Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിനവും എട്ട് ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ, നേരിടാൻ എഐ സൈബർ ഫാക്ടറിയുമായി യുഎഇ

യുഎഇയിൽ ദിനംപ്രതി എട്ട് ലക്ഷ​ത്തോളം സൈബർ ആക്രമണങ്ങൾ നടക്കുന്നെന്നാണ് കണക്ക്. ഇതിന് തടയിടാനും രാജ്യത്തിന്റെ ഡിജിറ്റൽ സർവാധികാരവും സൈബർ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും എഐ സഹായത്തോടെ യുഎഇ സൈബർ ഫാക്ടറിയുമായി രംഗത്തെത്തുകയാണ് യുഎഇ. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ (സിഎസ്‍സി) ദേശീയ സൈബർ സെക്യൂരിറ്റി സ്ട്രാറ്റജിക് പാർട്ണർ ആയ സിപിഎക്സ് ഹോൾഡിങുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് രാജ്യത്ത് നടക്കുന്ന സൈബർ ആക്രമണങ്ങളെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ഉണ്ടാകാതെ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

രാജ്യത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളും പൊതുജന വിശ്വാസവും സംരക്ഷിക്കുന്നത് നിർണായകമായി വന്ന സാഹചര്യത്തിലാണ് യുഎഇയെ ലോകത്തെ തന്നെ മികച്ച നൂതന സൈബർ സുരക്ഷ ഹബ്ബ് ആക്കി മാറ്റുന്നതിന് സൈബർ ഫാക്ടറി യാഥാർഥ്യമാക്കുന്നതെന്ന് യുഎഇ ഭരണകൂടത്തിന്റെ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. 'ആഗോളതലത്തിൽ തന്നെ സൈബർ സുരക്ഷ ഭീഷണിയിലായിരിക്കുന്ന സാഹചര്യത്തിൽ, നൂതന സാ​ങ്കേതികവിദ്യകളുടെ സഹായത്തോടെ ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതിലും സംഭവിക്കാതെ തടയുന്നതിലും മാതൃക കാട്ടി കൊടുക്കുകയാണ് യുഎഇയുടെ ലക്ഷ്യം. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളുടെ രൂപകൽപനയും നിർമാണവും നിർവഹണവുമാണ് സൈബർ ഫാക്ടറിയുടെ ദൗത്യം’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ai-cyber-factory

ഭരണകൂടത്തി​നും വാണിജ്യ-വ്യവസായ മേഖലക്കും ജനങ്ങൾക്കും സുരക്ഷിതമായ ഒരു സൈബർ അന്തരീക്ഷം ഉറപ്പാക്കുകയാണ് സൈബർ ഫാക്ടറിയുടെ ലക്ഷ്യമെന്ന് സിപിഎക്സ് സിഇഒ ഹാദി അൻവർ വ്യക്തമാക്കി. ആഗോളതലത്തിൽ കിടപിടിക്കുന്ന സൈബർ സുരക്ഷാ സംവിധാനങ്ങൾ പ്രാദേശികമായി വികസിപ്പിച്ചെടുക്കുകയും ലക്ഷ്യമാണ്. യുഎഇയിൽ ദിവസേന ശരാശരി എട്ടു ലക്ഷത്തോളം സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് അൽ കുവൈത്തി തന്നെയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. സാധാരണ സാഹചര്യങ്ങളിൽ പോലും ഡിജിറ്റൽ ഭീഷണികൾ ഒട്ടും കുറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മുമ്പ് പ്രതിദിനം രണ്ട് ലക്ഷത്തോളം ഉണ്ടായിരുന്ന ആക്രമണശ്രമങ്ങളാണ് ഇപ്പോൾ എട്ട് ലക്ഷമായി ഉയർന്നത്. എഐ ഉപയോഗിച്ചുള്ള കൂടുതൽ സങ്കീർണമായ രീതികളാണ് ഹാക്കർമാർ പിന്തുടരുന്നത്. ഇത് ആക്രമണങ്ങളുടെ വേഗവും കൃത്യതയും കൂട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. 350ഓളം സംഘടിത ഗ്രൂപ്പുകളെയും മുന്നൂറിലധികം അമച്വർ ഹാക്കർമാരെയും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ അയ്യായിരത്തിലധികം ചാനലുകൾ നിരീക്ഷണത്തിലാണ്. സാമ്പത്തിക തട്ടിപ്പുകൾ മുതൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് പൊതുജനാഭിപ്രായം മാറ്റാൻ വരെയുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുള്ള ഗ്രൂപ്പുകളും യുഎഇയെ ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് ഡോ. മുഹമ്മദ് അൽ കുവൈത്തി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളാണ് ഇറാനിയൻ ഹാക്കർ ഗ്രൂപ്പുകൾ നടത്തുന്നത്. എഐ ടൂളുകൾ, ഡീപ് ഫേക്ക്, ഫിഷിങ് മെസ്സേജുകൾ, റാൻസംവെയർ എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും ആക്രമണം നടക്കുന്നത്. ബാങ്കിങ്, എണ്ണപ്പാടങ്ങൾ, സർക്കാർ സംവിധാനങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളാണ് ഹാക്കർമാരുടെ പ്രധാന ലക്ഷ്യം.

പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റുക, ഫോണിലെയും കംപ്യൂട്ടറിലെയും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക, സംശയാസ്പദ ലിങ്കുകളിലും ആപ്പുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പാലിക്കണമെന്ന സുരക്ഷാ നിർദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+