യുഎഇയില്‍ നിന്നും ജോലി ഓഫർ വന്നോ? ചാടിപ്പുറപ്പെടുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ: ഇല്ലെങ്കില്‍...
യുഎഇയില്‍ ഒരു ജോലി, അത് പല മലയാളികളുടേയും ഒരു സ്വപ്നമാണ്. പണ്ട് കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രൊഫഷണല്‍ മേഖലയിലെ തൊഴില്‍ അന്വേഷകരുടെ എണ്ണത്തില്‍ അടുത്ത കാലത്ത് വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അക്കൗണ്ടിംഗ്, ഹോസ്പിറ്റാലിറ്റി, നിർമാണം തുടങ്ങിയ വിവിധ മേഖലകളിലായി മലയാളികള്‍ ഉള്‍പ്പെടെ നിരധി ഇന്ത്യക്കാർ നിരന്തരം അപേക്ഷ സമർപ്പിച്ചുകൊണ്ടിരിക്കുന്നു.
നികുതി രഹിത ശമ്പളം, ഉദാരമായ ജീവിതശൈലി, സുരക്ഷ, അവസരങ്ങൾ എന്നിയാണ് പ്രൊഫഷനുകളെ യു എ ഇയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങള്‍. എന്നാൽ, ജോലി ആവശ്യകത ഉയരുന്നതിനനുസരിച്ച്, പ്രത്യേകിച്ച് അക്കൗണ്ടിംഗ്, ഹോസ്പിറ്റാലിറ്റി, നിർമാണ മേഖലകളിൽ വ്യാജ ജോലി ഓഫറുകള്‍ വഴിയുള്ള തട്ടിപ്പും വലിയ തോതില്‍ ഉയർന്ന് വരുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (SMEs) നിന്നുള്ള ജോലി ഓഫറുകൾ മികച്ച രീതിയില്‍ തന്നെ ഉദ്യോഗാർത്ഥികള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

നിയമം പറയുന്നത്?
നിങ്ങള്‍ക്ക് ഒരു ഓഫർ ലെറ്റർ ലഭിച്ചാലും ഓഫർ ലെറ്റർ മാത്രം നിയമപരമായി ബാധ്യതയുള്ള കരാറായി കാണാന്‍ സാധിക്കില്ല. ഇത് തൊഴിൽ നിബന്ധനകളെ വിവരിക്കുന്ന ഒരു പ്രാഥമിക കരാറാണ്. ഓഫർ നിയമപരമായി നടപ്പിലാക്കണമെങ്കിൽ, അത് ഓഫറിന്റെ നിബന്ധനകളുമായി പൊരുത്തപ്പെടുന്ന ഒരു ഔപചാരിക തൊഴിൽ കരാറായി മാറണം. അതായത് ഈ കരാർ ഇരു കക്ഷികളും ഒപ്പിട്ട് യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ (Mohre) രജിസ്റ്റർ ചെയ്യണം.
നിർബന്ധിത സ്റ്റാൻഡേർഡ് കരാറുകൾ
2022-ലെ മന്ത്രിതല ഉത്തരവ് നമ്പർ 46 അനുസരിച്ച്, മെയിൻലാൻഡ് തൊഴിലവസരങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്ന എല്ലാ തൊഴിലുടമകളും വർക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ Mohre (Ministry of Human Resources & Emiratisation) അംഗീകരിച്ച സ്റ്റാൻഡേർഡ് കരാർ ഫോർമാറ്റ് ഉപയോഗിക്കണം. തൊഴിൽ കരാറിൽ ഓഫർ ലെറ്ററിൽ പരാമർശിക്കാത്ത അധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്താം, പക്ഷേ അവ യുഎഇ തൊഴിൽ നിയമങ്ങളുമായി ചേർന്ന് നില്‍ക്കുന്നതായിരിക്കണം. കൂടാതെ, 2022-ലെ അഡ്മിനിസ്ട്രേറ്റീവ് റെസലൂഷൻ നമ്പർ 38 പ്രകാരം, വർക്ക് പെർമിറ്റുകൾ, ഓഫർ ലെറ്ററുകൾ, തൊഴിൽ കരാറുകൾ എന്നിവയ്ക്ക് Mohre-ന്റെ സ്റ്റാൻഡേർഡ് ഇ-ഫോമുകൾ ഉപയോഗിച്ചിരിക്കണം.
