യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? ഇതാ സന്തോഷ വാർത്ത; വിമാന ടിക്കറ്റുകൾ 6000 രൂപ മുതൽ
അബുദാബി: ദുബായിൽ നിന്നും നാട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ വിമാനം ബുക്ക് ചെയ്തോളൂ. ഏറ്റവും കുറവ് നിരക്കിൽ തന്നെ നിങ്ങൾക്ക് നാട്ടിലെത്താം. നിലവിൽ 6,000 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ. വിമാനക്കമ്പനികൾക്ക് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായേക്കും.
ക്രിസ്മസ്-പുതുവത്സര സീസണിൽ വിമാന നിരക്ക് കുത്തനെ ഉയർന്നിരുന്നു. പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലായിരുന്നു നിരക്കുകൾ.കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും നാട്ടിലേക്കുള്ള യാത്ര മാറ്റിവെയ്ക്കുന്ന സാഹചര്യമായിരുന്നു. എന്നാൽ ക്രിസ്മസ് സീസണുമായി താരതമ്യം ചെയ്യുമ്പോൾ നിരക്കിൽ വലിയ ആശ്വാസമാണ് യാത്രക്കാർക്ക് ലഭിക്കുക.

ഇന്നത്തെ നിരക്കുകൾ അറിയാം
ഇന്ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസിന് 5,978 രൂപ (264 ദിർഹം)യാണ് ടിക്കറ്റ് നിരക്ക്. 30 കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും ഉൾപ്പെടെയുള്ള നിരക്കാണിത്. വരും ദിവസങ്ങളിലും ഇതേ നിരക്കാണ് നൽകേണ്ടത്. അതേസമയം ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ മാത്രമാണ് ഈ തുക. എയർലൈനിന്റെ സൈറ്റിൽ നേരിട്ട് ബുക്ക് ചെയ്യുമ്പോൾ 6,107 രൂപയാണ് (270 ദിർഹം) നൽകേണ്ടത്. ഓൺലൈൻ വഴി കോഴിക്കോടേക്കുള്ള നിരക്ക് 353 ദിർഹമാണ് .ദുബായിൽ നിന്ന് 413 ദിർഹവും.
അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് 6,166 രൂപയാണ്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് സ്പൈസ് ജെറ്റിനും ഇൻഡിഗോയ്ക്കും 10,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ദുബായിൽ നിന്ന് എയർ ഇന്ത്യയിൽ കൊച്ചിയിലേക്ക് 9,588 രൂപയും. എമിറേറ്റ്സ് ഉൾപ്പെടെ വിദേശ എയർലൈനുകളിൽ ഇപ്പോഴും ടിക്കറ്റ് നിരക്ക് ഉയർന്ന് തന്നെയാണ്.
അതേസമയം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ റമസാൻ പ്രമാണിച്ചയായിരിക്കും ഇനി ടിക്കറ്റ് നിരക്കിൽ വർധനവ് ഉണ്ടാകുക. ഈദ് അൽ ഫിത്തർ കഴിയും വരെ ഈ നിരക്ക് തുടർന്നേക്കും. വിഷവും ഈസ്റ്ററുമെല്ലാം ഉള്ളതിനാൽ ഏപ്രിലിൽ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത ഉണ്ടായേക്കില്ല.
കേരളത്തിൽ നിന്നുള്ള നിരക്കുകൾ ഇപ്പോഴും ഉയർന്ന് തന്നെ
കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള നിരക്കുകൾ ഇപ്പോഴും ഉയർന്ന് തന്നെ. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസിന് 26,454 രൂപയാണ് നിരക്ക്. സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് നിരക്ക്.












Click it and Unblock the Notifications