സൗദി അറേബ്യക്ക് മാത്രമല്ല യു എ ഇക്കും പാകിസ്താന്റെ ആ സമ്പത്തില്‍ കണ്ണ്: താല്‍പര്യം അറിയിച്ച് അൽ നഹ്യാൻ
സൗദി അറേബ്യക്ക് പിന്നാലെ പാകിസ്താന്റെ ധാതു സമ്പത്തില്‍ കണ്ണുവെച്ച് യു എ ഇയും. ഖനനം, ധാതു, കാർഷികം തുടങ്ങിയ മേഖലകളില്‍ പാകിസ്താനുമായി സഹകരിക്കാനുള്ള താല്‍പര്യം യു എ ഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സന്ദർശനത്തിന് എത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യു എ ഇ പ്രസിഡൻ്റ് തങ്ങളുടെ താല്‍പര്യം അറിയിച്ചത്.
സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾ വർധിപ്പിക്കുന്നതില്‍ ഇരു രാഷ്ട്രതലവന്മാരും ചർച്ച നടത്തിയെന്ന് റേഡിയോ പാകിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക സഹകരണം, പ്രാദേശിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം, ആഗോള തലത്തിൽ പരസ്പര താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചാ വിഷയമായി.

പാകിസ്താനും യു എ ഇയും തമ്മിലുള്ള ശക്തമായ സൗഹൃദത്തിൽ താന്‍ അഭിമാനം കൊള്ളുന്നതായി ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. യു എ ഇ പാക്കിസ്ഥാന് നൽകുന്ന തുടർച്ചയായ പിന്തുണക്ക് ഷെയ്ഖ് മുഹമ്മദിനോട് നന്ദി അറിയിക്കുകയാണ്. പ്രത്യേകിച്ച് പാകിസ്താന്റെ വികസത്തില്‍ യു എ ഇ പ്രത്യേക താല്‍പര്യം കാണിക്കുന്നുവെന്നും അദ്ദേഹം ക്കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് പ്രയോജനകരവും സംയുക്ത താൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതുമായ എല്ലാ സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിലും ബന്ധം ശക്തിപ്പെടുത്തും. ഉഭയകക്ഷി സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും അതീവ താല്‍പര്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും പാക് പ്രധാനനമന്ത്രി അവകാശപ്പെട്ടു.
പാകിസ്താനില്‍ വലിയ രീതിയില്‍ നിക്ഷേപം നടത്താനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ യു എ ഇ ആരംഭിച്ചിട്ടുണ്ട്. പാക്കിസ്താന്റെ സാമ്പത്തിക മേഖലകളിൽ യു എ ഇ 10 ബില്യൺ ഡോളറിൻ്റെ നിക്ഷേപം വാഗ്ദാനം ചെയ്തതായി ഷെഹ്ബാസ് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. "എല്ലാ സാഹചര്യങ്ങളിലും യു എ ഇ യുടെ പിന്തുണ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉറപ്പുനൽകുകയും വിവിധ മേഖലകളിൽ 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് അറിയിക്കുകയും ചെയ്തു" പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യയുമായും ഖനന മേഖലയില്‍ നിർണ്ണായക കരാറിന് ഒരുങ്ങുകയാണ് പാകിസ്താന്‍. ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള റെക്കോ ദിഖ് ഖനിയിലെ തങ്ങളുടെ കൈവശമുള്ള 15 ശതമാനം ഓഹരികള്‍ സൗദി അറേബ്യക്ക് കൈമാറാനാണ് പാക് അധികാരികളുടെ നീക്കം. ഇത് സംബന്ധിച്ച ചർച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
590 കോടി ടണ്‍ ചെമ്പും 41.5 ദശലക്ഷം ഔണ്‍സ് സ്വര്‍ണവും ഉണ്ടെന്ന് കണക്കാക്കുന്ന ഖനിയുടെ അമ്പത് ശതമാനം ഓഹരികളും കനേഡിയന്‍ കമ്പനിയായ ബാരിക് ഗോള്‍ഡിന്റെ ഉടമസ്ഥതയിലാണ്. ബാക്കി വരുന്ന 50 ശതമാനം പാക് ഫെഡറല്‍ സർക്കാറിന്റേയും ബലൂചിസ്താന്‍ പ്രവിശ്യാ സർക്കാറിന്റേയും കൈവശമാണ്. പാകിസ്താന്‍ സർക്കാറിന്റെ കൈവശമുള്ള 25 ശതമാനം ഓഹരിയില്‍ നിന്നും 15 ശതമാനം സൗദിക്ക് കൈമാറാനാണ് നീക്കം.












Click it and Unblock the Notifications