ജനുവൈൻ ഓഫർ ലെറ്റർ എങ്ങനെ തിരിച്ചറിയാം
അപേക്ഷകർക്ക് തങ്ങള്‍ക്ക് ലഭിച്ച ഓഫർ ലെറ്ററിന്റെ ആധികാരികത പരിശോധിക്കാൻ Mohre-മായി നേരിട്ട് ബന്ധപ്പെടാം. തൊഴിലുടമ വർക്ക് പെർമിറ്റിനായി ഓഫർ ലെറ്റർ സമർപ്പിച്ചിട്ടുണ്ടോ എന്ന് മന്ത്രാലയത്തിന് സ്ഥിരീകരിക്കാൻ കഴിയും. ജനുവിന്‍ ഓഫർ ലെറ്ററാണെങ്കില്‍ തൊഴിലുടമ Mohre-ന്റെ ഇ-ഫോർമിൽ ഒപ്പിട്ട ഓഫർ ലെറ്റർ അപ്‌ലോഡ് ചെയ്യുകയും ആവശ്യമായ രേഖകളും ഫീസും സഹിതം വർക്ക് പെർമിറ്റിന് അപേക്ഷിക്കുകയും ചെയ്യുന്നു. പെർമിറ്റ് അംഗീകരിക്കപ്പെട്ടാൽ, തൊഴിൽ കരാർ ഒപ്പിട്ട് രജിസ്റ്റർ ചെയ്യുന്നു. തൊഴിലുടമ ഈ പ്രക്രിയ ആരംഭിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ പെർമിറ്റിന് അപേക്ഷിച്ചിട്ടില്ലെങ്കിൽ, ജോലി ഓഫർ യുഎഇ നിയമപ്രകാരം സാധുവായിരിക്കില്ല.
ഓഫർ പിൻവലിച്ചാൽ എന്ത് ചെയ്യും?
തൊഴിൽ കരാർ ഒപ്പിട്ട് പെർമിറ്റ് നൽകുന്നതിന് മുമ്പ് തൊഴിലുടമ ഓഫർ പിൻവലിച്ചാൽ, Mohre-ന് ഇടപെടാൻ നിയമപരമായ ബാധ്യതയില്ല. ഇത്തരം സാഹചര്യങ്ങളിൽ, തൊഴിൽ അന്വേഷകന് യുഎഇ കോടതികളിലൂടെ സിവിൽ ക്ലെയിം ഫയൽ ചെയ്യാം. ഓഫർ പിൻവലിച്ചതുമൂലം സാമ്പത്തിക നഷ്ടം അല്ലെങ്കിൽ മറ്റ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ലഭിച്ചേക്കാം.
കൂടുതല്‍ സഹായങ്ങള്‍ക്ക്
തൊഴിൽ ഓഫറുകൾ പരിശോധിക്കാൻ യുഎഇ എംബസിയോ സ്വന്തം രാജ്യത്തെ കോൺസുലേറ്റുകളോ സമീപിക്കാം. ഈ നയതന്ത്ര കേന്ദ്രങ്ങൾ തൊഴിലുടമയുടെ വിശ്വാസ്യതയും ഓഫറിന്റെ ആധികാരികതയും സ്ഥിരീകരിക്കാൻ സഹായിക്കും. അതായത് മലായാളികള്‍ക്ക് ഇന്ത്യന്‍ എംബസിയേയും നോർക്കയേയും സമീപിക്കാം. എന്നിട്ടും സംശയം തീർന്നില്ലെങ്കില്‍ നിയമോപദേശം തേടുന്നത് ഉചിതമാണ്.












Click it and Unblock the Notifications