയിരുന്നു.
ഇതോടൊപ്പം തന്നെ യു എ ഇ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഇടം നേടുകയും സമാനതകളില്ലാത്ത ജീവിതശൈലി വാഗ്ദാനം ചെയ്യുന്ന ഒരു ലക്ഷ്യസ്ഥാനമായി നിലകൊള്ളുകയും ചെയ്തു. വിമാനച്ചെലവ്, വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി വിവിധ ഘടകങ്ങൾ റിപ്പോർട്ട് പരിഗണിച്ചു. ബ്രൂണെ, മാലിദ്വീപ്, ഖത്തർ, ബഹാമസ്, മൊണാക്കോ, കേമാൻ ദ്വീപുകൾ തുടങ്ങിയ പ്രശസ്തമായ ലക്ഷ്യസ്ഥാനങ്ങളെ പിന്തള്ളിയാണ് നികുതി രഹിത രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ നാലാം സ്ഥാനത്തെത്തിയത്.
ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബ്രൂണൈ എന്നിവയാണ് റാങ്കിംഗിലെ ആദ്യ അഞ്ച് രാജ്യങ്ങൾ. അതേസമയം ആദ്യ മൂന്ന് ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ ഉയർന്ന ജീവിത നിലവാരവും മെച്ചപ്പെട്ട സൌകര്യങ്ങളുമാണ് യു എ ഇയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഒരു മാറ്റം ആലോചിക്കുന്നവർക്ക് യുഎഇ ഊഷ്മളമായ സ്വാഗതം നൽകുകയും ചെയ്യുന്നു.












Click it and Unblock the Notifications