ഖത്തറും സൗദി അറേബ്യയും അല്ല; ഇന്ത്യന്‍ മാങ്ങ കൂടുതല്‍ എത്തുന്നത് ഈ ജിസിസി രാജ്യത്തേക്ക്
യഥേഷ്ടം മാങ്ങകളുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കയറ്റുമതിയിലും മുന്നിലാണ്. ഓരോ സംസ്ഥാനത്തും വിവിധ ഇനത്തിലുള്ള മാങ്ങ ലഭ്യമാണ്. ഉത്തര്‍ പ്രദേശ്, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മാങ്ങ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കര്‍ണാടക, ബിഹാര്‍, തെലങ്കാന, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും മാങ്ങ വേണ്ടോളമുണ്ട്. ഇവിടെ നിന്നെല്ലാം വിദേശത്തേക്ക് കയറ്റുമതിക്ക് തയ്യാറാക്കുന്നുമുണ്ട്.
ഇന്ത്യന്‍ മാങ്ങകള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഒരു മേഖല ജിസിസി രാജ്യങ്ങളാണ്. 2024ലെ കണക്കുകള്‍ പ്രകാരം 41 രാജ്യങ്ങളിലേക്ക് ഇന്ത്യ മാങ്ങ കയറ്റുമതി ചെയ്തു. ഇന്ത്യന്‍ മാങ്ങകളെ കുറിച്ചും മാമ്പഴ വിഭവങ്ങളെ പറ്റിയും പരിചയപ്പെടുത്തുന്നതിന് വിദേശരാജ്യങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടത്താറുണ്ട്. ഖത്തറിലെ ദോഹയില്‍ നിലവില്‍ ഒരു പ്രദര്‍ശനം നടക്കുന്നുമുണ്ട്.

ജിസിസിയിലെ എല്ലാ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് മാങ്ങ കയറ്റുമതി ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൂടുതല്‍ പോകുന്നത് യുഎഇയിലേക്കാണ്. 2023-24 സാമ്പത്തിക വര്‍ഷം ആറ് കോടി ഡോളറിന്റെ മാങ്ങകളാണ് മൊത്തം ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം യുഎഇയിലേക്ക് 15336 മെട്രിക് ടണ്‍ മാമ്പഴം കയറ്റുമതി ചെയ്തു. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പ്രധാന രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് മാങ്ങ കയറ്റുമതി ചെയ്യുന്നുണ്ട്.
യുഎഇയിലേക്ക് കൂടുതല്‍ മാങ്ങ കയറ്റുമതി ചെയ്തത് റമദാന്‍ സീസണിലായിരുന്നു. ഇന്ത്യന്‍ മാങ്ങകള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ബ്രിട്ടനാണ്. ഓരോ വര്‍ഷവും 4706 മെട്രിക് ടണ്‍ മാമ്പഴം ബ്രിട്ടനിലേക്ക് ഇന്ത്യയില്‍ നിന്ന് എത്തുന്നുണ്ട്. നേപ്പാള്‍, അമേരിക്ക, ഖത്തര്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, കാനഡ, ഭൂട്ടാന്‍, ബഹ്‌റൈന്‍, യൂറോപ്പ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് മാങ്ങ അയക്കുന്നുണ്ട്.
അല്‍ഫോണ്‍സ മാങ്ങ
അല്‍ഫോണ്‍സ ഇനത്തില്‍പ്പെട്ട മാങ്ങകള്‍ കൂടുതലും കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്. കേരളത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മാമ്പഴം ഉല്‍പ്പാദിപ്പിക്കുന്നത് കുറവാണ്. പാലക്കാട് ജില്ലയിലെ മുതലമട മാമ്പഴം ഉല്‍പ്പാദനം നടക്കുന്ന പ്രദേശമാണ്. അല്‍ഫോണ്‍സയ്ക്ക് പുറമെ, ദസേരി, കേസര്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട മാമ്പഴവും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.
ഖത്തറില്‍ നാളെ മുതല്‍ ഈ മാസം 21 വരെ ഇന്ത്യന്‍ മാങ്ങകളുടെ പ്രദര്‍ശനം നടക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നാണ് എക്‌സിബിഷന്‍. 2024ല്‍ നടത്തിയ പ്രദര്‍ശനം വലിയ വിജയമായിരുന്നു. മാങ്ങ പ്രദര്‍ശനം സൂഖ് വാഖിഫിലാണ്. മാങ്ങകള്‍ മാത്രമല്ല, മാങ്ങ വിഭവങ്ങളും പ്രദര്‍ശനത്തിന് ഉണ്ടാകുമെന്നാണ് സംഘടാകര്‍ അറിയിച്ചിട്ടുള്ളത്.
ഈ വര്‍ഷം കൂടുതല്‍ ആകര്‍ഷമാകുംവിധമാണ് പരിപാടി നടത്തുന്നതെന്ന് സംഘാടനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഖാലിദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. ദിവസവും വൈകീട്ട് നാല് മുതല്‍ ഒമ്പത് മണി വരെയാണ് പ്രദര്‍ശനം. അവധി ദിവസങ്ങളില്‍ രാത്രി പത്ത് മണി വരെ പ്രദര്‍ശനമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications