ഇറാന്‍ ആക്രമിച്ചേക്കും; യുഎഇ മറ്റൊരു വഴി ആലോചിക്കുന്നു, ഒരു എഐ കേന്ദ്രത്തിന് പകരം ഒന്നിലധികം
അബുദാബിയില്‍ ലോകത്തെ ഏറ്റവും വലിയ എഐ ക്യാമ്പസ് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. അമേരിക്കയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. ലോക എഐ ഹബ്ബായി മാറുകയാണ് യുഎഇയുടെ ലക്ഷ്യം. എന്നാല്‍ പശ്ചിമേഷ്യ നേരിടുന്ന പുതിയ സാഹചര്യം യുഎഇക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ഇറാന്‍ ആക്രമിക്കുമോ എന്നാണ് ഭയം.
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമെ അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള കേന്ദ്രങ്ങളും ഇറാന്‍ അടുത്തിടെ ആക്രമിച്ചിരുന്നു. യുഎഇയിലെയും ബഹ്‌റൈനിലെയും എഐ-ഡാറ്റ സെന്ററുകള്‍ ആക്രമിക്കപ്പെട്ടത് ലോകം മൊത്തം ആശങ്ക സഷ്ടിക്കുന്നതാണ്. സമാധാന അന്തരീക്ഷമുള്ള രാജ്യം എന്ന നിലയിലാണ് ടെക് ഭീമന്മാര്‍ എഐ കേന്ദ്രം സ്ഥാപിക്കാന്‍ യുഎഇ തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറുകയാണ്.

5-ഗിഗാവാട്ട് എഐ ഡാറ്റ സെന്ററാണ് അബുദാബിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതില്‍ ചില മാറ്റങ്ങള്‍ക്ക് യുഎഇ ആലോചിക്കുന്നു എന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. യുഎഇയുടെ 3200 കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐ സെന്റര്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചത്.
ഗള്‍ഫിലെ യുഎസ് കമ്പനികള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തിയതോടെ എല്ലാം പാളി. ഈ സാഹചര്യത്തില്‍ ഒരു വലിയ എഐ സെന്റര്‍ സ്ഥാപിക്കുന്നതിന് പകരം ചെറിയ ഒന്നിലധികം എഐ സെന്ററുകള്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നു എന്നാണ് പുതിയ വിവരം. ഒരു കേന്ദ്രത്തില്‍ മാത്രമാക്കി എല്ലാ പ്രവര്‍ത്തനവും ഒതുക്കിയാല്‍ ആക്രമണം നേരിടുമ്പോള്‍ എല്ലാം തകിടം മറിയും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നിലധികം കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നത്.
അമേരിക്കന്‍ ഉദ്യോഗസ്ഥന്‍, പാശ്ചാത്യ നയതന്ത്ര പ്രതിനിധി, വ്യവസായ പ്രമുഖന്‍ എന്നിവരെ ഉദ്ധരിച്ചാണ് ഈ വിവരങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ പ്ലാനില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് യുഎഇയിലെ എഐ സ്ഥാപനമായ ജി42 സൂചന നല്‍കി. നിര്‍ദിഷ്ട പ്രൊജക്ട് നിരന്തരം അവലോകനം ചെയ്യുകയും ആവശ്യമായ സുരക്ഷാ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്ന് ജി42 പറയുന്നു.
അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ വെബ് സര്‍വീസസിന്റെ യുഎഇയിലെയും ബഹ്‌റൈനിലെയും കേന്ദ്രത്തില്‍ നേരത്തെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പിന്നീട് പലതവണ ആക്രമണ ശ്രമങ്ങളുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് എഐ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നത്. അമേരിക്കക്ക് പുറത്ത് സ്ഥാപിക്കാന്‍ പോകുന്ന ഏറ്റവും വലിയ എഐ ഡാറ്റ ക്യാമ്പസ് ആണ് യുഎഇയില്‍ വരാന്‍ പോകുന്നത്. നിരവധി പേര്‍ക്ക് ജോലി സാധ്യതയുള്ളതാണ് ഈ പദ്ധതി.





Click it and Unblock the Notifications
