യുഎഇ-കൊച്ചി പുതിയ വിമാനം; നേരിട്ടുള്ള പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ, പ്രവാസികള്‍ക്ക് നേട്ടം
കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള സര്‍വീസുകളില്‍ പുതിയ തുടക്കം കുറിക്കാന്‍ ഇന്‍ഡിഗോ. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കാണ് പുതിയ സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെലവ് കുറഞ്ഞ യാത്രയ്ക്ക് സൗകര്യം ഒരുക്കാറുള്ള ഇന്‍ഡിഗോ പുതിയ സര്‍വീസ് തുടങ്ങുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.
ആഭ്യന്തര സര്‍വീസുകള്‍ക്ക് പേരു കേട്ട കമ്പനിയാണ് ഇന്‍ഡിഗോ. ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും കമ്പനി പ്രാധാന്യം നല്‍കുന്നുണ്ട്. തിരക്കേറിയ റൂട്ട് ആയതിനാലാണിത്. കേരളത്തില്‍ നിന്ന് ഏറ്റവും തിരക്കുള്ള റൂട്ടാണ് യുഎഇയിലേക്ക്. ഷാര്‍ജ, ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നുമുണ്ട്. അതിന് പുറമെയാണ് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് പ്രഖ്യാപനം.

കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള പ്രതിദിന സര്‍വീസ് മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റാസല്‍ഖൈമയിലേക്ക് വിനോദ സഞ്ചാരത്തില്‍ കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്ന് എത്തുന്നു എന്ന കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മാത്രമല്ല, ജോലി ആവശ്യാര്‍ഥം പോകുന്ന പ്രവാസികള്‍ക്കും പുതിയ നേരിട്ടുള്ള സര്‍വീസ് നേട്ടമാകും.
കൊച്ചി-റാസല്‍ഖൈമ റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു. കേരളത്തില്‍ നിന്ന് ആഴ്ചയില്‍ 49 നേരിട്ടുള്ള യുഎഇ സര്‍വീസുകളാണ് ഇന്‍ഡിഗോ നിലവില്‍ നടത്തുന്നത് എന്നും വിനയ് മല്‍ഹോത്ര പറഞ്ഞു. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാത്രി 9.15നാണ് കൊച്ചിയില്‍ നിന്ന് പുറപ്പെടുക
ടൂറിസം, വിവാഹ ആഘോഷം എന്നിവയ്ക്ക് വേണ്ടി നിരവധി ഇന്ത്യക്കാര്‍ റാസല്‍ഖൈമയില്‍ എത്തുന്നുണ്ട്. യുഎഇയിലെ ചെലവ് കുറഞ്ഞ എമിറേറ്റ്‌സ് ആണ് റാസല്‍ഖൈമ എന്നതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഒരു ഘടകം. മാത്രമല്ല, അടുത്ത കാലത്തായി വിദേശികളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ റാസല്‍ഖൈമ ഒരുക്കിയിട്ടുമുണ്ട്.
ലോകത്തെ ദൈര്‍ഘ്യമേറിയ സിപ്ലൈന്‍, യുഎഇയിലെ ഏറ്റവും വലിയ മലമേഖലയായ ജബല്‍ ജെയ്‌സില്‍ നിന്നുള്ള വ്യൂ എന്നിവ റാസല്‍ഖൈമയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഒട്ടക ഓട്ടം, കയാക്കിങ്, മലയോര ബൈക്ക് ഓട്ടം എന്നിവയും ഇവിടത്തെ പ്രത്യേകതയാണ്. യുനസ്‌കോ അംഗീകാരമുള്ള ജുല്‍ഫര്‍, ദയ കോട്ട, അല്‍ ജാസിറ അല്‍ ഹംറ ഗ്രാമം എന്നവയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
മാര്‍ച്ച് 15നാണ് ഇന്‍ഡിഗോ പുതിയ നേരിട്ടുള്ള വിമാനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രാത്രി 9.15നാണ് കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെടുക. 12.10ന് റാസല്‍ഖൈമയിലെത്തും. തിരിച്ച് പുലര്‍ച്ചെ 1.10ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം അതിരാവിലെ കൊച്ചിയില്‍ എത്തും. കൊച്ചിയുടെയും ഇടുക്കിയുടെയും വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ സര്‍വീസ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications