240 കോടി രൂപ സമ്മാനമായി ലഭിച്ച ഇന്ത്യക്കാരന്‍; ഒരു വര്‍ഷത്തിന് ശേഷം ജീവിതത്തില്‍ സംഭവിച്ചത് ഇത്..!
യുഎഇ ലോട്ടറിയില്‍ ഗ്രാന്‍ഡ് പ്രൈസായ 100 ദശലക്ഷം ദിര്‍ഹം ലഭിച്ചിരുന്നത് ഇന്ത്യക്കാരനായ പ്രവാസിക്കായിരുന്നു. തെലങ്കാന സ്വദേശിയായ അനില്‍കുമാര്‍ ബൊല്ലയ്ക്കാണ് ഏകദേശം 240 കോടി രൂപ സമ്മാനമായി ലഭിച്ചത്. യുഎഇ ലോട്ടറിയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. 2025 ഒക്ടോബറിലാണ് അദ്ദേഹത്തിന് 100 ദശലക്ഷം ദിര്‍ഹം ലഭിച്ചത്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറിമറിഞ്ഞു എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
സമ്മാനം ലഭിച്ച ശേഷം തുകയെല്ലാം തന്റെ കുടുംബത്തിന് വേണ്ടിയാണ് അനില്‍കുമാര്‍ ചെലവഴിച്ചത്. 29 കാരനായ അനില്‍കുമാര്‍ സമ്മാനത്തുകയില്‍ നിന്ന് ആദ്യം ചെലവാക്കിയത് തന്റെ അമ്മയ്ക്ക് സ്വര്‍ണാഭരണം വാങ്ങിക്കാനായിരുന്നു. 'കുറച്ച് ആഭരണങ്ങള്‍ സ്വന്തമാക്കുക എന്നത് അമ്മയുടെ സ്വപ്നമായിരുന്നു. അതിനാല്‍ ഞാന്‍ അവയെല്ലാം വാങ്ങി അമ്മയ്ക്ക് സമ്മാനിച്ചു,' എന്ന് അനില്‍കുമാര്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ഈ സമ്മാനം കണ്ടപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. തെലങ്കാനയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ് അനില്‍കുമാര്‍ ബൊല്ല. ലോട്ടറിയില്‍ വലിയ തുക നേടിയ ശേഷം, അദ്ദേഹം ഇന്ത്യയിലും യുഎഇയിലും സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ട്. എങ്കിലും, 240 കോടി രൂപ ലഭിക്കുന്നതിന് മുന്‍പ് താമസിച്ചിരുന്ന അതേ വീട്ടില്‍ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കഴിയുന്നത്.
തന്റെ പിതാവിന്റെ സ്വപ്നഭവനമായാണ് ബൊല്ല ഈ വീടിനെ വിശേഷിപ്പിക്കുന്നത്. അതേസമയം, തന്റെ പിതാവിന് ജൈവകൃഷിയിലുള്ള താല്‍പ്പര്യം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്നതിനായി അദ്ദേഹം ഒരു കൃഷിഭൂമി സമ്മാനമായി നല്‍കി. 'എന്റെ സന്തോഷം എപ്പോഴും എന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. 'കുടുംബത്തിനു വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്.
എനിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളേക്കാള്‍, അവര്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം നല്‍കുന്നത്,' അദ്ദേഹം പറഞ്ഞു. തനിക്കും സഹോദരനുമായി കാറുകളും താനൊരു ഐഫോണ്‍ 17 എയറും വാങ്ങിയതും സമ്മാനത്തുക കൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന നിലവാരമുള്ള നാലോ അഞ്ചോ വാച്ചുകളും വാങ്ങി.
ലോട്ടറി നേട്ടത്തിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു എന്നതാണ് എന്നും അനില്‍കുമാര്‍ പറയുന്നു. കഴിഞ്ഞ 12 മാസങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യവും ഒപ്പം ചില ഭൗതിക സൗകര്യങ്ങളും നല്‍കി എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍, തുടക്കത്തില്‍ യാത്രകളോട് ഉണ്ടായിരുന്ന അതേ ആവേശം ഇപ്പോള്‍ ബൊല്ലയ്ക്ക് തോന്നുന്നില്ല.
കഴിഞ്ഞ 12 മാസത്തിനുള്ളില്‍, അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ബാലി, തായ്ലന്‍ഡ്, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍ എന്തുകൊണ്ടോ ആ ആവേശം ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു എന്നും അദ്ദേഹം സമ്മതിച്ചു. തന്റെ പല ആഗ്രഹങ്ങളും സാധിച്ചുകഴിഞ്ഞ സാഹചര്യത്തില്‍, ബിസിനസ് ആശയങ്ങളെക്കുറിച്ചും ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും ബൊല്ല ഇപ്പോള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.
നിക്ഷേപങ്ങളുടെ ഭാഗമായി അബുദാബി വിമാനത്താവളത്തിനടുത്തും ദുബായ് മറീനയിലും അദ്ദേഹം വസ്തുവകകള്‍ വാങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications
