യുഎഇ-ഇസ്രായേല്‍ വിമാനങ്ങള്‍ റദ്ദാക്കി; പ്രത്യേക വിമാനം ടെല്‍ അവീവില്‍, ക്യാപ്റ്റന്‍ യുഎഇയില്‍

ഫ്‌ളൈ ദുബായ് വിമാനത്തിലെ അനിഷ്ട സംഭവത്തിന് പിന്നാലെ യുഎഇക്കും ഇസ്രായേലിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഫ്‌ളൈ ദുബായ് വിമാനം നിലവില്‍ ഇസ്രായേലിലേക്ക് സര്‍വീസ് നടത്തുന്നില്ല. ഇസ്രായേലി വിമാനമായ എല്‍ അല്‍ യുഎഇയിലേക്കുള്ള യാത്രയും നിര്‍ത്തിവെച്ചു. നിലവിലെ സംഭവങ്ങളില്‍ അന്വേഷണം നടത്തിയ ശേഷമാകും സര്‍വീസ് പുനഃസ്ഥാപിക്കുക.

അതേസമയം, നിലവില്‍ നിരവധി ഇസ്രായേലി പൗരന്മാരാണ് യുഎഇയില്‍ ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുകയാണ് ഇസ്രായേല്‍. അര്‍ക്കിയ വിമാനമാണ് സര്‍വീസ് നടത്തുന്നത്. ആദ്യ സംഘം ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്ന് ടെല്‍ അവീവിലെത്തി. യുഎഇയില്‍ നിന്നുള്ള എല്ലാ പൗരന്മാരെയും തിരിച്ചെത്തിക്കാനാണ് ആലോചനയത്രെ.

uae israel flights cancelled

ഫ്‌ളൈ ദുബായ് വിമാനത്തില്‍ നടന്ന സംഭവത്തിന് കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. അന്വേഷണം നടക്കുന്നു എന്ന് അറിയിച്ച യുഎഇ കൂടുതല്‍ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാറും ഒമാനി പൈലറ്റുമാണ് കോക്പിറ്റിലുണ്ടായിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഒമാനി പൈലറ്റിന്റെ ആക്രമണ ശ്രമം ഇന്ത്യന്‍ പൈലറ്റ് തടഞ്ഞ് വിമാനം തകരുന്നത് രക്ഷിച്ചു എന്നും പറയപ്പെടുന്നു.

യുഎഇ അന്വേഷണ സംഘമോ ഫ്‌ളൈ ദുബായ് വിമാന അധികൃതരോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, സഹ പൈലറ്റിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. സഹ പൈലറ്റ് നേരത്തെ ഒമാനിലെ വിമാന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും പിന്നീട് തീവ്ര മതചിന്താഗതി കാരണം ഒഴിവാക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇയാള്‍ ഒമാന്‍ പൗരനാണ്, യുഎഇയിലാണ് ജനിച്ചത്, എട്ട് മാസം മുമ്പാണ് ഫ്‌ളൈ ദുബായില്‍ ജോലി ലഭിച്ചത്. ഹമാം അല്‍ ഹമാം എന്നാണ് പേര് തുടങ്ങിയ വിവരങ്ങളും വിവിധ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്.

അമേരിക്കയും ഇസ്രായേലും പറയുന്നത് സഹ പൈലറ്റ് തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള വ്യക്തിയാണ് എന്നാണ്. അവര്‍ ഇറാനെയും പഴിചാരുന്നു. എന്നാല്‍ ഇസ്രായേലും യുഎഇയുമാണ് സംഭവം ആസൂത്രണം ചെയ്തത് എന്ന് ഇറാന്‍ ആരോപിക്കുന്നു. ഇസ്രായേലിലെ തിരഞ്ഞെടുപ്പില്‍ മേല്‍കൈ കിട്ടാനാണ് ഈ കളിയെന്നും ഇറാന്‍ പറയുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അടുത്തിടെ യുഎഇയില്‍ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു.

അതിനിടെ, പരിക്കേറ്റ ഇന്ത്യന്‍ പൈലറ്റ് സ്മിച്ച് മച്ചാറിനെ സൗദി അറേബ്യയിലെ ആശുപത്രിയില്‍ നിന്ന് യുഎഇയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഇനി യുഎഇയിലായിരിക്കും തുടര്‍ ചികില്‍സ എന്നും ഫ്‌ളൈ ദുബായ് സിഇഒ ഗാനിത് അല്‍ ഗാനിത് പറഞ്ഞു. സംഭവത്തില്‍ സൗദി അറേബ്യ പ്രാഥമിക അന്വേഷണം നടത്തി. യുഎഇ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇസ്രായേലും അന്വേഷണം നടത്തുന്നുണ്ട്. വൈകാതെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma