യുഎഇ ഭാഗ്യം നല്‍കിയ യുവാവ് ഖമ്മം സ്വദേശി; 240 കോടി ലോട്ടറി അടിച്ച ഭാഗ്യവാന്റെ കുടുംബം ഇതാണ്
യുഎഇയിലെ ഏറ്റവും വലിയ ലോട്ടറി അടിച്ച ഭാഗ്യവാന്റെ പേര് നേരത്തെ പുറത്തുവന്നിരുന്നു എങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലുള്ള ബൊല്ല അനില്‍ കുമാര്‍ ആണ് ആ ഭാഗ്യവാന്‍ എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെങ്കട്ടപുരം മണ്ഡലത്തിലെ ഭീമാവരം സ്വദേശിയാണ് അനില്‍.
മാധവ റാവു-ഭൂലക്ഷ്മി ദമ്പതികളുടെ മകനാണ്. ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പിന്നീട് ഹൈദരാബാദില്‍ ഉന്നത പഠനം നടത്തിയ ശേഷമാണ് യുഎഇയിലേക്ക് ജോലിക്ക് പോയത്. യുഎഇയില്‍ സോഫ്റ്റ് വെയര്‍ രംഗത്ത് ജോലി ചെയ്യവെയാണ് ലോട്ടറി അടിച്ചത്. കുറച്ചുകാലമായി യുഎഇയില്‍ താമസിക്കുന്ന അനില്‍ ചില സമയങ്ങളില്‍ മാത്രമാണ് ലോട്ടറി എടുത്തിരുന്നത്.

ഏറ്റവും ഒടുവില്‍ 10 ടിക്കറ്റുകളാണ് വാങ്ങിയത്. ഇതില്‍ അമ്മ ഭൂലക്ഷ്മിയുടെ ജന്മദിനത്തിന്റെ തിയ്യതിയിലുള്ള ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്. 240 കോടി രൂപയാണ് ലോട്ടറി തുക. വിവരം അറിഞ്ഞതോടെ കുടുംബത്തിലും നാട്ടിലും വലിയ ആഘോഷമായിരുന്നു. കുടുംബത്തിനും ബന്ധുക്കള്‍ക്കും വേണ്ടി പണം വിനിയോഗിക്കുമെന്നാണ് അനില്‍ പറഞ്ഞതത്രെ.
എന്നാല്‍ യുഎഇയില്‍ ലോട്ടറി അടിച്ച പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് തടസങ്ങളുണ്ട്. യുഎഇയില്‍ നികുതി ഇല്ലാത്തതിനാല്‍ മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ടിലെത്തും. വിദേശത്ത് ലോട്ടറി അടിച്ച പണം ഇന്ത്യയിലേക്ക് കൊണ്ടുവരരുത് എന്നാണ് ആര്‍ബിഐയുടെ ചട്ടം. ഫെമ നിയമവും ഇത്തരം പണം കൊണ്ടുവരുന്നതിന് തടസമാണ്.
അനില്‍ കുമാര്‍ പണം എന്തു ചെയ്യും?
ഇന്ത്യയില്‍ ലോട്ടറി സമ്മാനത്തുകയ്ക്ക് നികുതിയുണ്ട്. ഫ്‌ളാറ്റ് നികുതി, സര്‍ച്ചാര്‍ജ്, ആരോഗ്യ-വിദ്യാഭ്യാസ സെസ് എന്നിവയായി പകുതിയോളം തുക ഇന്ത്യയില്‍ നികുതിയായി കൊടുക്കണം. ഇന്ത്യയിലെ താമസക്കാരനാണ് ഈ നികുതി ബാധകമാകുക. അതേസമയം, പ്രവാസി കാറ്റഗറിയിലുള്ള വ്യക്തിക്ക് ഇന്ത്യയിലെ നികുതി നിയമം ബാധകമാകില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്ര ദിവസം ഇന്ത്യയില്‍ താമസിച്ചു എന്ന കണക്ക് നോക്കിയാണ് പ്രവാസി-ഇന്ത്യയിലെ താമസക്കാരന്‍ എന്നിവയില്‍ ഏതാണ് എന്ന് തീരുമാനിക്കുക. ഇന്ത്യയിലെ താമസക്കാരനായ വ്യക്തി ആണെങ്കില്‍ ലോകത്ത് എവിടെയുള്ള വരുമാനത്തിനും ഇന്ത്യയില്‍ നികുതി കൊടുക്കണം. വരുമാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ലെങ്കിലും നികുതി കൊടുക്കേണ്ടതുണ്ട്.
എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അനിലിന് ഇന്ത്യയില്‍ നികുതി കൊടുക്കേണ്ടതില്ല. യുഎഇയിലും നികുതിയില്ല. അതായത്, മുഴുവന്‍ തുകയും അനിലിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ പണം വിദേശത്ത് നിക്ഷേപിക്കുകയും വരുമാനം നികുതി വിധേയമായി നാട്ടിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications