യുഎഇ ബാങ്ക് അക്കൗണ്ടില്‍ മിനിമം 5000 ദിര്‍ഹം ബാലന്‍സ്; തീരുമാനം മാറ്റാന്‍ കാരണം ഇതാണ്
ദുബായ്: യുഎഇയില്‍ മിനിമം ബാങ്ക് ബാലന്‍സ് പരിധി ഉയര്‍ത്തിയ നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. യുഎഇ സെന്‍ട്രല്‍ ബാങ്ക് ആണ് ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. പുതിയ നയം നടപ്പാക്കിയാല്‍ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമാകും തുടര്‍നടപടി.
നിലവില്‍ മിനിമം ബാങ്ക് ബാലന്‍സ് ഉയര്‍ത്തിയ നടപടി ബാങ്കുകള്‍ മരവിപ്പിച്ചത് താല്‍ക്കാലികമായിട്ടാണ്. ഭാവിയില്‍ ഇത് വീണ്ടും നടപ്പാക്കാനുള്ള സാധ്യത തള്ളാനാകില്ല. യുഎഇ കേന്ദ്ര ബാങ്ക് പുതിയ നയം സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ഇറക്കിയ സര്‍ക്കുലര്‍ യുഎഇ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പുനഃപ്പരിശോധന നടത്തിയതത്രെ.

മിനിമം ബാലന്‍സ് 3000 ദിര്‍ഹമില്‍ നിന്ന് 5000 ദിര്‍ഹമാക്കി ഉയര്‍ത്താനാണ് യുഎഇയിലെ പ്രധാന ബാങ്കുകള്‍ തീരുമാനിച്ചിരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കാനും ധാരണയായിരുന്നു. ഒരു ബാങ്ക് ഈ നയം നടപ്പാക്കുകയും ചെയ്തു. മിനിമം ബാലന്‍സ് ഇല്ലാത്ത ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് പ്രതിമാസം 105 ദിര്‍ഹം ഈടാക്കിയിരുന്നു എന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി. തുടര്‍ന്നാണ് യുഎഇ കേന്ദ്ര ബാങ്ക് വിഷയത്തില്‍ ഇടപെട്ടത്. ഉപഭോക്താക്കളെ എങ്ങനെയാണ് പുതിയ നയം ബാധിക്കുക എന്ന് വിശദമായി പഠിച്ച ശേഷം നടപ്പാക്കിയാല്‍ മതി എന്ന് കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ മിനിമം ബാലന്‍സ് ഉയര്‍ത്തലില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദേശം നല്‍കി.
ആര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക
പുതിയ നയം ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാകുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് ഇടത്തരം വരുമാനക്കാര്‍ക്ക്. ചെറുകിട ബിസിനസുകാരെയും പുതിയ നയം ദോഷകരമായി ബാധിക്കുമായിരുന്നു. 5000 ദിര്‍ഹം മിനിമം ബാലന്‍സ് ബാങ്ക് അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഓരോ മാസവും 25 ദിര്‍ഹം വീതം ഈടാക്കുമെന്നായിരുന്നു പുതിയ നയം. ഇക്കാര്യത്തില്‍ ചില ഇളവുകളും അനുവദിച്ചിരുന്നു.
പ്രതിമാസ ശമ്പളം കുറഞ്ഞത് 15000 ദിര്‍ഹം ഉള്ളവര്‍, മൊത്തം ബാലന്‍സ് 20000 ദിര്‍ഹമുള്ള അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ഓവര്‍ ഡ്രാഫ്റ്റ്, വായ്പ എന്നിവ ഉള്ളവര്‍... ഈ ഗണത്തില്‍ പെടുന്ന ഉപഭോക്താക്കള്‍ മാത്രമാണ് ഇളവ് അനുവദിച്ചിരുന്നത്.
5000 ദിര്‍ഹമില്‍ താഴെ ശമ്പളമുള്ളവര്‍ ശരിക്കും പെട്ടുപോകുമായിരുന്ന തീരുമാനമായിരുന്നു വന്നിരുന്നത്. തല്‍ക്കാലത്തേക്ക് നയം നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ടെങ്കിലും പഠന ശേഷം യുഎഇ കേന്ദ്ര ബാങ്ക് എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. ഏതുതരം അക്കൗണ്ടാണ് എന്ന് പരിശോധിച്ച് പിഴ സംഖ്യ 100 ദിര്‍ഹം വരെ ഉയര്‍ത്തണം എന്ന് ചില ബാങ്കുകള്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications